സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

mazha

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

തമിഴ്നാട് തീരത്തു നിന്ന് കിഴക്കൻ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ് സംസ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്ന മഴയ്ക്കുള്ള പ്രധാനപ്പെട്ട കാരണം. ഇതിനിടെയാണ് തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനം അടുത്ത മൂന്ന് ദിവസങ്ങളിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനത്താലായിരിക്കും കൂടുതൽ മഴ കേരളത്തിൽ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

അതേസമയം സംസ്ഥാനത്ത് ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്.