General (Page 1,380)

ന്യൂഡൽഹി: വായുസേനാ ദിനം ആചരിച്ച് ഇന്ത്യൻ വ്യോമസേന. ഇന്ത്യൻ വ്യോമസേനയുടെ 89-ാം പിറന്നാളിന്റെ ഭാഗമായാണ് വായുസേനാ ദിനം ആഘോഷിച്ചത്. ഉത്തർപ്രദേശിലെ ഹിന്ദോൻ എയർഫോഴ്സ് സ്റ്റേഷനിലാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. മൂന്ന് സായുധ സേനകളുടെ മുതിർന്ന ഉദ്യോഗസ്ഥരും എയർസ്റ്റാഫ് മേധാവിയും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ പാകിസ്താനെ തോൽപിച്ച 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത ആളുകളെയും സ്ഥലങ്ങളെയും ആദരിച്ച് വ്യോമസേന ദിന പരേഡ് നടത്തി. ബാലകോട്ട് ആക്രമണത്തിൽ പങ്കെടുത്ത 47 സ്‌ക്വാഡ്രനുൾപ്പെടെ മൂന്ന് യൂണിറ്റുകൾക്ക് എയർ സ്റ്റാഫ് മേധാവി അവാർഡുകൾ നൽകി.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ് ഇന്ത്യൻ വ്യോമസേന. 1932 ഒക്ടോബർ 8 നാണ് വായുസേന രൂപികരിച്ചത്. ് 6 ഓഫിസർമാരും, 19 എയർമാൻമാരും മാത്രമായിരുന്നു ഇന്ത്യൻ വ്യോമസേനയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത്. 1933 ഏപ്രിൽ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രൻ നിലവിൽ വരുന്നത്.

1947 -ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നാണ് വിളിച്ചിരുന്നത്. 1950 ൽ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയപ്പോൾ ബ്രിട്ടീഷ് ബന്ധം സൂചിപ്പിച്ചിരുന്ന റോയൽ എന്ന വാക്ക് നീക്കം ചെയ്തു. അന്നുമുതൽ ഇന്ത്യൻ എയർ ഫോഴ്സ് എന്നാണ് അറിയപ്പെടുന്നത്.

തിരുവനന്തപുരം: 2021 ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ബെന്യാമിന്. കെ. ആർ മീര, ജോർജ്ജ് ഓണക്കൂർ, സി. ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബെന്യാമിന്റെ ‘മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ‘ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിക്കുന്ന ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവാർഡ് സമർപ്പണ ചടങ്ങ് നടത്തുന്നതാണ്. ഇതിനായി നിശാഗന്ധി ആഡിറ്റോറിയം അനുവദിക്കുന്നതിനുവേണ്ടി ബഹു. ടൂറിസം വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അവാർഡ് സമർപ്പണ ചടങ്ങിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും.

അവാർഡ് നൽകുന്ന വർഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബർ 31 കൊണ്ടവസാനിക്കുന്ന തുടർച്ചയായ അഞ്ചു വർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുക്കുന്നത്. കഥയോ, കവിതയോ, വിമർശനമോ തുടങ്ങിയ ഏതു ശാഖയിൽപ്പെട്ട കൃതികളും അർഹമാണ്.

മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം ക്ലാസ് പാസ്സാകുന്ന വിദ്യാർത്ഥിക്ക് വർഷം തോറും 5000/- രൂപയുടെ സ്‌കോളർഷിപ്പ് വയലാർ രാമവർമ്മയുടെ പേരിൽ വയലാർ ട്രസ്റ്റ് നൽകുന്നുണ്ട്. ആ സ്‌കോളർഷിപ്പും ചടങ്ങിൽ വച്ച് നൽകുന്നതാണ്. വയലാർ അവാർഡ് സമർപ്പണ ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും, കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കും.

ലഖ്‌നൗ: ലഖിംപൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര പോലീസിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിന് വേണ്ടിയാണ് ആശിഷ് മിശ്ര പോലീസിന് മുന്നിൽ ഹാജരായത്. മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവശത്തെ ഗേറ്റ് വഴിയാണ് ആശിഷ് മിശ്ര ലഖിംപൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകൾ ചുമത്തിയാണ് ആശിഷിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നതിനായി ഡിഐജി ഉപേന്ദ്ര അഗർവാൾ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശിഷ് മിശ്രയുടെ സഹായികളായ ആശിഷ് പാണ്ഡെ, ലവ് കുശ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആശിഷ് മിശ്രയ്ക്ക് പോലീസ് സമൻസ് അയച്ചത്. സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടതോടെയാണ് ഉത്തർപ്രദേശ് പോലീസിന്റെ നടപടി. ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കർഷകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 8 പേരാണ് കൊല്ലപ്പെട്ടത്.

