കർഷകരെ ഇടിച്ചുവീഴ്ത്തിയവർക്ക് ഇന്ത്യൻ ഭരണഘടനയെയും ചവിട്ടിമെതിക്കാൻ കഴിയും; അഖിലേഷ് യാദവ്

ലക്നൗ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ലഖിംപൂർ സംഭവത്തിൽ അദ്ദേഹം കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്. കർഷകരെ ഇടിച്ചുവീഴ്ത്തിയവർക്ക് ഇന്ത്യൻ ഭരണഘടനയെയും ചവിട്ടിമെതിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അവർ നാളെ കർഷകരെ കഴിയുമെങ്കിൽ തീവ്രവാദികളായി മുദ്രകുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ അധികാരത്തിലിരിക്കുന്നവർ ചെയ്യുന്ന പ്രവർത്തികൾ നാം കണ്ടു. ലഖിംപൂരിലും അവരുടെ പ്രവർത്തി നാം കണ്ടു. കർഷകരെ വാഹനങ്ങളുപയോഗിച്ച് തട്ടിത്തെറിപ്പിച്ചു. നിയമത്തെയും ചവിട്ടിമെതിക്കാൻ അവിടെ ശ്രമമുണ്ടായിരുന്നെന്നും കർഷകരെയും നിയമത്തെയും ചവിട്ടിമെതിക്കുന്നവർ ഭരണഘടനയെയും അത്തരത്തിൽ തകർക്കുമെന്നും അഖിലേഷ് കുറ്റപ്പെടുത്തി. ശരൺപൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

അന്നദാതാവായ കർഷകന് ഇന്ന് അധിക്ഷേപം കേൾക്കേണ്ടി വരുന്നു. നാളെ അവർ കഴിയുമെങ്കിൽ നിങ്ങളെ തീവ്രവാദികളെന്ന് വിളിക്കും. അഖിലേഷ് പറഞ്ഞു. നിരവധി തവണ ബിജെപി അധിക്ഷേപിച്ചിട്ടും പിന്മാറാക്ക കർഷകരെ അഖിലേഷ് യാദവ് അഭിനന്ദിക്കുകയും ചെയ്തു. യുപി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. കേന്ദ്രമന്ത്രി അജയ് മിശ്ര രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.