അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ; ജനങ്ങളെ തടയരുതെന്നും നിർദ്ദേശം

ചെന്നൈ: അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തനിക്ക് അകമ്പടി വാഹനങ്ങളുടെ നീണ്ടനിര വേണ്ടെന്ന് അദ്ദേഹം പോലീസിന് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾ തടയരുതെന്നും അദ്ദേഹം നിർദേശിച്ചതായാണ് പുറത്തു വരുന്ന വിവരം.

തന്റെ വാഹനവ്യൂഹം കടന്നുപോകുന്നത് വരെ ജനങ്ങളെ തടയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്റ്റാലിൻ ഇത്തരമൊരു നിർദേശം പൊലീസിന് നൽകിയതെന്നാണ് സൂചനകൾ. നിലവിൽ 12 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകുന്നത്. ഇത് ആറായി ചുരുക്കാനാണ് സ്റ്റാലിൻ പോലീസിനോട് നിർദ്ദേശിച്ചത്. താൻ കടന്നുപോകുന്ന വഴിയിൽ ഒരു തരത്തിലും പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഇതിന് ആവശ്യമായി നിർദേശം ട്രാഫിക് പൊലീസിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്.

യാത്രയ്ക്കിടെ അദ്ദേഹം ജനങ്ങളെ കാണുകയും അവരോട് സംസാരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്യാറുണ്ട്. പൊലീസ് സ്റ്റേഷനുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ അദ്ദേഹം ഇടയ്ക്കിടെ മിന്നൽ സന്ദർശനങ്ങളും നടത്താറുണ്ട്. ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മിന്നൽ സന്ദർശനങ്ങൾ നടത്തുന്നത്.