ഒരു വർഷത്തോളമാണ് തങ്ങൾ പിരിഞ്ഞിരുന്നത്; മകനെ ഇത്രത്തോളം ബാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് എംബി പത്മകുമാർ

തിരുവനന്തപുരം: മാതാപിതാക്കൾ തമ്മിലുള്ള വേർപിരിയൽ കുട്ടികളെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കി നടൻ എംബി പത്മകുമാർ. സ്വന്തം ജീവിതാനുഭവത്തിൽ നിന്നുള്ള കാര്യങ്ങളാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. വേർപിരിയലിന്റെ വക്കിൽ നിന്നും വീണ്ടും ഒന്നിച്ച് നിലവിൽ സന്തുഷ്ട കുടുംബജീവിതം നയിച്ച് വരുന്നയാളാണ് എംബി പത്മകുമാർ. മക്കളുടെ മനസ് അവൻ പറയുമെന്ന ക്യാപ്ഷനോടെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് പത്മകുമാർ വീഡിയോ ചെയ്തിരിക്കുന്നത്. വിവാഹ മോചനത്തിന്റെ വക്കിലെത്തിയവരുടെ അഭ്യർത്ഥന പ്രകാരമാണ് അദ്ദേഹം വീഡിയോ ചെയ്തത്.

ഈ ജനുവരിയിൽ തങ്ങൾ നിയമപരമായി വേർപിരിയും. ഞാനെത്ര കാല് പിടിച്ച് പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല, തങ്ങൾക്ക് 7 വയസുള്ളൊരു മകനുണ്ട്, അവൻ ഇതോടെ ഒറ്റപ്പെടും. അതെനിക്ക് സഹിക്കാനാവില്ല, എന്നെ സഹായിക്കാമോ, ഇത്തരത്തിൽ നിരവധി പേരാണ് തന്നോട് സഹായം ചോദിച്ചെത്തിയതെന്ന് പത്മകുമാർ പറയുന്നു. കഴിഞ്ഞ വീഡിയോ കണ്ടതിന് ശേഷം നിരവധി പേരാണ് പേഴ്സണലായി മെസ്സേജ് അയച്ചിട്ടുള്ളത്. തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കുടുംബങ്ങളെ കൈപിടിച്ച് ഉയർത്താമോയെന്നാണ് എല്ലാവരും ചോദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് മാതാപിതാക്കൾ തമ്മിലുള്ള വേർപിരിയൽ മക്കളെ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമാക്കി വീഡിയോ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചത്. പത്മകുമാറിന്റെ മകനായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്.

‘അച്ഛനും അമ്മയും രാത്രി വഴക്കിട്ടിരുന്നു, അത് ഞാനങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. രാവിലെ അച്ഛൻ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി, കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെയാണ് കണ്ടത്. സാധാരണ വീട്ടിൽ പോവുമ്പോൾ അമ്മ കരയാറില്ല. ഇത്തവണ കരയുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയിരുന്നു പതിവ് പോലെ നമ്മൾ തിരിച്ചെത്തുമെന്നായിരുന്നു കരുതിയത്. 2 ദിവസം കഴിഞ്ഞിട്ടും തിരിച്ചുവരാതെയായപ്പോൾ ശരിക്കും സങ്കടം തോന്നിയിരുന്നു. രണ്ടാളും ഒപ്പമുണ്ടാവുമ്പോഴുള്ള വൈബ് നഷ്ടമായിരുന്നു. പാരൻസിന്റെ സെപ്പറേഷൻ ഏറ്റവും കൂടുതൽ ബാധിക്കുന്നത് മക്കളെയാണ്. അച്ഛനും അമ്മയും വിഷമിച്ചതിനേക്കാൾ കൂടുതൽ വിഷമിച്ചത് താനാണെന്നും’ പത്മകുമാറിന്റെ മകൻ പറയുന്നു.

ഒരു വർഷത്തോളമാണ് തങ്ങൾ പിരിഞ്ഞിരുന്നതെന്നും ആ സമയത്ത് സത്യയ്ക്ക് 6 വയസ് കഴിഞ്ഞതാണെന്നും പത്മകുമാർ പറഞ്ഞു. തങ്ങളുടെ വേർപിരിയൽ അവനെ ബാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതം തിരിച്ച് പിടിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്കിഷ്ടപ്പെട്ട പങ്കാളിയല്ലെങ്കിലും നിങ്ങളൊന്ന് ചേർന്നവരല്ലേ, നിങ്ങൾക്കൊരു കുഞ്ഞില്ലേ. അതിനായി ശ്രമിച്ച് നോക്കൂവെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.