കോഴിക്കോട്: ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ മകനും അന്നം സ്റ്റീൽസ് ഉടമയുമായ ഇ.കെ ഫിറോസിന്റെ വീടും സ്ഥാപനവും ജപ്തി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. 200 കോടി രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയതിനാണ് ഇ കെ ഫിറോസിന്റെ വീടും സ്ഥാപനവും ജപ്തി ചെയ്യുന്നത്. കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
നാലു വർഷം മുമ്പാണ് സ്‌ക്രാപ്പ് ബിസിനസിനായി പഞ്ചാബ് നാഷണൽ ബാങ്ക്, കനറ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ഫിറോസ് വൻതുക വായ്പ എടുത്തത്. രണ്ട് വർഷമായിരുന്നു വായ്പാ തിരിച്ചടവ് കാലാവധി. ഇതിനിടെ ചൈനയിൽ നിന്ന് സ്‌ക്രാപ്പ് വൻതോതിൽ വന്നതോടെ ബിസിനസ് വൻ നഷ്ടത്തിലാകുകയും ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തു.
മുതലും പലിശയും ചേർന്ന് വായ്പാ തുക 200 കോടിയായി ഉയർന്നു. ഇതോടെയാണ് ബാങ്കുകൾ കോടതിയെ സമീപിച്ചത്. ഈ മാസം 21 നകം ജാമ്യ വസ്തുക്കൾ ജപ്തി ചെയ്ത് ബാങ്കിന് മുതൽകൂട്ടണമെന്ന് കോടതി നിർദ്ദേശിച്ചു. ഫ്‌ളോറിക്കൽ ഹിൽസ് റോഡിലുള്ള ഫിറോസിന്റെ വീടും നഗരത്തിലെ ഷോപ്പിംഗ് കോംപ്‌ളക്‌സായ ഫോർ ഇൻ ബസാറുമാണ് ജാമ്യ വസ്തുക്കൾ. അതേസമയം മറ്റേതെങ്കിലും വസ്തു വിറ്റ് ജപ്തി ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

