General (Page 1,363)

ന്യൂഡൽഹി: ഒരു കേന്ദ്രമന്ത്രി ഉൾപ്പെടെ അഞ്ച് പേർ ലോക്‌സഭാ എംപിമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബീഹാർ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ജിതൻ റാം മാഞ്ചി. കോൺഗ്രസ് എം.പി മുഹമ്മദ് സിദ്ദീഖ്, ബി.ജെ.പി എംപിമാരായ കേന്ദ്രമന്ത്രി എസ്.പി. സിങ് ബാഘേൽ, ജയ്‌സിദ്ധേശ്വർ ശിവാചാര്യ മഹാസ്വാമിജി, തൃണമൂൽ കോൺഗ്രസ് എം.പി അപരൂപ പൊഡ്ഢാർ, സ്വതന്ത്ര എം.പി നവ്‌നീത് രവി റാണ എന്നിവർക്കെതിരെയാണ് മാഞ്ചി ആരോപണം ഉന്നയിച്ചത്.

പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ഇവർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നാണ് മാഞ്ചി ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പാർട്ടിയായ ഹിന്ദുസ്താനി അവാം മോർച്ച (സെക്യുലർ) ദേശീയ നിർവാഹക സമിതിക്കു ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ഉത്തർപ്രദേശിൽ എസ്.പി. സിങ് ബാഘേൽ പട്ടികജാതിയിൽപ്പെടുന്നയാളാണെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ പ്രതിനിധി രംഗത്തെത്തി. മറ്റു പാർട്ടികളിലെ എം.പിമാർ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെടുന്ന സ്റ്റാൻഡിലെ മധ്യഭാഗത്തെ കെട്ടിടം അടുത്തയാഴ്ച പൊളിക്കും. ഇവിടെ പ്രവർത്തിക്കുന്ന താത്ക്കാലിക ടീ സ്റ്റാളുകൾ ഒഴിയാൻ നോട്ടിസ് നൽകിയിട്ടുണ്ട്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, സൂപ്പർവൈസർ ഓഫിസ്, കൺട്രോളിങ് ഇൻസ്‌പെക്ടറുടെയും മറ്റും ഓഫിസ് എന്നിവ താൽക്കാലികമായി കാന്റീൻ പ്രവർത്തിക്കുന്ന ഡിപ്പോ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മാതൃകയിലാണ് കോട്ടയം ബസ് സ്റ്റാൻഡ് നവീകരണം നടത്തുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.8 കോടി രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. ഒരു വശത്തു കൂടി മാത്രം ബസുകൾ കയറിയിറങ്ങുന്നതിനുള്ള സൗകര്യം ഒരുക്കും. നിലവിൽ ബസുകൾ കയറുന്ന ഭാഗത്തു വീതി കൂട്ടി, നടുവിൽ ഡിവൈഡർ വച്ചാകും ബസുകൾ നിയന്ത്രിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചില പണികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. നിലവിലെ ശുചിമുറിക്കു സമീപം തിയറ്റർ റോഡിന്റെ വശത്താണു പണികൾ തുടങ്ങിയത്. തിയറ്റർ റോഡിനോടു ചേർന്ന് എൽ ആകൃതിയിലാണ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുക. യാത്രക്കാർക്കു സുഗമമായി കയറിയിറങ്ങാനുള്ള സൗകര്യവും ഉറപ്പാക്കും. യാഡ് പൂർണമായി തറയോട് വിരിച്ചു മനോഹരമാക്കുകയും ചെയ്യും.

അതേസമയം പുതിയ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ബസുകൾ ക്രമീകരിക്കുമെന്നു അധികൃതർ അറിയിച്ചു. സ്റ്റാൻഡിനു സമീപത്തു നിന്നു തന്നെ യാത്രക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ് ക്രമീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

pinarayi

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ‘കേരള പുരസ്‌കാരങ്ങൾ’ എന്നാണ് ഇവയുടെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാകും പുരസ്‌കാരങ്ങൾ.

പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവർഷവും ഏപ്രിൽ മാസം പൊതുഭരണ വകുപ്പ് നാമനിർദ്ദേശങ്ങൾ ക്ഷണിക്കും. പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും. രാജ്ഭവനിൽ പുരസ്‌കാര വിതരണ ചടങ്ങ് നടത്തും. കേരള ജ്യോതി പുരസ്‌കാരം വർഷത്തിൽ ഒരാൾക്കാണ് നൽകുക. കേരള പ്രഭ പുരസ്‌ക്കാരം രണ്ടു പേർക്കും കേരളശ്രീ പുരസ്‌കാരം അഞ്ചു പേർക്കും നൽകും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം, അവാർഡ് സമിതി പുരസ്‌കാരം നിർണയിക്കും.

ന്യൂഡൽഹി: കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അമരിന്ദർ സിംഗിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബിജെപി. ബിജെപിയുടെ പഞ്ചാബ് ഇൻചാർജ് ദുഷ്യന്ത് ഗൗതമാണ് ഇക്കാര്യം അറിയിച്ചത്. അമരീന്ദർ സിംഗിന്റെ ഫ്രണ്ട് റിക്വസ്റ്റ് തങ്ങൾ അംഗീകരിച്ചതായും സഖ്യത്തിന് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമരിന്ദറുമായുള്ള സഖ്യത്തിൽ അന്തിമ തീരുമാനം പാർലമെന്ററി ബോർഡിന്റേതാണെങ്കിലും ഞങ്ങളുടെ വാതിൽ അമരിന്ദറിനു വേണ്ടി തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഉന്നമനത്തിനായും ദേശീയ സുരക്ഷയ്ക്കായും പ്രവർത്തിക്കുന്ന സംഘടനകളുമായി കൈകോർക്കാൻ ബിജെപി എപ്പോഴും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ ബിജെപിയുമായി സീറ്റു പങ്കുവയ്ക്കുന്ന കാര്യത്തിൽ ചർച്ചയ്ക്കു തയ്യാറാണെന്നായിരുന്നു അമരിന്ദർ സിംഗിന്റെ പ്രഖ്യാപനം. പഞ്ചാബിന്റെയും അവിടുത്തെ ജനത്തിന്റെയും താൽപര്യങ്ങൾക്കു വേണ്ടി സ്വന്തം രാഷ്ട്രീയ കക്ഷി രൂപീകരിക്കുമെന്നു അമരിന്ദർ പറഞ്ഞതായി അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് രവീൺ തുക്‌റാൽ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കർഷകരുടെ താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും അമരിന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരാറുകാരെ കൂട്ടി എം.എൽ.എമാർ മന്ത്രിമാരുടെ ഓഫീസുകളിൽ വരരുതെന്ന അഭിപ്രായത്തിനാണ് മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്. വിഷയത്തിൽ സി.പി.എമ്മിൽ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നും ഇത് പുതിയ നിലപാട് അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

താൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും റിയാസിന് പിന്തുണ അറിയിച്ചിരുന്നു. സർക്കാരിന്റെ പൊതു നിലപാട് അനുസരിച്ചുള്ളതാണ് മന്ത്രിയുടെ പ്രതികരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് പൂർണ്ണ പിന്തുണ നൽകുമെന്നും ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവൻ ഉറപ്പു നൽകിയിരുന്നു.

mazha

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

തമിഴ്നാട് തീരത്തു നിന്ന് കിഴക്കൻ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ് സംസ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്ന മഴയ്ക്കുള്ള പ്രധാനപ്പെട്ട കാരണം. ഇതിനിടെയാണ് തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനം അടുത്ത മൂന്ന് ദിവസങ്ങളിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനത്താലായിരിക്കും കൂടുതൽ മഴ കേരളത്തിൽ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

അതേസമയം സംസ്ഥാനത്ത് ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

തിരുവനന്തപുരം: പ്രളയത്തെ നേരിടുന്നതിൽ ലോകത്തിനു മാതൃകയായ നെതർലാൻഡ്‌സിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ന്യൂസിലാൻഡ് സന്ദർശനത്തിൽ മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ച് ബോധ്യപ്പെട്ട ഒരു പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ നിർദ്ദേശിച്ചിരുന്നു. റൂം ഫോർ റിവർ വെള്ളമൊഴുകിപ്പോകാൻ നദികളിലും മറ്റും ആവശ്യമായ ഇടമുണ്ടാക്കുന്ന റൂം ഫോർ റിവർ എന്ന പദ്ധതി നടപ്പിലാക്കണമെന്നായിരുന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

