General (Page 1,379)

തിരുവനന്തപുരം: സംസ്ഥാനത്ത് പവർക്കട്ട് വേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കൽക്കരി ക്ഷാമം കേരളത്തെയും ബാധിച്ചു. കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ പവർ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു. ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോർഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാൽ കേരളത്തിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാൽ അടുത്ത വേനൽക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടർന്നാൽ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

പീക്ക് ടൈമിൽ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാൽ പവർകട്ട് ഏർപ്പെടുത്താണ് കെഎസ്ഇബി പദ്ധതിയിടുന്നത്. നിലവിൽ 3,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുണ്ടായത്. എത്രത്തോളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവുവെന്ന് കെ.എസ്.ഇ.ബി ചെയർമാനും അറിയിച്ചു.

ചെന്നൈ: അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തനിക്ക് അകമ്പടി വാഹനങ്ങളുടെ നീണ്ടനിര വേണ്ടെന്ന് അദ്ദേഹം പോലീസിന് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾ തടയരുതെന്നും അദ്ദേഹം നിർദേശിച്ചതായാണ് പുറത്തു വരുന്ന വിവരം.

തന്റെ വാഹനവ്യൂഹം കടന്നുപോകുന്നത് വരെ ജനങ്ങളെ തടയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്റ്റാലിൻ ഇത്തരമൊരു നിർദേശം പൊലീസിന് നൽകിയതെന്നാണ് സൂചനകൾ. നിലവിൽ 12 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകുന്നത്. ഇത് ആറായി ചുരുക്കാനാണ് സ്റ്റാലിൻ പോലീസിനോട് നിർദ്ദേശിച്ചത്. താൻ കടന്നുപോകുന്ന വഴിയിൽ ഒരു തരത്തിലും പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഇതിന് ആവശ്യമായി നിർദേശം ട്രാഫിക് പൊലീസിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്.

യാത്രയ്ക്കിടെ അദ്ദേഹം ജനങ്ങളെ കാണുകയും അവരോട് സംസാരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്യാറുണ്ട്. പൊലീസ് സ്റ്റേഷനുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ അദ്ദേഹം ഇടയ്ക്കിടെ മിന്നൽ സന്ദർശനങ്ങളും നടത്താറുണ്ട്. ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മിന്നൽ സന്ദർശനങ്ങൾ നടത്തുന്നത്.

ബെയ്ജിംഗ്: കഴിഞ്ഞ ഏതാനും ചില നാളുകളിലായി ചൈന ആക്രമിക്കുമോയെന്ന ഭയത്തിൽ കഴിയുകയായിരുന്നു തായ്‌വാൻ. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ ചില നീക്കങ്ങൾ ആക്രമണ സാധ്യത ഉയർത്തുന്നത് തന്നെയായിരുന്നു. ഇതിനിടെ ചൈനയുടെ ആക്രമണത്തെ നേരിടാൻ തന്റെ രാജ്യം സജ്ജമാണെന്ന തായ്വാൻ വിദേശമന്ത്രി ജോസഫ് വൂവിന്റെ പ്രസ്താവന പുറത്തു വരികയും ചെയ്തിരുന്നു.

ചൈനീസ് വൻകരയിൽ നിന്നു 180 കിലോമീറ്റർ മാത്രം അകലെയാണ് തായ്വാൻ. ചൈനയുടെ കണ്ണിൽ തായ്‌വാൻ വേർപിരിഞ്ഞുപോയ ഒരു ചൈനീസ് പ്രവിശ്യ മാത്രമാണ്. എന്നാൽ 1949 മുതൽ തായ്വാൻ പ്രവർത്തിച്ചുവരുന്നത് ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്. അതാണ് ചൈനയ്ക്കും തായ്‌വാനും ഇടയിൽ സംഘർഷം രൂക്ഷമാകാൻ കാരണം.

