മാർക്ക് ജിഹാദ് പരാമർശം; രാകേഷ് കുമാർ പാണ്ഡെയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ‘മാർക്ക് ജിഹാദ്’ പരാമർശം നടത്തിയ ഡൽഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാൾ കോളേജിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്‌ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും വി ശിവൻകുട്ടി കത്തയച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെയുള്ള വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് പ്രൊഫസർ നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു.

വിദ്യാർത്ഥികൾക്കിടയിൽ സ്പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസർ നടത്തിയിട്ടുള്ളത് . ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ മാർക്ക് ജിഹാദാണെന്നായിരുന്നു പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ ആരോപണം. സാമൂഹ്യ മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഡൽഹി സർവകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദ പരാമർശവുമായി രാകേഷ് രംഗത്തെത്തിയത്. കൂടുതൽ മലയാളി വിദ്യാർഥികൾ ഇത്തവണ ആദ്യത്തെ കട്ട്ഓഫിൽ തന്നെ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്.

കേരളത്തിൽ നിന്ന് ഡൽഹി സർവകലാശാലയിലേക്ക് കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികമാണെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉള്ളതുപോലെ മാർക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വർഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡൽഹി സർവകലാശാലയിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഓൺലൈൻ പരീക്ഷയായതിനാൽ കഴിഞ്ഞ ലോക്ഡൗൺ സമയത്ത് 100 ശതമാനം മാർക്ക് കിട്ടുന്നതിൽ അത്ഭുതമില്ല. എന്നാൽ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാർഥികൾ സംസ്ഥാന ബോർഡ് പരീക്ഷകളിൽ 100 ശതമാനം മാർക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.