കണ്ണൂർ: പേരാവൂർ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പി ജയരാജനെതിരായി നടത്തിയ പ്രസ്താവന തിരുത്തി ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി പി വി ഹരികുമാർ രംഗത്ത്. സിപിഎമ്മിന്റെ സമ്മതത്തോടെ ചിട്ടി നടത്തിയതെന്നും ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനാണ് അനുമതി നൽകിയതെന്നുമുള്ള പ്രസ്താവനയാണ് പി വി ഹരികുമാർ തിരുത്തിയത്.

പി ജയരാജനാണ് ചിട്ടിക്ക് അനുമതി നൽകിയത് എന്ന് പറഞ്ഞത് കേട്ടറിവിന്റെ അറിവിന്റെ അടിസ്ഥാനത്തിലാണെന്ന് ഹരികുമാർ പറഞ്ഞു. ജയരാജൻ അനുമതി നൽകിയില്ല എന്ന് ഇപ്പോൾ മനസിലായി. നേരത്തെ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ നേരിട്ട് പി ജയരാജനെ കണ്ട് അപേക്ഷ നൽകി അനുമതി വാങ്ങി എന്നായിരുന്നു ഹരികുമാർ ആദ്യം പറഞ്ഞിരുന്നത്.

ചിട്ടിപ്പണം ശമ്പളത്തിനും മറ്റ് ചെലവുകൾക്കും ഉപയോഗിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. ഇതിന്റെ ഉത്തരവാദിത്തം സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണ സമിതിക്കാണ്. നടന്ന എല്ലാ കാര്യങ്ങളും പൊതുമധ്യത്തിൽ വെളിപ്പെടുത്താൻ ആകില്ലെന്നും തന്നെ മാത്രം ബലിയാടാക്കി മുഖം രക്ഷിക്കാനാണ് ജീവനക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നതായിരുന്നു ഹരികുമാറിന്റെ ആരോപണം. തന്റെ സ്വത്ത് വിറ്റ് കടംവീട്ടണം എന്ന ഭരണസമിതിയുടെ വാദം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടികളുടെ ചിട്ടി തട്ടിപ്പ് നടന്നതിന്റെ പേരിൽ നിലവിൽ പി വി ഹരികുമാറിനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി ജെ പി തന്നെ അധികാരത്തിൽ തുടരുമെന്ന് എ ബി പി – സി വോട്ടർ സർവേ. ഈ സംസ്ഥാനങ്ങളിൽ ഏറ്റവും അധികം തിരിച്ചടി നേരിടാൻ സാധ്യതയുള്ളത് കോൺഗ്രസിനാണെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു. പഞ്ചാബിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ബിജെപിയ്ക്കും കോൺഗ്രസിനും കനത്ത വെല്ലുവിളിയായി അംആദ്മി പാർട്ടി വരാനുള്ള സാദ്ധ്യതയുണ്ടെന്നും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ആം ആദ്മി പാർട്ടി ശക്തമായ മുന്നേറ്റം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശിൽ ബി ജെ പിക്ക് 41.3 ശതമാനം വോട്ടും സമാജ്വാദി പാർട്ടിക്ക് 32 ശതമാനം വോട്ടുമാണ് ലഭിക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. ബി എസ് പിക്കും കോൺഗ്രസിനും യഥാക്രമം 15 ശതമാനവും ആറ് ശതമാനം വോട്ടും ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. ബിജെപിയ്ക്ക് 241 മുതൽ 249 സീറ്റുകളും സമാജ് വാദി പാർട്ടിക്ക് 130 മുതൽ 138 സീറ്റുകളുമാണ് ലഭിക്കുമെന്നും ബിഎസ്പിക്ക് 15 മുതൽ 19 സീറ്റുകളും കോൺഗ്രസിന് മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ ലഭിക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം നിലവിൽ ഉത്തർപ്രദേശിലെ ലഖിംപൂരിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്കു മുമ്പ് നടത്തിയ സർവേ ആയതിനാൽ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ഏതു രീതിയിൽ സ്വാധീനിക്കുമെന്നത് വ്യക്തമല്ല.