തായ്വാൻ കടലിടുക്കിൽ ചൈനീസ് പോർ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇടയ്ക്കിടെ അഭ്യാസങ്ങൾ നടത്താറുണ്ട്. യുഎസ് യുദ്ധക്കപ്പലുകളും ഇവിടെ ചുറ്റിക്കറങ്ങാറുണ്ട്. ചൈനയുടെ ദേശീയദിനമായ ഒക്ടോബർ ഒന്നു മുതൽ നാലു ദിവസങ്ങളിലായി വിവിധ തരത്തിലുളള ചൈനീസ് പോർ വിമാനങ്ങൾ (ആണവ ബോംബുകൾ വഹിക്കാൻ കഴിയുന്നവ ഉൾപ്പെടെ) ഏതാണ്ട് 150 തവണ തായ്വാന്റെ അതിർത്തിക്ക് അടുത്ത് കൂടി കടന്നു പോയിരുന്നു. തായ്വാൻ അതിന്റെ വ്യോമപ്രതിരോധ മേഖലയെന്നു വിളിക്കുന്ന ഭാഗത്തേക്കു ചൈനീസ് വിമാനങ്ങൾ അതിക്രമിച്ചു കടക്കുകയായിരുന്നു. ഇതോടെയാണ് തായ്‌വാന്റെ ആക്രമണത്തെ നേരിടാൻ തങ്ങൾ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.

ചൈനയുടെ ആക്രമണത്തെ ചെറുക്കാൻ കഴിയുന്ന വിധത്തിലുള്ള സൈനിക ശക്തിയോ ആയുധ ബലമോ ഒന്നും തന്നെ തായ്വാന് ഇല്ല. അമേരിക്ക തങ്ങളുടെ സഹായത്തിനെത്തുമെന്ന പ്രതീക്ഷ മാത്രമാണ് തായ്‌വാനുള്ളത്. അതേസമയം, തയ്വാൻ ആഗ്രഹിക്കുന്ന വിധത്തിൽ അമേരിക്കയ്ക്കു സഹായിക്കാനാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. അഫ്ഗാനിസ്താനിൽ നിന്നുളള ഏകപക്ഷീയമായ യുഎസ് സൈനിക പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിലും അതിനെ ന്യായീകരിച്ചുകൊണ്ടുള്ള യുഎസ് നേതാക്കളുടെ പ്രസ്താവനകൾ കണക്കിലെടുത്തും ഈ സംശയം ബലപ്പെട്ടിരിക്കുകയാണ്.

ന്യൂഡൽഹി: ഐടി മന്ത്രാലയത്തിന്റെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ശശി തരൂർ എം.പി തുടരും. തരൂരിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി എം.പിമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് മറികടന്ന് വീണ്ടും തരൂരിനെ പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി നിയമിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതി അധ്യക്ഷനായി ആനന്ദ് ശർമ്മയും തുടരും. കോൺഗ്രസ് എംപി അഭിഷേക് സിങ്‌വി, തൃണമൂൽ എം.പി ഡെറിക് ഒബ്രെയിൻ എന്നിവരാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതിയിലുള്ള മറ്റ് അംഗങ്ങൾ. ശാസ്ത്ര സാങ്കേതിക സമിതിയുടെ അധ്യക്ഷനായി ജയറാം രമേശിനെ നിയമിച്ചു.

അതേസമയം നിയമ മന്ത്രാലയത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി തലവനായി ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയെ നിയമിച്ചു. ഭൂപേന്ദ്ര യാദവിന് പകരമാണ് സുശീൽ കുമാർ മോദിയെ നിയമിച്ചത്.

24 സ്റ്റാൻഡിങ് കമ്മിറ്റികളാണ് ആകെയുള്ളത്. ഒരോ കമ്മിറ്റിയിലും ലോക്‌സഭയിൽ നിന്നുള്ള 20 പേരും രാജ്യസഭയിൽ നിന്നുള്ള 11 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. വിവിധ സ്റ്റാൻഡിങ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ 28 എംപിമാരാണ് പുറത്തായത്. മോശം പ്രകടനം കാരണവും ഹാജർ കുറഞ്ഞതു മൂലവുമാണ് ഇവരെ പുറത്താക്കിയത്. പുറത്താക്കിയ എംപിമാരിൽ 12 പേർ കഴിഞ്ഞ വർഷം ചേർന്ന ഒരു യോഗത്തിൽ പോലും നേരിട്ട് പങ്കെടുത്തിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളും തെരഞ്ഞെടുപ്പുകളുമാകാം യോഗത്തിൽ പങ്കെടുക്കാത്തതിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: ‘മാർക്ക് ജിഹാദ്’ പരാമർശം നടത്തിയ ഡൽഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാൾ കോളേജിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്‌ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും വി ശിവൻകുട്ടി കത്തയച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെയുള്ള വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് പ്രൊഫസർ നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു.

