കോഴിക്കോട്: മോൻസൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ എംപി. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരന്വേഷണവും ഫലപ്രദമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രളയ ഫണ്ട് തട്ടിപ്പിലും സിബിഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടു കത്തയക്കാൻ സർക്കാരിനെ മുരളീധരൻ വെല്ലുവിളിക്കുകയും ചെയ്തു. പ്രളയദുരിതാശ്വാസ തട്ടിപ്പിനെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോൻസന് പാസ്‌പോർട്ട് ഇല്ലെന്നു കേട്ട പാതി പോലീസ് വിശ്വസിച്ചുു. ഇക്കാര്യത്തിലടക്കം കൂടുതൽ അന്വേഷണം വേണം. മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസിന്റെ അന്വേഷണത്തിൽ ശ്രീജിത്തിന്റെ മേൽനോട്ടം എന്തിനാണ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന ഒരന്വേഷണവും ഫലപ്രദമല്ല. കോൺഗ്രസ് നേതാക്കളെ ചൂണ്ടിക്കാട്ടി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിലെ കണ്ണിയാണ് മോൻസൻ. പുരാവസ്തു തട്ടിപ്പ് കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു പ്രളയകാലത്തും കൂടി എത്ര രൂപ എത്തിയെന്നോ ഇതിലെത്ര രൂപ ചെലവിട്ടെന്നോ എന്തെങ്കിലും കണക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ല. കട്ട പണം തിരിച്ചു കൊടുത്താൽ എല്ലാം ശരിയാവുമെങ്കിൽ പിന്നെന്തിനാണ് ജയിൽ. രണ്ടാം പിണറായി സർക്കാർ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും സർക്കാരാണ്. സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയൊക്കെ ഹൈടെക്ക് തട്ടിപ്പാണ്. കോൺഗ്രസിൽ നിന്നും കുറച്ച് പേർ കൂടി പോകാനുണ്ട് അതോടെ എല്ലാ ശരിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

