റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കി. ഭക്ഷ്യമേഖലകളിലും സൂപ്പർ മാർക്കറ്റുകളിലുമാണ് സൗദി സ്വദേശിവത്കരണം നടപ്പാക്കിയത്. റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പർ മാർക്കറ്റ് മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കിയത്. ഇതോടെ കഫേകൾ, സെൻട്രൽ മാർക്കറ്റുകൾ, ഫുഡ് ട്രക്കുകൾ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങൾ സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വന്നു. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനമാണ് സ്വദേശികളെ നിയമിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഫുഡ് ട്രക്കുകളിലെ ജോലികൾ പൂർണമായും സ്വദേശിവത്കരിച്ചു.
റസ്റ്റോറന്റുകൾ, മത്ബഖുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജ്യൂസ് സെന്ററുകൾ എന്നിവിടങ്ങളിൽ 20 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഈ സ്ഥാപനങ്ങൾ ഷോപ്പിങ് മാളുകളിലോ മറ്റ് വാണിജ്യ കേന്ദ്രങ്ങളുടെ അകത്തോ ആണെങ്കിൽ സ്വദേശിവത്കരണ തോത് 40 ശതമാനമായിരിക്കും. ഒരു ഷിഫ്റ്റിൽ നാലിൽ കൂടുതൽ തൊഴിലാളികളുണ്ടെങ്കിൽ നിശ്ചിത ശതമാനം സ്വദേശികളുണ്ടായിരിക്കണമെന്നും നിയമത്തിൽ നിർദ്ദേശിക്കുന്നു.
പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷ്യ വസ്തുക്കൾ, ഐസ്‌ക്രീം എന്നിവ വിൽക്കുന്ന കഫേകളിൽ 30 ശതമാനമാണ് സ്വദേശിവത്കരണം. ഇവ മാളുകളിലോ മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെ അകത്തോ ആണെങ്കിൽ 50 ശതമാനം സ്വദേശികൾ വേണം. ഇവിടെ ഒരു ഷിഫ്റ്റിൽ രണ്ട് പേരുണ്ടെങ്കിൽ തന്നെ സ്വദേശിവത്കരണം ബാധകമാവുകയും ചെയ്യും. ഒക്ടോബർ രണ്ട് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം ഈ നിയമം വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

