തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 75 ശതമാനത്തിലധികം പേരും കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചുവെന്ന് പഠനം. ആരോഗ്യവകുപ്പിന്റെ പഠനം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായാണ് വിവിധ മേഖലകളിലെ ജനങ്ങൾക്കിടയിൽ ആരോഗ്യ വകുപ്പ് പഠനം നടത്തിയത്. പ്രതിരോധത്തിന്റെ പ്രധാന ഘടകം വാക്‌സിനേഷനാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
നവംബർ ഒന്നിനു സ്‌കൂളുകൾ തുറക്കുമ്പോൾ, 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ മിക്കവർക്കും വാക്‌സിൻ നൽകാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 92.8 ശതമാനം പേർക്ക് ഒരു ഡോസും (2,47,88,585), 42.1 ശതമാനം പേർക്ക് രണ്ട് ഡോസും (1,12,55,953) നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
സ്‌കൂളുകൾ തുറക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്നാണ് സർക്കാർ വിദഗ്ധ സമിതി അംഗം ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചത്. അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷൻ വർധിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. വിദ്യാർഥികളുടെ വീടുകളിൽ വാക്‌സിനെടുക്കാൻ ബാക്കിയുള്ളവരുണ്ടെങ്കിൽ കുട്ടികളെ ഉപയോഗിച്ച് വിവരം ശേഖരിച്ച് അവർക്കു വാക്‌സിൻ നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ. കോവിഡ് കുട്ടികളിൽ ഗുരുതരമാകില്ലെങ്കിലും വീടുകളിലുള്ള പ്രായമായവരെയും മറ്റു രോഗമുള്ളവരെയും ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. വിദ്യാർഥികളുടെ വീടുകളിൽ മറ്റു രോഗങ്ങളുള്ളവർക്കു കൂടുതൽ ശ്രദ്ധ നൽകാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കാനും വിദഗ്ധ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.

