തിരുവനന്തപുരം: മുൻ ഡി ജി പി ലോക്നാഥ് ബഹ്റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിനെ ബഹ്‌റ സഹായിച്ചുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ നിയമസഭയിൽ ബഹ്‌റയെ സംരക്ഷിച്ചു കൊണ്ടുള്ള പരാമർശങ്ങൾ നടത്തിയത്. 2019 ൽ തന്നെ മോൻസണിനെതിരെ അന്വേഷണത്തിന് ബഹ്റ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
മോൻസണിന്റെ പൊലീസ് ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 2019 ജൂൺ 13 ന് മോൻസണിനെതിരെ ബഹ്റ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഇന്റലിജൻസിന് കത്തയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2019 ഡിസംബറിൽ വീണ്ടും റിപ്പോർട്ട് തേടി. കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിന് ഇതു സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റിന് കത്ത് നൽകിയെന്നും അദ്ദേഹം വിശദമാക്കി. എന്നാൽ 2019 ൽ തന്നെ മോൻസണിനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞ ശേഷമാണ് ബഹ്റ മോൻസണിന്റെ വീടിന് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയതെന്നുമാണ് അടിയന്തര പ്രമേയം അവതരിപ്പിച്ച പി ടി തോമസിന്റെ ആരോപണം. മോൻസൺ തട്ടിപ്പുകാരൻ ആണെന്ന് അറിയാതെയാണ് ബഹ്റ വീടിന് സുരക്ഷ നൽകിയതെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ലോക കേരള സഭയിലെ വനിതാ പ്രതിനിധി മോൻസണിന്റെ ഇടനിലക്കാരിയാണോയെന്ന് സംശയമുണ്ട്. ഈ വനിത എങ്ങനെയാണ് പൊലീസ് യോഗത്തിൽ പങ്കെടുത്തത്. പിണറായി ഭരണകാലം തട്ടിപ്പുകാരുടെ വിളയാട്ടകാലമാണെന്ന് പി ടി തോമസ് വിമർശിച്ചു.

