General (Page 1,384)

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രിയ്ക്ക് കൈമാറി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ ചേർന്നാണ് മാർഗരേഖ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ ക്രമീകരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നാണ് തീരുമാനം.

എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തിരിക്കണം. സ്‌കൂൾതല ഹെൽപ്പ്ലൈൻ ഏർപ്പെടുത്തും. അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് ഇറക്കും. സ്‌കൂൾ തലത്തിൽ സ്റ്റാഫ് കൗൺസിൽ യോഗം, പി.റ്റി.എ. യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ, പഞ്ചായത്ത് തലങ്ങളിൽ മുന്നൊരുക്ക യോഗങ്ങൾ എന്നിവ ചേരും. ജില്ലാതലത്തിൽ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തും.

ക്ലാസുകൾക്ക് നൽകുന്ന ഇന്റർവെൽ സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം, എന്നിവയിൽ വ്യത്യാസം വരുത്തി കൂട്ടം ചേരൽ ഒഴിവാക്കും. പ്രവൃത്തിദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ ഹാജരാകണം. സ്‌കൂളിൽ നേരിട്ട് എത്താൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരും. സ്‌കൂളുകളിൽ രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും ചെയ്യും.

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസന്റെ കൈയ്യിലുണ്ടായിരുന്നു ചെമ്പോല സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി തൃശൂർ സ്വദേശിയായ പുരാവസ്തു കച്ചവടക്കാരൻ. മോൻസന്റെ കൈയിലുണ്ടായിരുന്ന ശബരിമല ചെമ്പോല താനാണ് മോൻസന് കൈമാറിയതെന്ന് സൂചിപ്പിച്ച് പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണൻ രംഗത്തെത്തി. മോൻസന്റെ സുഹൃത്തായ സന്തോഷിന് താനാണ് ചെമ്പോല കൈമാറിയതെന്നും പരിശോധനയിൽ 300 വർഷം പഴക്കമുണ്ടെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്.

തൃശൂരിലെ ഫിലാറ്റലിക് ക്ലബിലെ ഒരാളിൽ നിന്നും പണംകൊടുത്താണ് താൻ ചെമ്പോല വാങ്ങിയതെന്നും പിന്നീട് പണം വാങ്ങി ചെമ്പോല സന്തോഷിന് വിറ്റുവെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ഫിലാറ്റലിക് ക്‌ളബിലെ ഒരംഗം ചെമ്പോല പരിശോധിച്ച് പഴക്കം ഉറപ്പുവരുത്തിയെന്നും ഇദ്ദേഹം പുരാവസ്തു വിദഗ്ദ്ധനാണെന്നും ഗോപാലകൃഷ്ണൻ പറയുന്നു. ശബരിമലയിൽ വെടിവഴിപാടോ നാളികേര വഴിപാടോ ഒരു പ്രത്യേക വ്യക്തിയെ ഏൽപ്പിച്ചു എന്നതാണ് ചെമ്പോലയിലെ ഉളളടക്കമെന്നും ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി.

അതേസമയം മോൻസനെ നേരിട്ട് പരിചയമില്ലെന്നും രണ്ട് കൊല്ലം മുൻപ് സന്തോഷിനാണ് ചെമ്പോല നൽകിയതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സിനിമയിലെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് സന്തോഷ് തന്റെ കൈയിൽ നിന്നും ചെമ്പോല വാങ്ങിയത്. മോൻസൺ ഒരിക്കൽ നേരിൽ വിളിച്ചിട്ടുണ്ട്. മോൻസണെ നേരിൽ പരിചയപ്പെടാത്തത് നന്നായെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: യൂണിസെഫിന്റെ ‘ദി സ്റ്റേറ്റ് ഓഫ് ദി വേൾഡ് ചിൽഡ്രൻസ് 2021 റിപ്പോർട്ട്’ പ്രകാശനം ചെയ്ത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ. കുട്ടികളുടെ മാനസികാരോഗ്യത്തിൽ കോവിഡ് വൈറസ് മഹാമാരി ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. മാനസികാരോഗ്യം പ്രധാനപ്പെട്ട ഒന്നാണെന്നും നമ്മുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ സമഗ്ര ആരോഗ്യത്തിനും സമ്പൂർണ്ണ ക്ഷേമത്തിനുമാണ് ഊന്നൽ നൽകുമ്പോൾ, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മാണ്ഡവ്യ വ്യക്തമാക്കി.