എന്നാൽ തുടക്കത്തിൽ തന്നെ ആ പദ്ധതി അട്ടിമറിക്കപ്പെട്ടു. അന്ന് ജലവിഭവ അഡി.ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത കൺസൾട്ടൻസിയെ തിരഞ്ഞെടുക്കാനുള്ള ടെൻഡറിൽ തിരിമറി നടത്തിയതോടെയാണ് പദ്ധതി അട്ടിമറിക്കപ്പെട്ടത്. നെതർലാൻഡ്‌സ് മാതൃകയിൽ ‘റൂം ഫോർ പമ്പ’, ‘റൂം ഫോർ വേമ്പനാട്’ എന്നിവയ്ക്കാണ് കൺസൾട്ടൻസിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. നെതർലാൻഡ്‌സ് സന്ദർശനത്തിൽ മുഖ്യമന്ത്രിയുടെ സംഘത്തെ സഹായിച്ച ഹസ്‌കോണിംഗ് എന്ന കമ്പനിയെ ചട്ടവിരുദ്ധമായി ടെൻഡറിൽ ഉൾപ്പെടുത്താൻ വിശ്വാസ് മേത്ത നീക്കം നടത്തിയിരുന്നു. ഹസ്‌കോണിംഗിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ നെതർലാൻഡ്‌സുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും ഫയലിൽ എഴുതി. ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും മേത്തയുടെ വഴിവിട്ട നീക്കം പുറത്തായതോടെ കൺസൾട്ടൻസിയെ തിരഞ്ഞെടുക്കുന്നത് നിർത്തിവെയ്ക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ മാർച്ചിൽ മദ്രാസ് ഐ.ഐ.ടിയെ കൺസൾട്ടന്റാക്കി. ഡിസംബറിൽ പ്രാഥമിക റിപ്പോർട്ട് ലഭിക്കുമെന്നാണ് വിവരം.

നെതർലാൻഡ്‌സ് വിജയഗാഥ നെതർലാൻഡ്‌സിലെ ‘റൂം ഫോർ റിവർ’ മോഡൽ കുട്ടനാടിന് പറ്റിയതായതിനാലാണ് പമ്പയിലും വേമ്പനാട്ടുകായലിലും സമാന പദ്ധതിക്കൊരുങ്ങിയത്. കടലിലേക്ക് ഒഴുകുന്നതിനുള്ള തടസം നീക്കലും വെള്ളത്തെ ഉൾക്കൊള്ളാൻ താഴ്ന്ന പ്രദേശങ്ങളെ സജ്ജമാക്കലുമാണ് റൂം ഫോർ റിവർ. 12 കൺസൾട്ടൻസി കമ്പനികളാണ് കേരളത്തിൽ പ്രളയപ്രതിരോധമൊരുക്കാനായി എത്തിയത്. യോഗ്യതയുള്ള നാലെണ്ണത്തെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കിയ പരിചയം വേണമെന്ന മാനദണ്ഡം ഒഴിവാക്കിയാണ് ഹസ്‌കോണിംഗിനെയും ബെൽജിയത്തിലെ ട്രക്ടാബെല്ലിനെയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

ജലവിഭവ ഉദ്യോഗസ്ഥർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ‘ഒഴിവാക്കിയാൽ നയതന്ത്രബന്ധത്തെ ബാധിക്കും’ എന്ന് മേത്ത ഫയലിലെഴുതി ചേർത്തത്. എന്നാൽ വിജിലൻസ് കേസിന് സാദ്ധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ തുടർനടപടികൾ വൈകിപ്പിക്കുകയായിരുന്നു. സർവ്വീസിൽ നിന്നും മേത്ത വിരമിച്ചതിന് ശേഷമാണ് പദ്ധതിക്ക് അനക്കം വച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന രോഗികളുടെ എണ്ണവും ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 17 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി.

ആദ്യ ഡോസ് വാക്‌സിനേഷൻ 2.51 കോടി കഴിഞ്ഞു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.08 ശതമാനം പേർക്ക് ആദ്യ ഡോസും 46.50 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,75,45,497 ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയത്. ഇനിയും ആദ്യ ഡോസ് എടുക്കാനുള്ളവർ തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കേണ്ടതാണെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്‌സിൻ 84 ദിവസം കഴിഞ്ഞും കോവാക്‌സിൻ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്‌സിനും കൃത്യമായ ഇടവേളകളിൽ സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ വാക്‌സിനേഷനു വേണ്ട നടപടികൾ സ്വീകരിക്കും.

ആഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ നടത്തിയ സെറൊ പ്രിവലൻസ് സർവേ പ്രകാരം നിലവിൽ 82 ശതമാനം ആളുകൾ കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി ആർജ്ജിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്‌സിൻ കണക്കും വിലയിരുത്തിയാൽ, 85 നും 90 നും ഇടയ്ക്ക് ശതമാനം ആളുകൾക്ക് സംസ്ഥാനത്ത് രോഗപ്രതിരോധശേഷി ഉണ്ടായെന്ന് അനുമാനിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾക്കിടയിൽ 40 ശതമാനം പേരിലാണ് ആന്റിബോഡികൾ കണ്ടെത്താൻ സാധിച്ചത്. വീടുകൾക്കകത്ത് രോഗവ്യാപനം ഉണ്ടാകാതെ തടയുന്നതിൽ ഗണ്യമായി വിജയിച്ചു എന്നതിെന്റ സൂചന കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മഴക്കാലവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ കോവിഡ് വ്യാപനമുണ്ടാകാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ന്യൂഡൽഹി: ലഖിംപൂർ കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ലഖിംപൂർ കേസിനോട് സർക്കാരും പോലീസും കാണിക്കുന്ന സമീപനത്തോടാണ് കോടതി വിമർശനം ഉന്നയിച്ചത്. കേസന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥയായി മാറരുതെന്ന് കോടതി ആവശ്യപ്പെട്ടു.

കേസിലെ അന്വേഷണ വിവരങ്ങൾ സമർപ്പിക്കണമെന്ന് ഉത്തർപ്രദേശ് പൊലീസിന് നേരത്തെ കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോടതി നടപടികൾ ആരംഭിച്ച സമയത്തും കേസന്വേഷണത്തിന്മേലുള്ള സർക്കാരിന്റെ സത്യവാങ്മൂലം ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സീൽ വച്ച കവറിൽ ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. സത്യവാങ്മൂലം വൈകി സമർപ്പിച്ചാൽ എങ്ങനെയാണ് അത് പരിശോധിക്കാൻ കഴിയുകയെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തിൽ 44 സാക്ഷികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ നാല് സാക്ഷികളുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. എന്താണ് കേസ് അന്വേഷണത്തിനു കാലതാമസത്തിനു പിന്നിലെ കാരണമെന്നും കേസിൽ നിലവിൽ എത്ര പേർ കസ്റ്റഡിയിലുണ്ടെന്നും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തൃപ്തിയില്ലെന്നും കോടതി അറിയിച്ചു. അന്വേഷണം ഊർജിതമായി മുന്നോട്ടു പോകണമെന്നും കേസിലെ എല്ലാ സാക്ഷികൾക്കും മതിയായ സുരക്ഷ നൽകണമെന്നും കോടതി പറഞ്ഞു.

ബംഗളൂരു: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളികൾ ഉൾപ്പെടെ 27 പേർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശികളായ ഗോകുൽ, കിരൺ, ബെംഗളൂരുവിൽ താമസമാക്കിയ മലയാളി യുവാവ് സജീവ് എന്നിവർ ഉൾപ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 78 ലക്ഷം രൂപ ഇവരിൽ നിന്നും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കൂടുതൽ മലയാളികൾക്ക് ഐപിഎൽ വാതുവെയ്പ്പുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ നടന്ന ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബെംഗളൂരുവിലെ ഹോട്ടൽ കേന്ദ്രീകരിച്ച് ഓൺലൈനായാണ് വാതുവെപ്പ് നടന്നതെന്നാണ്അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഹോട്ടലിൽ നിന്ന് ഓൺലൈൻ വാതുവെപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ചെന്നൈ സ്വദേശികളും ഗോവ, മഹാരാഷ്ട്ര, കർണാടക സ്വദേശികളു ഉണ്ട്. സൂര്യ, കപിൽ തുടങ്ങിയവരാണ് അറസ്റ്റിലായ ചെന്നൈ സ്വദേശികൾ. ഓൺലൈൻ വാതുവെയ്പ്പിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവർ നടത്തിയത്.