സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവതരം; കോടതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകാൻ ഇ.ഡി നിർബന്ധിച്ചെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യം കോടതി പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കേസിൽ ഗൂഢാലോചന ഉണ്ടെന്ന സിപിഎം നിലപാട് ശരിവയ്ക്കുന്നതാണ് സന്ദീപിന്റെ വെളിപ്പെടുത്തലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്നാണ് ജയിൽ മോചിതനായ ശേഷം സന്ദീപ് നായർ വെളിപ്പെടുത്തിയത്. മുൻമന്ത്രി കെടി ജലീൽ, അന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ആവശ്യപ്പെട്ടെന്നും സന്ദീപ് നായർ പറഞ്ഞു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇഡി നൽകിയത്. തന്നിൽ നിന്ന് ചില പേപ്പറുകളിൽ ഒപ്പിട്ട് നൽകണമെന്നും ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടർന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.

കെടി ജലീലിന് കോൺസുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടിൽ പങ്കുണ്ടെന്ന് മൊഴി നൽകണമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. സ്പീക്കർക്കെതിരെയും മൊഴി നൽകണമെന്ന് ഇഡി ആവശ്യപ്പെട്ടു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്റെ കട ഉദ്ഘാടനം ചെയ്തത് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന് സ്വപ്നയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ല. സരിത് തന്റെ സുഹൃത്താണ്. സരിത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവർ വഴിയാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും ലൈഫ് മിഷന് സ്വർണക്കടത്തുമായി ബന്ധമില്ലെന്നും സന്ദീപ് പറഞ്ഞു. ചാരിറ്റി എന്ന നിലയിൽ സംസ്ഥാന സർക്കാർ കാണിച്ചുകൊടുത്ത ഭൂമിയിൽ യുഎഇ കോൺസുലേറ്റ് നിർമ്മാണം നടത്തുകയാണ് ചെയ്തത്. ഇതിന് ഒരു ബിൽഡറെ ഏർപ്പാടാക്കിയത് താനാണ്. ആ വകയിൽ തനിക്ക് കമ്മീഷൻ കിട്ടിയെന്നും ഇതിന് ടാക്‌സ് അടച്ചിട്ടുണ്ടെന്നും സന്ദീപ് വിശദീകരിക്കുന്നു.