ഐടി മന്ത്രാലയത്തിന്റെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ശശി തരൂർ തുടരും; 28 എംപിമാർ പാനലിന് പുറത്ത്

ന്യൂഡൽഹി: ഐടി മന്ത്രാലയത്തിന്റെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ശശി തരൂർ എം.പി തുടരും. തരൂരിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി എം.പിമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് മറികടന്ന് വീണ്ടും തരൂരിനെ പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി നിയമിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതി അധ്യക്ഷനായി ആനന്ദ് ശർമ്മയും തുടരും. കോൺഗ്രസ് എംപി അഭിഷേക് സിങ്‌വി, തൃണമൂൽ എം.പി ഡെറിക് ഒബ്രെയിൻ എന്നിവരാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരം സമിതിയിലുള്ള മറ്റ് അംഗങ്ങൾ. ശാസ്ത്ര സാങ്കേതിക സമിതിയുടെ അധ്യക്ഷനായി ജയറാം രമേശിനെ നിയമിച്ചു.

അതേസമയം നിയമ മന്ത്രാലയത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി തലവനായി ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയെ നിയമിച്ചു. ഭൂപേന്ദ്ര യാദവിന് പകരമാണ് സുശീൽ കുമാർ മോദിയെ നിയമിച്ചത്.

24 സ്റ്റാൻഡിങ് കമ്മിറ്റികളാണ് ആകെയുള്ളത്. ഒരോ കമ്മിറ്റിയിലും ലോക്‌സഭയിൽ നിന്നുള്ള 20 പേരും രാജ്യസഭയിൽ നിന്നുള്ള 11 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. വിവിധ സ്റ്റാൻഡിങ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ 28 എംപിമാരാണ് പുറത്തായത്. മോശം പ്രകടനം കാരണവും ഹാജർ കുറഞ്ഞതു മൂലവുമാണ് ഇവരെ പുറത്താക്കിയത്. പുറത്താക്കിയ എംപിമാരിൽ 12 പേർ കഴിഞ്ഞ വർഷം ചേർന്ന ഒരു യോഗത്തിൽ പോലും നേരിട്ട് പങ്കെടുത്തിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളും തെരഞ്ഞെടുപ്പുകളുമാകാം യോഗത്തിൽ പങ്കെടുക്കാത്തതിന് കാരണമെന്ന് അധികൃതർ അറിയിച്ചു.