മോൻസൻ മാവുങ്കലിന് കുരുക്ക് മുറുകുന്നു; ഡിആർഡിഒയുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയതിന് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: മോൻസൻ മാവുങ്കലിന് കുരുക്ക് മുറുകുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഡിആർഡിഒയുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയതിനാണ് കേസ്. റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്ന പദാർത്ഥം തന്റെ കയ്യിലുണ്ടെന്ന് മോൻസൺ പലരെയും കബളിപ്പിച്ചിരുന്നു.

ഇറിഡിയം കയ്യിൽ സൂക്ഷിക്കുവാൻ തനിക്ക് ഡി ആർ ഡി ഒയുടെ അനുമതി ഉണ്ടെന്ന രേഖയാണ് മോൻസൻ ആളുകളെ കാണിച്ചിരുന്നത്. ഇത് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ ഒപ്പും സീലും ഗവേഷകരുടെ പേരിൽ മോൻസൺ നിർമ്മിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഏഴു കേസുകളിലാണ് മോൻസനെ പ്രതിചേർത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ അറസ്റ്റിലായതോടെ നിരവധി പേരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.