ഗ്രാമീണ-കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ള സ്വന്തം കൂട്ടുകുടുംബത്തിനുള്ളിൽ ഉണ്ടായ ഒരു ഉദാഹരണം തൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാതാപിതാക്കൾ ശ്രദ്ധിക്കാത്ത ചില സാഹചര്യങ്ങളിൽ, കുട്ടികൾക്കും കൗമാരക്കാർക്കും വൈകാരികമായ വിഷമഘട്ടങ്ങളിൽ തുറന്ന് സംസാരിക്കാനും മാർഗനിർദേശം തേടാനും നിരവധി പേർ കൂട്ടുകുടുംബങ്ങളിൽ ഉള്ളത് അവസരം ആണ്. അണുകുടുംബങ്ങളുടെ സംസ്‌കാരം കുട്ടികളിൽ അന്യഥാത്വം വർദ്ധിക്കുന്നതിനും അതിലൂടെ മാനസിക വിഷമത്തിന് കാരണമാകുന്നു. കോവിഡ് സമൂഹത്തിലുടനീളം മാനസിക സമ്മർദ്ദത്തിന്റെ പരീക്ഷണമാണ് നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഫാർമസ്യൂട്ടിക്കൽസ് മന്ത്രിയായിരുന്ന തന്റെ വ്യക്തിപരമായ അനുഭവങ്ങളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. മരുന്നുകളുടെ ഉൽപാദനം വർദ്ധിപ്പിക്കുകയും പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും വേണം. അക്കാലത്ത് അനുദിനം വർദ്ധിച്ചു കൊണ്ടിരുന്ന പ്രതിസന്ധിക്ക് ഇടയിൽ അത്തരം ജോലി വളരെ സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. യോഗയും വ്യായാമങ്ങളും, സൈക്ലിംങ്ങും സമ്മർദ്ദത്തെ മറികടക്കാൻ തന്നെ സഹായിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.

ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. മാതാപിതാക്കൾക്കും കുടുംബത്തിനും ഒപ്പം മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അധ്യാപകർ വളരെ പ്രധാനപ്പെട്ട പങ്കാളികളാണ്. കുടുംബവും അധ്യാപകരും പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും കുട്ടികളുമായി തുറന്ന കൂടിയാലോചന നടത്തണം. പരീക്ഷ എഴുതുന്ന കൗമാരക്കാരുമായുള്ള പ്രധാനമന്ത്രിയുടെ ‘പരീക്ഷ പേ ചർച്ച’ വിദ്യാർത്ഥികളെ അവരുടെ പരീക്ഷപ്പേടി യിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കും. പരീക്ഷകളും മറ്റ് പ്രശ്‌നങ്ങളും കാരണം സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളിൽ ഇത്തരം ചെറിയ ശ്രമങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ സാമൂഹിക ധാരണകളെ കുറിച്ചും അദ്ദേഹം വിശദമാക്കി. നിരവധി പ്രശസ്ത സ്‌കൂളുകളിൽ മുഴുവൻ സമയ വിദ്യാർത്ഥി-കൗൺസിലർമാരുടെ അഭാവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുണിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിൻ അലി ഹക്ക് റിപ്പോർട്ടിലെ ചില പ്രധാന കണ്ടെത്തലുകൾ അവതരിപ്പിച്ചു. ഇന്ത്യയിലെ 15 മുതൽ 24 വയസ്സുവരെയുള്ളവരിൽ 14 ശതമാനം പേർ അല്ലെങ്കിൽ 7 ൽ ഒരാൾ പലപ്പോഴും വിഷാദരോഗം അനുഭവിക്കുകയോ അല്ലെങ്കിൽ കാര്യങ്ങൾ ചെയ്യുന്നതിൽ താൽപ്പര്യം കുറയുകയോ ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ന്യൂഡൽഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശങ്ങളെ തള്ളി പാർട്ടി ദേശീയ നേതൃത്വം. ഡി രാജയ്ക്കെതിരായുള്ള കാനത്തിന്റെ പരസ്യ പരാമർശത്തെ അപലപിച്ച് സിപിഐ ദേശീയ നിർവാഹക സമിതി രംഗത്തെത്തി. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് അംഗീകരിക്കില്ലെന്നും പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. നിർവാഹക സമിതി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആനി രാജയ്ക്ക് ഡി രാജ പിന്തുണ അറിയിക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പോലീസിന്റെ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഏത് വിഷയങ്ങളിലും അഭിപ്രായം പറയാൻ സിപിഐ ദേശീയ നേതാക്കൾക്ക് സ്വാന്ത്ര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആരും പാർട്ടിക്ക് മുകളിലല്ല. പാർട്ടിയാണ് വലുതെന്നും പാർട്ടിയുടെ അച്ചടക്കത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും രാജ വിശദമാക്കി.

