ന്യൂഡൽഹി: രാജ്യത്ത് ഊർജ പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി ആർകെ സിങ്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയോട് പവർ പ്ലാന്റുകൾക്ക് വേണ്ടത്ര ഗ്യാസ് നൽകാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു. ഡൽഹിയിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. കൽക്കരിക്ക് ക്ഷാമമെന്നത് അടിസ്ഥാനമില്ലാത്ത വാദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് ദിവസത്തേക്കുള്ള കൽക്കരിയുടെ കരുതൽ ശേഖരം രാജ്യത്തുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. എല്ലാ ദിവസവും പുതിയ കൽക്കരി സ്റ്റോക്ക് രാജ്യത്തേക്ക് എത്തുന്നുണ്ട്. കൽക്കരി മന്ത്രിയുമായി ആശയവിനിമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കൽക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയം തുടക്കം മുതലേ പറയുന്നത്.
അതേസമയം ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. പഞ്ചാബിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

