ആധുനിക കാലത്തെ ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനും പ്രസവിക്കാനും താത്പര്യമില്ല; വിവാദ പരാമർശവുമായി കർണാടക ആരോഗ്യ മന്ത്രി

ബംഗളൂരു: സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി കർണാടക ആരോഗ്യ മന്ത്രി ഡോ.കെ. സുധാകർ. ആധുനിക കാലത്തെ ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം കഴിക്കാനും പ്രസവിക്കാനും താത്പര്യമില്ലെന്നും ഇന്ത്യൻ സമൂഹത്തെ പാശ്ചാത്യ ജീവിതം സ്വാധീനിച്ചിരിക്കുന്നുവെന്നുമാണ് കെ സുധാകർ പറയുന്നത്. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോളജിക്കൽ സയൻസിൽ പ്രസംഗിക്കവെയായിരുന്നു മന്ത്രി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.

ഇക്കാലത്ത് ഒരുപാട് സ്ത്രീകൾ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിവാഹം കഴിച്ചാൽതന്നെ ഇവർക്ക് പ്രസവിക്കാൻ താത്പര്യമില്ലെന്നും ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ആളുകൾ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. വാടക ഗർഭധാരണമാണ് അവർ ആഗ്രഹിക്കുന്നത്. അവരുടെ ചിന്തകൾ മാറിയിരിക്കുന്നുവെന്നും അത് നല്ലതല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഏഴു ഇന്ത്യക്കാരിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ട്. സമ്മർദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണെന്നും യോഗയിലൂടെയും ധ്യാനത്തിലൂടെയും ആ കല നമ്മൾ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്ത്രീകൾക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയത്.