വിദ്യാർത്ഥികൾക്കിടയിൽ സ്പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസർ നടത്തിയിട്ടുള്ളത് . ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ മാർക്ക് ജിഹാദാണെന്നായിരുന്നു പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ ആരോപണം. സാമൂഹ്യ മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഡൽഹി സർവകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദ പരാമർശവുമായി രാകേഷ് രംഗത്തെത്തിയത്. കൂടുതൽ മലയാളി വിദ്യാർഥികൾ ഇത്തവണ ആദ്യത്തെ കട്ട്ഓഫിൽ തന്നെ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്.

കേരളത്തിൽ നിന്ന് ഡൽഹി സർവകലാശാലയിലേക്ക് കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികമാണെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉള്ളതുപോലെ മാർക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വർഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡൽഹി സർവകലാശാലയിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഓൺലൈൻ പരീക്ഷയായതിനാൽ കഴിഞ്ഞ ലോക്ഡൗൺ സമയത്ത് 100 ശതമാനം മാർക്ക് കിട്ടുന്നതിൽ അത്ഭുതമില്ല. എന്നാൽ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാർഥികൾ സംസ്ഥാന ബോർഡ് പരീക്ഷകളിൽ 100 ശതമാനം മാർക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകാൻ ഇ.ഡി നിർബന്ധിച്ചെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യം കോടതി പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കേസിൽ ഗൂഢാലോചന ഉണ്ടെന്ന സിപിഎം നിലപാട് ശരിവയ്ക്കുന്നതാണ് സന്ദീപിന്റെ വെളിപ്പെടുത്തലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്നാണ് ജയിൽ മോചിതനായ ശേഷം സന്ദീപ് നായർ വെളിപ്പെടുത്തിയത്. മുൻമന്ത്രി കെടി ജലീൽ, അന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ആവശ്യപ്പെട്ടെന്നും സന്ദീപ് നായർ പറഞ്ഞു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇഡി നൽകിയത്. തന്നിൽ നിന്ന് ചില പേപ്പറുകളിൽ ഒപ്പിട്ട് നൽകണമെന്നും ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടർന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.

കെടി ജലീലിന് കോൺസുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടിൽ പങ്കുണ്ടെന്ന് മൊഴി നൽകണമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. സ്പീക്കർക്കെതിരെയും മൊഴി നൽകണമെന്ന് ഇഡി ആവശ്യപ്പെട്ടു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്റെ കട ഉദ്ഘാടനം ചെയ്തത് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന് സ്വപ്നയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ല. സരിത് തന്റെ സുഹൃത്താണ്. സരിത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവർ വഴിയാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും ലൈഫ് മിഷന് സ്വർണക്കടത്തുമായി ബന്ധമില്ലെന്നും സന്ദീപ് പറഞ്ഞു. ചാരിറ്റി എന്ന നിലയിൽ സംസ്ഥാന സർക്കാർ കാണിച്ചുകൊടുത്ത ഭൂമിയിൽ യുഎഇ കോൺസുലേറ്റ് നിർമ്മാണം നടത്തുകയാണ് ചെയ്തത്. ഇതിന് ഒരു ബിൽഡറെ ഏർപ്പാടാക്കിയത് താനാണ്. ആ വകയിൽ തനിക്ക് കമ്മീഷൻ കിട്ടിയെന്നും ഇതിന് ടാക്‌സ് അടച്ചിട്ടുണ്ടെന്നും സന്ദീപ് വിശദീകരിക്കുന്നു.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ നൽകാനാകും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. ഐ.സി.എം.ആർ. പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സർക്കാർ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റിൽ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവർക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയിൽ അപ്പീൽ സമർപ്പിക്കാം.

ബുദ്ധിമുട്ടുകൾ ഒഴിവാക്കി താരതമ്യേന എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റർ വഴിയോ ആവശ്യമായ രേഖകൾ നൽകി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകൾ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഓൺലൈനിലൂടെ തന്നെയാണ് അപേക്ഷയിൻമേൽ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുന്നതാണ്.

ഇ-ഹെൽത്ത് കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടൽ മുഖേനയാണ് മരണ നിർണയത്തിനും സർട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടലിൽ (https://covid19.kerala.gov.in/deathinfo) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റിൽ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഇതിൽ ഉൾപ്പെടാത്തവർ ഉണ്ടെങ്കിൽ മാത്രം അപേക്ഷിച്ചാൽ മതിയാകും.

