തക്കാളിയുടെ വില കുതിച്ചുയരുന്നു; കിലോയ്ക്ക് വില നൂറു രൂപ കടക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ എഴുപതു രൂപ വരെയാണ് വില. ഇനിയുള്ള ദിവസങ്ങളിലും വില കുതിച്ചുയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. തക്കാളിയുടെ വില നൂറു രൂപയ്ക്ക് മുകളിലായാലും വലിയ അത്ഭുതമില്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.

കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വരവു കുറഞ്ഞതാണ് തക്കാളി വില വർധിക്കാൻ കാരണം. ബംഗളൂരു ഉൾപ്പെടെയുള്ള നഗര മേഖലകളിൽ തക്കാളിയുടെ വില കിലോയ്ക്ക് അറുപതു രൂപയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു കിലോ തക്കാളി പത്ത് രൂപയ്ക്കാണ് ലഭിച്ചു കൊണ്ടിരുന്നത്. കേരളത്തിൽ പലസ്ഥലങ്ങളിലും തക്കാളി വില എഴുപത് രൂപയായിട്ടുണ്ട്.

ശക്തമായ മഴയാണ് തക്കാളി വരവു കുറയാനുള്ള കാരണമെന്നാണ് വിവരം. കർണാടകയിലെ കാർഷിക മേഖലകളായ ചിക്കബല്ലാപുർ, കോലാർ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ വിളവ് വലിയ തോതിൽ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ സവാള വിലയും വർധിച്ചിരുന്നു.