കർഷക സമരത്തിന് സൈനികർ പിന്തുണ നൽകിയിട്ടില്ല; പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇന്ത്യൻ കരസേന

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ നൽകി സൈനികർ പ്രതിഷേധിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ച് അധികൃതർ. ഇന്ത്യൻ കരസേനയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സമരപ്പന്തലിന് താഴെ സൈനികർ സാധാരണക്കാരോടൊപ്പം നിൽക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നാണ് ഇന്ത്യൻ സൈന്യം അറിയിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പഞ്ചാബ് റെജിമെന്റിലെ സൈനികർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇന്ത്യൻ കരസേന ഈ വാർത്ത നിഷേധിച്ചു.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ 11 മാസത്തോളമായി സമരം ചെയ്യുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നത്.