കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെടുന്ന സ്റ്റാൻഡിലെ മധ്യഭാഗത്തെ കെട്ടിടം അടുത്തയാഴ്ച പൊളിക്കും. ഇവിടെ പ്രവർത്തിക്കുന്ന താത്ക്കാലിക ടീ സ്റ്റാളുകൾ ഒഴിയാൻ നോട്ടിസ് നൽകിയിട്ടുണ്ട്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, സൂപ്പർവൈസർ ഓഫിസ്, കൺട്രോളിങ് ഇൻസ്‌പെക്ടറുടെയും മറ്റും ഓഫിസ് എന്നിവ താൽക്കാലികമായി കാന്റീൻ പ്രവർത്തിക്കുന്ന ഡിപ്പോ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മാതൃകയിലാണ് കോട്ടയം ബസ് സ്റ്റാൻഡ് നവീകരണം നടത്തുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.8 കോടി രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. ഒരു വശത്തു കൂടി മാത്രം ബസുകൾ കയറിയിറങ്ങുന്നതിനുള്ള സൗകര്യം ഒരുക്കും. നിലവിൽ ബസുകൾ കയറുന്ന ഭാഗത്തു വീതി കൂട്ടി, നടുവിൽ ഡിവൈഡർ വച്ചാകും ബസുകൾ നിയന്ത്രിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചില പണികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. നിലവിലെ ശുചിമുറിക്കു സമീപം തിയറ്റർ റോഡിന്റെ വശത്താണു പണികൾ തുടങ്ങിയത്. തിയറ്റർ റോഡിനോടു ചേർന്ന് എൽ ആകൃതിയിലാണ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുക. യാത്രക്കാർക്കു സുഗമമായി കയറിയിറങ്ങാനുള്ള സൗകര്യവും ഉറപ്പാക്കും. യാഡ് പൂർണമായി തറയോട് വിരിച്ചു മനോഹരമാക്കുകയും ചെയ്യും.
അതേസമയം പുതിയ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ബസുകൾ ക്രമീകരിക്കുമെന്നു അധികൃതർ അറിയിച്ചു. സ്റ്റാൻഡിനു സമീപത്തു നിന്നു തന്നെ യാത്രക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ് ക്രമീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

