സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം നിയന്ത്രണവിധേയം; രോഗികളുടെ എണ്ണം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന രോഗികളുടെ എണ്ണവും ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 17 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി.

ആദ്യ ഡോസ് വാക്‌സിനേഷൻ 2.51 കോടി കഴിഞ്ഞു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.08 ശതമാനം പേർക്ക് ആദ്യ ഡോസും 46.50 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,75,45,497 ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയത്. ഇനിയും ആദ്യ ഡോസ് എടുക്കാനുള്ളവർ തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കേണ്ടതാണെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്‌സിൻ 84 ദിവസം കഴിഞ്ഞും കോവാക്‌സിൻ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്‌സിനും കൃത്യമായ ഇടവേളകളിൽ സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ വാക്‌സിനേഷനു വേണ്ട നടപടികൾ സ്വീകരിക്കും.

ആഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ നടത്തിയ സെറൊ പ്രിവലൻസ് സർവേ പ്രകാരം നിലവിൽ 82 ശതമാനം ആളുകൾ കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി ആർജ്ജിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്‌സിൻ കണക്കും വിലയിരുത്തിയാൽ, 85 നും 90 നും ഇടയ്ക്ക് ശതമാനം ആളുകൾക്ക് സംസ്ഥാനത്ത് രോഗപ്രതിരോധശേഷി ഉണ്ടായെന്ന് അനുമാനിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾക്കിടയിൽ 40 ശതമാനം പേരിലാണ് ആന്റിബോഡികൾ കണ്ടെത്താൻ സാധിച്ചത്. വീടുകൾക്കകത്ത് രോഗവ്യാപനം ഉണ്ടാകാതെ തടയുന്നതിൽ ഗണ്യമായി വിജയിച്ചു എന്നതിെന്റ സൂചന കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മഴക്കാലവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ കോവിഡ് വ്യാപനമുണ്ടാകാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.