മുംബൈ: ആഢംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരൻ അറസ്റ്റിൽ. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്. ഒകറോ ഔസാമ എന്നയാളാണ് അറസ്റ്റിലായത്. മുംബൈയിലെ സബർബൻ ഗോറെഗാവിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും ഇയാളുടെ പക്കൽ നിന്നും കൊക്കെയ്ൻ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശ പൗരനാണിത്. മുൻപും കേസിൽ ഒരു നൈജീരിയൻ പൗരൻ അറസ്റ്റിലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കേസിലെ വിദേശ ബന്ധത്തെ കുറിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഒക്ടോബർ രണ്ടിന് ആഡംബര കപ്പൽ കോർഡിലിയയിൽ നടത്തിയ റെയ്ഡിലാണ് ലഹരി മരുന്ന് ഇടപാടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. ലഹരി മരുന്നുകളും കപ്പലിൽ നിന്നും പിടിച്ചെടുത്തിരുന്നു.

