തിരുവനന്തപുരം: പ്രളയത്തെ നേരിടുന്നതിൽ ലോകത്തിനു മാതൃകയായ നെതർലാൻഡ്‌സിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ന്യൂസിലാൻഡ് സന്ദർശനത്തിൽ മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ച് ബോധ്യപ്പെട്ട ഒരു പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ നിർദ്ദേശിച്ചിരുന്നു. റൂം ഫോർ റിവർ വെള്ളമൊഴുകിപ്പോകാൻ നദികളിലും മറ്റും ആവശ്യമായ ഇടമുണ്ടാക്കുന്ന റൂം ഫോർ റിവർ എന്ന പദ്ധതി നടപ്പിലാക്കണമെന്നായിരുന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
എന്നാൽ തുടക്കത്തിൽ തന്നെ ആ പദ്ധതി അട്ടിമറിക്കപ്പെട്ടു. അന്ന് ജലവിഭവ അഡി.ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത കൺസൾട്ടൻസിയെ തിരഞ്ഞെടുക്കാനുള്ള ടെൻഡറിൽ തിരിമറി നടത്തിയതോടെയാണ് പദ്ധതി അട്ടിമറിക്കപ്പെട്ടത്. നെതർലാൻഡ്‌സ് മാതൃകയിൽ ‘റൂം ഫോർ പമ്പ’, ‘റൂം ഫോർ വേമ്പനാട്’ എന്നിവയ്ക്കാണ് കൺസൾട്ടൻസിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. നെതർലാൻഡ്‌സ് സന്ദർശനത്തിൽ മുഖ്യമന്ത്രിയുടെ സംഘത്തെ സഹായിച്ച ഹസ്‌കോണിംഗ് എന്ന കമ്പനിയെ ചട്ടവിരുദ്ധമായി ടെൻഡറിൽ ഉൾപ്പെടുത്താൻ വിശ്വാസ് മേത്ത നീക്കം നടത്തിയിരുന്നു. ഹസ്‌കോണിംഗിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ നെതർലാൻഡ്‌സുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും ഫയലിൽ എഴുതി. ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും മേത്തയുടെ വഴിവിട്ട നീക്കം പുറത്തായതോടെ കൺസൾട്ടൻസിയെ തിരഞ്ഞെടുക്കുന്നത് നിർത്തിവെയ്ക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ മാർച്ചിൽ മദ്രാസ് ഐ.ഐ.ടിയെ കൺസൾട്ടന്റാക്കി. ഡിസംബറിൽ പ്രാഥമിക റിപ്പോർട്ട് ലഭിക്കുമെന്നാണ് വിവരം.
നെതർലാൻഡ്‌സ് വിജയഗാഥ നെതർലാൻഡ്‌സിലെ ‘റൂം ഫോർ റിവർ’ മോഡൽ കുട്ടനാടിന് പറ്റിയതായതിനാലാണ് പമ്പയിലും വേമ്പനാട്ടുകായലിലും സമാന പദ്ധതിക്കൊരുങ്ങിയത്. കടലിലേക്ക് ഒഴുകുന്നതിനുള്ള തടസം നീക്കലും വെള്ളത്തെ ഉൾക്കൊള്ളാൻ താഴ്ന്ന പ്രദേശങ്ങളെ സജ്ജമാക്കലുമാണ് റൂം ഫോർ റിവർ. 12 കൺസൾട്ടൻസി കമ്പനികളാണ് കേരളത്തിൽ പ്രളയപ്രതിരോധമൊരുക്കാനായി എത്തിയത്. യോഗ്യതയുള്ള നാലെണ്ണത്തെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കിയ പരിചയം വേണമെന്ന മാനദണ്ഡം ഒഴിവാക്കിയാണ് ഹസ്‌കോണിംഗിനെയും ബെൽജിയത്തിലെ ട്രക്ടാബെല്ലിനെയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ജലവിഭവ ഉദ്യോഗസ്ഥർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ‘ഒഴിവാക്കിയാൽ നയതന്ത്രബന്ധത്തെ ബാധിക്കും’ എന്ന് മേത്ത ഫയലിലെഴുതി ചേർത്തത്. എന്നാൽ വിജിലൻസ് കേസിന് സാദ്ധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ തുടർനടപടികൾ വൈകിപ്പിക്കുകയായിരുന്നു. സർവ്വീസിൽ നിന്നും മേത്ത വിരമിച്ചതിന് ശേഷമാണ് പദ്ധതിക്ക് അനക്കം വച്ചത്.