ദേശീയ എക്സിക്യൂട്ടിവ് അംഗമായ ആനി രാജ നേരത്തെ സംസ്ഥാന പോലീസിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് തർക്കങ്ങൾ ഉണ്ടായത്. ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കേണ്ടത് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്റെ നിലപാട്. എന്നാൽ ഡി രാജ കാനത്തിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഡി രാജയ്‌ക്കെതിരെ കാനം വിമർശനം ഉന്നയിച്ചത്.

ന്യൂഡൽഹി: നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനുള്ള സിദ്ദുവിന്റെ തന്ത്രങ്ങൾക്ക് തിരിച്ചടി. പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള നവ്ജ്യോത് സിങ് സിദ്ദുവിന്റെ രാജി കോൺഗ്രസ് നേതൃത്വം അംഗീകരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്ന നിലപാടെന്നാണ് വിവരം. രൺവീത് സിങ് ബിട്ടുവിനെ പിസിസി അദ്ധ്യക്ഷനായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സെപ്തംബർ മാസം 28 നാണ് സിദ്ദു പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. സിദ്ദുവിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് പാർട്ടി പുതിയ നീക്കങ്ങൾ നടത്താൻ പദ്ധതിയിടുന്നത്. മനീഷ് തിവാരി, പ്രതാപ് സിങ് ബജ്വ എന്നിവരുടെ പേരുകളും പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി ചരൺസിംഗ് ചന്നി കഴിഞ്ഞ ദിവസം സിദ്ദുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡി.ജി.പി, അഡ്വക്കേറ്റ് ജനറൽ എന്നിവരെ മാറ്റണം എന്ന സിദ്ദുവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്ന് അദ്ദേഹം സിദ്ദുവിന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. പിന്നീട് സിദ്ദുവിന്റെ ആവശ്യം ചന്നി ഹൈക്കമാൻഡിനെ അറിയിച്ചു. എന്നാൽ സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്നുള്ള നിലപാടിലാണ് ഹൈക്കമാൻഡ്. അതുകൊണ്ട് സിദ്ദുവിന്റെ രാജി അംഗീകരിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളതെന്നാണ് പാർട്ടി ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന.

തൃശൂർ: കോട്ടും തൊപ്പിയുമില്ലാതെ കേരളീയ വേഷത്തിൽ മെഡിക്കൽ ബിരുദദാരികളുടെ ബിരുദദാന ചടങ്ങ്. കേരള ആരോഗ്യ സർവകലാശാലയുടെ പതിനാലാമത് ബിരുദദാന ചടങ്ങിലാണ് കേരളീയ വേഷം അണിഞ്ഞ് വിദ്യാർത്ഥികൾ എത്തിയത്. ബിരുദദാനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുണ്ടും ജുബ്ബയുമാണ് ധരിച്ചത്. സർവകലാശാല അധികൃതരും കേരളീയ വേഷം തന്നെയായിരുന്നു ധരിച്ചത്.

