പ്രകോപനപരമായ നീക്കങ്ങൾ; ചൈന ആക്രമിക്കുമോയെന്ന ഭയത്തിൽ തായ്‌വാൻ

ബെയ്ജിംഗ്: കഴിഞ്ഞ ഏതാനും ചില നാളുകളിലായി ചൈന ആക്രമിക്കുമോയെന്ന ഭയത്തിൽ കഴിയുകയായിരുന്നു തായ്‌വാൻ. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ ചില നീക്കങ്ങൾ ആക്രമണ സാധ്യത ഉയർത്തുന്നത് തന്നെയായിരുന്നു. ഇതിനിടെ ചൈനയുടെ ആക്രമണത്തെ നേരിടാൻ തന്റെ രാജ്യം സജ്ജമാണെന്ന തായ്വാൻ വിദേശമന്ത്രി ജോസഫ് വൂവിന്റെ പ്രസ്താവന പുറത്തു വരികയും ചെയ്തിരുന്നു.

ചൈനീസ് വൻകരയിൽ നിന്നു 180 കിലോമീറ്റർ മാത്രം അകലെയാണ് തായ്വാൻ. ചൈനയുടെ കണ്ണിൽ തായ്‌വാൻ വേർപിരിഞ്ഞുപോയ ഒരു ചൈനീസ് പ്രവിശ്യ മാത്രമാണ്. എന്നാൽ 1949 മുതൽ തായ്വാൻ പ്രവർത്തിച്ചുവരുന്നത് ഒരു സ്വതന്ത്ര രാജ്യമായിട്ടാണ്. അതാണ് ചൈനയ്ക്കും തായ്‌വാനും ഇടയിൽ സംഘർഷം രൂക്ഷമാകാൻ കാരണം.

തായ്വാൻ കടലിടുക്കിൽ ചൈനീസ് പോർ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇടയ്ക്കിടെ അഭ്യാസങ്ങൾ നടത്താറുണ്ട്. യുഎസ് യുദ്ധക്കപ്പലുകളും ഇവിടെ ചുറ്റിക്കറങ്ങാറുണ്ട്. ചൈനയുടെ ദേശീയദിനമായ ഒക്ടോബർ ഒന്നു മുതൽ നാലു ദിവസങ്ങളിലായി വിവിധ തരത്തിലുളള ചൈനീസ് പോർ വിമാനങ്ങൾ (ആണവ ബോംബുകൾ വഹിക്കാൻ കഴിയുന്നവ ഉൾപ്പെടെ) ഏതാണ്ട് 150 തവണ തായ്വാന്റെ അതിർത്തിക്ക് അടുത്ത് കൂടി കടന്നു പോയിരുന്നു. തായ്വാൻ അതിന്റെ വ്യോമപ്രതിരോധ മേഖലയെന്നു വിളിക്കുന്ന ഭാഗത്തേക്കു ചൈനീസ് വിമാനങ്ങൾ അതിക്രമിച്ചു കടക്കുകയായിരുന്നു. ഇതോടെയാണ് തായ്‌വാന്റെ ആക്രമണത്തെ നേരിടാൻ തങ്ങൾ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.

ചൈനയുടെ ആക്രമണത്തെ ചെറുക്കാൻ കഴിയുന്ന വിധത്തിലുള്ള സൈനിക ശക്തിയോ ആയുധ ബലമോ ഒന്നും തന്നെ തായ്വാന് ഇല്ല. അമേരിക്ക തങ്ങളുടെ സഹായത്തിനെത്തുമെന്ന പ്രതീക്ഷ മാത്രമാണ് തായ്‌വാനുള്ളത്. അതേസമയം, തയ്വാൻ ആഗ്രഹിക്കുന്ന വിധത്തിൽ അമേരിക്കയ്ക്കു സഹായിക്കാനാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. അഫ്ഗാനിസ്താനിൽ നിന്നുളള ഏകപക്ഷീയമായ യുഎസ് സൈനിക പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിലും അതിനെ ന്യായീകരിച്ചുകൊണ്ടുള്ള യുഎസ് നേതാക്കളുടെ പ്രസ്താവനകൾ കണക്കിലെടുത്തും ഈ സംശയം ബലപ്പെട്ടിരിക്കുകയാണ്.