എങ്ങനെ അപേക്ഷിക്കണം?

ആദ്യമായി https://covid19.kerala.gov.in/deathinfo എന്ന ലിങ്കിൽ കയറി അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കാണുന്ന പേജിൽ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പറിനായി ക്ലിക്ക് ചെയ്യുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർ നൽകി വെരിഫൈ ക്ലിക്ക് ചെയ്യണം.

ഇനി വരുന്ന പേജിൽ കൃത്യമായ വിവരങ്ങൾ നൽകേണ്ടതാണ്. തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്ട്രേഷൻ കീ നമ്പർ ടൈപ്പ് ചെയ്ത് മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. മരണസർട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളിൽ ആദ്യം കാണുന്നതാണ് കീ നമ്പർ.

തദ്ദേശ സ്ഥാപനത്തിൽ നിന്നും ലഭിച്ച മരണ സർട്ടിഫിക്കറ്റിലെ പേര്, വയസ്, ജെൻഡർ, പിതാവിന്റേയോ മാതാവിന്റേയോ ഭർത്താവിന്റേയോ പേര്, ആശുപത്രി രേഖകളിലെ മൊബൈൽ നമ്പർ, തദ്ദേശ സ്ഥാപനത്തിലെ മരണ സർട്ടിഫിക്കറ്റിലെ അഡ്രസ്, ജില്ല, തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണ ദിവസം, മരണ സ്ഥലം, മരണം റിപ്പോർട്ട് ചെയ്ത ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നൽകണം. ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ് ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നൽകണം.
അപേക്ഷകൻ നൽകിയ വിവരങ്ങൾ വീണ്ടും ഒത്ത് നോക്കിയതിന് ശേഷം സബ്മിറ്റ് ചെയ്യണം. വിജയകരമായി അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷാ നമ്പർ അപേക്ഷകന്റെ മൊബൈൽ നമ്പറിലേക്ക് വരുന്നതാണ്.

വിജയകരമായി സമർപ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടർന്ന് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിർണയ സമിതിക്കും (സിഡിഎസി) അയക്കുന്നു.

പുതിയ ഐസിഎംആർ മാർഗനിർദ്ദേശമനുസരിച്ച് ജില്ലാ കോവിഡ് മരണ നിർണയ സമിതി (സിഡിഎസി) അംഗീകാരത്തിന് ശേഷം പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

നൽകിയ അപേക്ഷയുടെ സ്ഥിതിയറിയാൻ

അപ്പീൽ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്ത് ചെക്ക് യുവർ റിക്വസ്റ്റ് സ്റ്റാറ്റസിൽ കയറിയാൽ നൽകിയ അപേക്ഷയുടെ സ്ഥിതിയറിയാവുന്നതാണ്. മരണ ദിവസവും അപേക്ഷാ നമ്പരോ അല്ലെങ്കിൽ മുമ്പ് നൽകിയ അപേക്ഷകന്റെ മൊബൈൽ നമ്പരോ നിർബന്ധമായും നൽകണം. ശരിയായ വിവരങ്ങൾ നൽകിയാൽ അപേക്ഷയുടെ സ്ഥിതിയറിയാൻ സാധിക്കും.

ഐ.സി.എം.ആർ. മാതൃകയിൽ സർട്ടിഫിക്കറ്റിനായി എങ്ങനെ അപേക്ഷിക്കണം?

https://covid19.kerala.gov.in/deathinfo എന്ന ലിങ്കിൽ കയറുക. ഐ.സി.എം.ആർ. സർട്ടിഫിക്കറ്റ് റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. പഴയതുപോലെ മൊബൈൽ നമ്പരും ഒ.ടി.പി. നമ്പരും നൽകണം.
തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്ട്രേഷൻ കീ നമ്പർ ടൈപ്പ് ചെയ്ത് മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. കൂടാതെ ഇതിന് മുമ്പ് ആരോഗ്യ വകുപ്പിൽ നിന്നും കിട്ടിയ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പരും സർട്ടിഫിക്കറ്റിന്റെ കോപ്പിയും നൽകണം
.
സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, തദ്ദേശ സ്ഥാപനത്തിൽ നിന്നും ലഭിച്ച മരണ സർട്ടിഫിക്കറ്റിലെ പേര്, പിതാവിന്റേയോ മാതാവിന്റേയോ ഭർത്താവിന്റേയോ പേര്, വയസ്, മരണ ദിവസം, മരണം റിപ്പോർട്ട് ചെയ്ത ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, അപേക്ഷകന്റെ വിവരം എന്നിവ നൽകണം. വേണ്ട തിരുത്തലുകൾ വരുത്തി സബ്മിറ്റ് ചെയ്യാം. വിജയകരമായി സമർപ്പിച്ചവരുടെ മൊബൈൽ നമ്പരിൽ അപേക്ഷാ നമ്പർ ലഭിക്കും.