ബിരുദം നേടി പുറത്തിറങ്ങുന്ന ആൺകുട്ടികൾ വെള്ള അല്ലെങ്കിൽ ഇളം മഞ്ഞ മുണ്ടും ജുബയും കസവുവേഷ്ടിയുമാണ് ധരിച്ചത്. പെൺകുട്ടികൾ സെറ്റ് സാരിയും ജാക്കറ്റുമാണ് ധരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ റാങ്ക് ജേതാക്കൾ മാത്രമാണ് നേരിട്ടെത്തി ബിരുദം ഏറ്റുവാങ്ങിയത്. 14,229 വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി ആരോഗ്യ സേവനത്തിനായി കർമരംഗത്തേക്കിറങ്ങിയത്.

ബിരുദദാന ചടങ്ങുകൾക്ക് കേരളീയ വേഷം ധരിക്കുമ്പോൾ കേരളത്തിലെ കൈത്തറി വ്യവസായത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.

yesudaasan

കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ആഴ്ചകൾക്ക് മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപ് കൊവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അന്ത്യം. സംഭവിച്ചത്.

1938 ജൂൺ 12ന് മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ കുന്നേൽ ചക്കാലേത്ത് ജോൺ മത്തായിയുടെയും മറിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. അരനൂറ്റാണ്ടോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച യേശുദാസന്‍ കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്നു. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു.

വനിതയിലെ ‘മിസ്സിസ് നായർ’മലയാളി വായനക്കാർക്ക് സമ്മാനിച്ചതും യേശുദാസനാണ്. പ്രഥമദൃഷ്ടി, അണിയറ, പോസ്റ്റ്മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ഴ തുടങ്ങിയവയായിരുന്നു അദേഹത്തിന്റെ പ്രധാന കൃതികൾ. 1992-ൽ എ ടി അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ എന്ന ചിത്രത്തിന് തിരക്കഥ എഴുതി.

high court

കൊച്ചി: ഓർത്തഡോക്‌സ് – യാക്കോബായ സഭാതർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. ആരാധനാലയങ്ങൾ യുദ്ധക്കളമല്ലെന്നും ദൈവത്തിന്റെ ആലയമാണെന്നും ഇരുപക്ഷവും ഓർക്കണമെന്ന് കോടതി വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കിയാൽ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സമാധാനം നിലനിർത്തുകയെന്നതിനാകണം പ്രഥമ പരിഗണനയെന്നും കോടതി പറഞ്ഞു.

1934 ലെ ഭരണഘടന പ്രകാരം തന്നെ പള്ളികൾ ഭരിക്കപ്പെടണം. 2017 ലെ സുപ്രീം കോടതി വിധിയോടെ സഭയിൽ രണ്ട് പക്ഷങ്ങൾ ഇല്ലാതായി. ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തിൽ പങ്കാളിയാകാമെന്നും കോടതി വിശദമാക്കി. പോലീസിനെ ഉപയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് അവസാന മാർഗം മാത്രമായിരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. അതേസമയം നിർദേശങ്ങൾ ചർച്ച ചെയ്ത് മറുപടി നൽകാൻ സമയം വേണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെടുന്നത്.

ന്യൂഡൽഹി: നാലു വർഷങ്ങൾക്ക് ശേഷം ആദ്യമായി എയർ ഇന്ത്യ ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭിച്ചു. 2017 നു ശേഷം ഇത് ആദ്യമായാണ് എയർ ഇന്ത്യ ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി തന്നെ ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം എയർ ഇന്ത്യ ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. വർഷങ്ങളായി മാസത്തിന്റെ 7-10 തീയതികളിലാണ് എയർ ഇന്ത്യ ജീവനക്കാർക്കുള്ള ശമ്പളം ലഭിച്ചിരുന്നത്. എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജീവനക്കാർക്ക് ശമ്പളം കൃത്യം ഒന്നാം തീയതി തന്നെ ലഭിച്ചത്.

