തിരുവനന്തപുരം: കേരളത്തിലെ ആദ്യ വിമാനത്താവളം ഇനി അദാനിയ്ക്ക്. വിമാനത്താവളം ഏറ്റെടുക്കാൻ അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സജ്ജമായി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് വ്യാഴാഴ്ച വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. ഇന്ത്യയിലെ അഞ്ചാമത്തെയും കേരളത്തിലെ ആദ്യത്തേതുമായ രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് വ്യാഴാഴ്ച മുതൽ അദാനി ഗ്രൂപ്പിനാണ്. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി.
വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയും കസ്റ്റംസും എയർട്രാഫിക് കൺട്രോളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് യാത്രക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി. ഡ്യൂട്ടി ഫ്രീ ഷോപ്പ് രാജ്യാന്തര കമ്പനിയായ ഫ്ലെമിങ്ങോയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
സുപ്രീംകോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൈമാറ്റത്തിൽ നിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ ഹർജി നിലനിൽക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. ആറുമാസത്തേക്ക് നിലവിലെ താരിഫ് തുടരാനാണ് തീരുമാനം. 50 വർഷത്തേക്കാണ് അദാനി വിമാനത്താവളം ഏറ്റെടുക്കുന്നത്. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതിൽ അദാനി ഗ്രൂപ്പിനും ആശങ്കയുണ്ട്. കേസിൽ അന്തിമ തീരുമാനമാകാതെ വികസനപ്രവർത്തനങ്ങൾക്കായി കൂടുതൽ പണം മുടക്കാൻ സാധ്യതയില്ലെന്നാണ് വിവരം.