ഇത് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിർണയ സമിതിക്ക് (സിഡിഎസി) അയച്ച ശേഷം ഐസിഎംആർ മാർഗനിർദ്ദേശമനുസരിച്ച് പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വിമാനത്താവളം ഇനി അദാനിയ്ക്ക്. വിമാനത്താവളം ഏറ്റെടുക്കാൻ അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സജ്ജമായി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് വ്യാഴാഴ്ച വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. ഇന്ത്യയിലെ അഞ്ചാമത്തെയും കേരളത്തിലെ ആദ്യത്തേതുമായ രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് വ്യാഴാഴ്ച മുതൽ അദാനി ഗ്രൂപ്പിനാണ്. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി.

വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയും കസ്റ്റംസും എയർട്രാഫിക് കൺട്രോളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് യാത്രക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി. ഡ്യൂട്ടി ഫ്രീ ഷോപ്പ് രാജ്യാന്തര കമ്പനിയായ ഫ്‌ലെമിങ്ങോയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

സുപ്രീംകോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൈമാറ്റത്തിൽ നിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ ഹർജി നിലനിൽക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. ആറുമാസത്തേക്ക് നിലവിലെ താരിഫ് തുടരാനാണ് തീരുമാനം. 50 വർഷത്തേക്കാണ് അദാനി വിമാനത്താവളം ഏറ്റെടുക്കുന്നത്. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതിൽ അദാനി ഗ്രൂപ്പിനും ആശങ്കയുണ്ട്. കേസിൽ അന്തിമ തീരുമാനമാകാതെ വികസനപ്രവർത്തനങ്ങൾക്കായി കൂടുതൽ പണം മുടക്കാൻ സാധ്യതയില്ലെന്നാണ് വിവരം.

തിരുവനന്തപുരം: രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ എഴുപതു രൂപ വരെയാണ് വില. ഇനിയുള്ള ദിവസങ്ങളിലും വില കുതിച്ചുയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. തക്കാളിയുടെ വില നൂറു രൂപയ്ക്ക് മുകളിലായാലും വലിയ അത്ഭുതമില്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.

കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വരവു കുറഞ്ഞതാണ് തക്കാളി വില വർധിക്കാൻ കാരണം. ബംഗളൂരു ഉൾപ്പെടെയുള്ള നഗര മേഖലകളിൽ തക്കാളിയുടെ വില കിലോയ്ക്ക് അറുപതു രൂപയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കിലോ തക്കാളി പത്ത് രൂപയ്ക്കാണ് ലഭിച്ചു കൊണ്ടിരുന്നത്. കേരളത്തിൽ പലസ്ഥലങ്ങളിലും തക്കാളി വില എഴുപത് രൂപയായിട്ടുണ്ട്.

ശക്തമായ മഴയാണ് തക്കാളി വരവു കുറയാനുള്ള കാരണമെന്നാണ് വിവരം. കർണാടകയിലെ കാർഷിക മേഖലകളായ ചിക്കബല്ലാപുർ, കോലാർ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ വിളവ് വലിയ തോതിൽ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ സവാള വിലയും വർധിച്ചിരുന്നു.

ലക്നൗ: ലഖിംപൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ആശിഷ് മിശ്ര ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നും അന്നേദിവസം ഒരു ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര പറയുന്നത്.

ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നതിനായി ഡിഐജി ഉപേന്ദ്ര അഗർവാൾ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നത്. ചോദ്യം ചെയ്യലിന് ശേഷം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശിഷ് മിശ്രയുടെ സഹായികളായ ആശിഷ് പാണ്ഡെ, ലവ് കുശ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കർഷകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 8 പേരാണ് കൊല്ലപ്പെട്ടത്.