സി.പി.എമ്മിൽ വ്യത്യസ്ത അഭിപ്രായം ഇല്ല; മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരാറുകാരെ കൂട്ടി എം.എൽ.എമാർ മന്ത്രിമാരുടെ ഓഫീസുകളിൽ വരരുതെന്ന അഭിപ്രായത്തിനാണ് മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്. വിഷയത്തിൽ സി.പി.എമ്മിൽ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നും ഇത് പുതിയ നിലപാട് അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

താൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും സമാന നിലപാട് എടുത്തിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും റിയാസിന് പിന്തുണ അറിയിച്ചിരുന്നു. സർക്കാരിന്റെ പൊതു നിലപാട് അനുസരിച്ചുള്ളതാണ് മന്ത്രിയുടെ പ്രതികരണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് പൂർണ്ണ പിന്തുണ നൽകുമെന്നും ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവൻ ഉറപ്പു നൽകിയിരുന്നു.