ലഖിംപൂർ കൂട്ടക്കൊല; കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ അറസ്റ്റിൽ

ലക്നൗ: ലഖിംപൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ആശിഷ് മിശ്ര ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നും അന്നേദിവസം ഒരു ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര പറയുന്നത്.

ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നതിനായി ഡിഐജി ഉപേന്ദ്ര അഗർവാൾ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നത്. ചോദ്യം ചെയ്യലിന് ശേഷം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശിഷ് മിശ്രയുടെ സഹായികളായ ആശിഷ് പാണ്ഡെ, ലവ് കുശ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കർഷകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 8 പേരാണ് കൊല്ലപ്പെട്ടത്.