പഞ്ചാബ് നിയമസഭയിൽ 49 മുതൽ 55 സീറ്റുകൾ ആം ആദ്മിക്കും 30 മുതൽ 47 സീറ്റുകൾ കോൺഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിൽ 45 ശതമാനം വോട്ട് വിഹിതത്തോടെ ബി ജെ പി ഒരിക്കൽ കൂടി അധികാരത്തിലെത്തുമെന്നും സർവേ സൂചിപ്പിക്കുന്നു.

അബുദാബി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എംഡിയുമായ രവി പിള്ളയും. ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയിലാണ് ഇരുവരും സ്ഥാനംപിടിച്ചത്. സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38-ാം സ്ഥാനത്താണ് യൂസഫലി. അഞ്ചു ബില്യൺ ഡോളർ (37,500 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. വ്യക്തിഗത അടിസ്ഥാനത്തിൽ ഏറ്റവും സമ്പന്നനായ മലയാള എന്ന നേട്ടവും യൂസഫലിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 2.5 ബില്യൺ ഡോളറിന്റെ (18744 കോടിയിൽ അധികം രൂപ) ആസ്തിയാണ് രവി പിള്ളയ്ക്കുള്ളത്.

ഫോബ്‌സ് പട്ടികയിൽ ആറു മലയാളികളാണ് ഇടംനേടിയിരിക്കുന്നത്. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥ്, പത്‌നി ദിവ്യ (30,300 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ (30,335 കോടി രൂപ), എസ്. ഡി, ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. മുകേഷ് അംബാനി, ഗൗതം അദാനി, ശിവ നാടാർ, രാധാകൃഷ്ണാ ദമാനി, സൈറസ് പൂനാവാല എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.

ആസ്തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി.

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് പറ്റിയ അമളിയെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജുമായി ചേർന്ന് തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി ശിവൻകുട്ടിയ്ക്ക് അമളി പിണഞ്ഞത്. ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടോ എന്നായിരുന്നു മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചത്. നിലവിൽ സ്‌കൂളുകൾ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ സംശയം.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അബ്ദുറബ്ബ് ശിവൻകുട്ടിയെ ട്രോളി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിക്ക് പറ്റിയ പിഴവ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നുവെന്നും ആർക്കെങ്കിലും ഉപകാരപ്പെടുമെന്നുമുള്ള ക്യാപ്ഷനിൽ സംസ്ഥാനങ്ങളുടെ പേരും, കേന്ദ്രഭരണ പ്രദേശങ്ങളുടെ പേരുകളുമാണ് അബ്ദുറബ്ബ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ മാപ്പും അദ്ദേഹം ചേർത്തിട്ടുണ്ട്. വി ശിവൻകുട്ടിക്ക് ഒരു മറുപടി എന്ന നിലയിലാണ് ട്രോൾ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഉൾപ്പെടെ മന്ത്രിയുടെ പരാമർശം വലിയ തോതിൽ ട്രോളുകളായിട്ടുണ്ട്.

ന്യൂഡൽഹി: ഇന്ത്യ തങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അഫ്ഗാൻ ജനതയ്ക്ക് അറിയാമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാൻ ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധങ്ങൾ തകർത്തുകളഞ്ഞ അഫ്ഗാനിസ്താന് ഇന്ത്യ നൽകിയ സഹായങ്ങളിലൂടെ അവർക്കത് തിരിച്ചറിയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താൻ അഫ്ഗാൻ ജനതയ്ക്ക് വേണ്ടി എന്താണ് ചെയ്തതെന്നും അവർക്ക് ഓർമ്മയുണ്ട്. താലിബാൻ അധികാരത്തിലെത്തുന്നതിന് മുൻപ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ വാണിജ്യ സാംസ്‌കാരിക ബന്ധങ്ങൾ നിലനിന്നിരുന്നു. 2019-20 കാലയളവിൽ മാത്രം ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുണ്ടായത് 1.5 ബില്യണിന്റെ വ്യാപാര ഇടപാടുകളാണ്. അഫ്ഗാനിസ്താനെ സഹായിക്കാനായി വേറെയും ഒരുപാട് കാര്യങ്ങൾ ഇന്ത്യ ചെയ്തിട്ടുണ്ട്. ഇന്ത്യയും അഫ്ഗാനും എങ്ങനെയുള്ള സുഹൃത്തുക്കളായിരുന്നുവെന്ന് അഫ്ഗാൻ ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാവരും തങ്ങളുടെ അയൽക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുക. പക്ഷെ ആ ബന്ധം ഒരു പരിഷ്‌കൃത ലോകത്തിലുണ്ടാകേണ്ട മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. ഭരണകൂടത്തിന്റെ ഉപകരണമായി പാകിസ്താൻ ഭീകരവാദത്തെ ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്. പ്രചാരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ 97 നേതാക്കൾക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്.

നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ച പരിശോധിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. സ്ഥാനാർഥികൾക്ക് ദോഷകരമായി പ്രവർത്തിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് മാറി നിൽക്കുന്നതും വിലയിരുത്തിയാണ് കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികൾ കെപിസിസി പ്രത്യേകം പരിശോധിക്കുമെന്നുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചതെന്നാണ് സൂചനകൾ. നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും പാർട്ടിയുടെ നന്മക്കായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് സുധാകരൻ പറയുന്നത്.

ഘടകകക്ഷികൾ മത്സരിച്ച നാല് സീറ്റുകളിലെയും കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച അഞ്ച് സീറ്റുകളിലെയും തോൽവി പ്രത്യേകം പരിശോധിക്കും. കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച കായംകുളം, അടൂർ, പീരുമേട്, തൃശ്ശൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലെ തോൽവിയും ഘടകകക്ഷികൾ മത്സരിച്ച ചവറ, കുന്നത്തൂർ, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലെ തോൽവിയുമാണ് പ്രത്യേകം പരിശോധിക്കുക. തോൽവി വിശദമായി വിലയിരുത്താൻ കെ മോഹൻകുമാർ, പിജെ ജോയി, കെപി ധനപാലൻ എന്നിവരെയാണ് ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന സമഗ്ര കാരവൻ ടൂറിസം പദ്ധതിയായ ‘കാരവൻ കേരള’യിൽ പങ്കാളികളാകാൻ ഭാരത് ബെൻസും. രാജ്യത്തെ മുൻനിര വാണിജ്യവാഹന നിർമ്മാതാക്കൾ എല്ലാ സവിശേഷതകളുമുള്ള അത്യാധുനിക ടൂറിസ്റ്റ് കാരവനുമായി രംഗത്തിറങ്ങിയത് സന്തോഷകരമാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഭാരത് ബെൻസിലെ മുതിർന്ന എക്സിക്യുട്ടീവുകളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗതാഗതമന്ത്രി ആന്റണി രാജുവുമായും ഭാരത് ബെൻസ് സംഘം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മന്ത്രിമാരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കാരവൻ പുറത്തിറക്കുമെന്നും ഭാരത് ബെൻസ് മാർക്കറ്റിങ് സെയിൽസ് ആൻഡ് കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് രാജാറാം കൃഷ്ണമൂർത്തി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തി പദ്ധതി മുന്നോട്ടു പോകാനാണ് ടൂറിസം വകുപ്പ തീരുമാനിച്ചിരിക്കുന്നത്.

പൊതു-സ്വകാര്യ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക. സ്വകാര്യ നിക്ഷേപകരും ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവും പദ്ധതിയിൽ പങ്കാളികളാകും. കാരവാൻ യാത്രയും കാരവാൻ പാർക്കിങ്ങും ഉൾപ്പെടുന്ന രണ്ട് മേഖലകളിലായാണ് കാരവാൻ ടൂറിസം നിലവിൽ വരുന്നത്. സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിംഗ് ടേബിൾ, ടോയ്ലറ്റ് ക്യുബിക്കിൾ, ഡ്രൈവർ കാബിനുമായുള്ള വിഭജനം, എ.സി, ഇന്റർനെറ്റ് കണക്ഷൻ, ഓഡിയോ വീഡിയോ സൗകര്യങ്ങൾ, ചാർജിങ് സംവിധാനം, ജി.പി.എസ്. തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവാനുകളിൽ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

അതിഥികളുടെ പൂർണ സുരക്ഷ ഉറപ്പാക്കുന്നതിന് കാരവാനുകൾ ഐ.ടി. അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. സംസ്ഥാനത്ത് മുഴുവൻ യാത്രചെയ്യാനുള്ള അനുമതി വാഹനത്തിന് ഉണ്ടാകും.