‘ഒന്നാം തീയതി തന്നെ ഞങ്ങൾക്ക് ശമ്പളം ലഭിച്ചു. 2017 ൽ എയർ ഇന്ത്യയിൽ ജോയിൻ ചെയ്തതിനു ശേഷം ഇതുവരെ ഞാനിത് കണ്ടിട്ടില്ലെന്ന്’ ഒരു എയർ ഇന്ത്യജീവനക്കാരൻ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനെ ടാറ്റ എഫക്ട് എന്ന് വിളിച്ചോളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എയർ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം സെപ്തംബർ ആദ്യവാരമാണ് ടാറ്റാ ഗ്രൂപ്പ് സമർപ്പിച്ചത്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ എയർ ഇന്ത്യ വിൽക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയം. സ്പൈസ് ജെറ്റും എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്.

1932 ൽ ടാറ്റാ ഗ്രൂപ്പാണ് എയർ ഇന്ത്യ സ്ഥാപിച്ചത്. 1953 ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയർ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുത്തു. 2018 ൽ എയർ ഇന്ത്യ ആദ്യമായി വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോഴും ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. 76 ശതമാനം ഓഹരികൾ വിൽക്കാനാണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികൾ വാങ്ങാതെ വിസ്താര എയർ ഇന്ത്യ ലയനം സാധ്യമാക്കാത്തതിനലാണ് അന്ന് ടാറ്റാ ഗ്രൂപ്പ് തീരുമാനത്തിൽ നിന്നും പിന്മാറിയത്.

തൃശൂർ: പാല ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം തീവ്രവാദ കെണികൾക്കെതിരെ ജാഗ്രത പുലർത്താനുള്ള ശ്രമമെന്ന് തൃശൂർ അതിരൂപത മുഖപത്രം. വിവേക പൂർവ്വമായ അന്വേഷണത്തിന് പകരം പാലാ ബിഷപ്പിന്റെ വാക്കുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും തൃശൂർ അതിരൂപത മുഖപത്രം വ്യക്തമാക്കുന്നു. മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച കത്തോലിക്കാ സഭ പ്രസിദ്ധീകരിച്ച ‘വിവാദമോ വിവേകമോ’ എന്ന ലേഖനത്തിൽ പറയുന്നു.

ഇടതുപക്ഷ സർക്കാരിനെതിരെയും ലേഖനം വിമർശനം ഉന്നയിക്കുന്നുണ്ട്. ബിഷപ്പിന്റെ പരാമർശത്തിനെതിരെ പല സംഘടനകളും ഒറ്റക്കെട്ടായി രംഗത്തുവന്നത് തീവ്രവാദികൾക്കെതിരെ ഉയർന്ന പൊതുജനശ്രദ്ധ തിരിച്ചുവിടുന്നതിനാണെന്ന സംശയം ബലപ്പെടുന്നുവെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിഷപ്പിന്റെ പരാമർശം മതസ്പർധ ഉണ്ടാക്കാനായിരുന്നില്ല. എന്നിട്ടും അതിനെ അത്തരത്തിൽ വിമർശിച്ചു. അതേ സമയം മയക്കമരുന്നുകൾ വ്യാപാരം ചെയ്യുന്നതിനെയോ അതുപയോഗിച്ച് മതതീവ്രവാദികൾ നടപ്പാക്കുന്ന ഹിഡൻ അജണ്ടകളെയോ ആരും തള്ളപ്പറയുന്നില്ല. ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചില കേന്ദ്രങ്ങൾ പടനയിക്കുന്നത് നാർക്കോട്ടിക് ജിഹാദിനെ പരോക്ഷമായി ശരിവെക്കുന്നതും പിന്തുണക്കുന്നതുമാണെന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു.