General (Page 1,362)

തിരുവനന്തപുരം: കെപിസിസി പട്ടികയിൽ കഴിവ് നോക്കിയാണ് സ്ഥാനം നൽകിയതെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. പാർട്ടിക്കകത്ത് അസംതൃപ്തി ഉള്ളവർ ഉണ്ടാകാമെന്നും എന്നാൽ പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചർച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടില്ല. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിലുള്ളതെന്നും എന്നാൽ നേതാക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

സ്ത്രീ- സാമുദായിക സംവരണം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകിയാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തിറക്കിയത്. കേരളത്തിൽ നിന്നും നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകൾ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിർബന്ധമില്ല. സെക്രട്ടിമാരുടെ പട്ടിക വരുമ്പോൾ കൂടുതൽ സ്ത്രീ പ്രാതിനിധ്യമുണ്ടാകും. രമണി പി നായരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ രമണിയുടെ പേര് പിൻവലിക്കാൻ കാരണമായി. സുമ ബാലകൃഷ്ണൻ പാർട്ടിയിൽ സജീവമാകാൻ പറ്റുന്ന സാഹചര്യത്തിൽ ഇല്ലെന്നും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും എ വി ഗോപിനാഥ് പാർട്ടിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയിൽ ഉണ്ടായത് 2 കോടി രൂപയുടെ നാശനഷ്ടം. മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്. കന്നുകാലികൾ മരിച്ച കർഷകർക്ക് ധനസഹായം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.

വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ, ക്ഷീരമേഖലയിൽ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. പശുക്കൾ മരിച്ച കർഷകർക്ക് പശു ഒന്നിന് 30,000 രൂപ ധനസഹായം നൽകും. പശു കിടാവിന് 15,000 രൂപയും ചത്ത കോഴി ഒന്നിന് 200 രൂപ വീതവും നൽകുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തൊട്ടാകെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

മുംബൈ: ആഢംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബർ 30 വരെയാണ് ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഉൾപ്പെടെ ഏഴ് പ്രതികളുടെ കസ്റ്റഡി കാലാവധിയും ഒക്ടോബർ 30 വരെ നീട്ടി.

14 ദിവസത്തേക്കാണ് സാധാരണയായി കോടതി കസ്റ്റഡി കാലാവധി നീട്ടാറുള്ളത്. എന്നാൽ നവംബർ നാലിന് ദിപാവലി അവധിക്കായി കോടതി അടയ്ക്കുന്ന സാഹചര്യത്തിലാണ് ആര്യന്റെ കസ്റ്റഡി കാലാവധി ഒമ്പത് ദിവസത്തേക്ക് മാത്രം നീട്ടിയത്.

ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈയിലെ എൻഡിപിഎസ് കോടതി തള്ളിയിരുന്നു. തുടർന്ന് ആര്യന്റെ അഭിഭാഷകൻ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബർ 26 നാണ് ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കും. അതേസമയം ആര്യൻ ഖാനെ ജയിലിൽ സന്ദർശിക്കാനെത്തിയതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഷാരൂഖിന്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ടെന്നാണ് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.

തിരുവനന്തപുരം: സ്ത്രീ- സാമുദായിക സംവരണം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകിയാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തിറക്കിയതെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കേരളത്തിൽ നിന്നും നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.

പാർട്ടിക്കകത്ത് അസംതൃപ്തി ഉള്ളവർ ഉണ്ടാകാം. എന്നാൽ പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ തെരുവിലിറങ്ങില്ല. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചർച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടില്ല. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിലുള്ളതെന്നും എന്നാൽ നേതാക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

സ്ത്രീകൾ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിർബന്ധമില്ല. സെക്രട്ടിമാരുടെ പട്ടിക വരുമ്പോൾ കൂടുതൽ സ്ത്രീ പ്രാതിനിധ്യമുണ്ടാകും. രമണി പി നായരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ രമണിയുടെ പേര് പിൻവലിക്കാൻ കാരണമായി. സുമ ബാലകൃഷ്ണൻ പാർട്ടിയിൽ സജീവമാകാൻ പറ്റുന്ന സാഹചര്യത്തിൽ ഇല്ലെന്നും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും
എ വി ഗോപിനാഥ് പാർട്ടിക്കൊപ്പമാണെന്നും സുധാകരൻ അറിയിച്ചു.

56 പേരെ ഉൾപ്പെടുത്തിയാണ് കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചത്. വി ടി ബൽറാം, എൻ ശക്തൻ, വി.പി സജീന്ദ്രൻ, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡൻറുമാരും എംപിമാരും എംഎൽഎമാരും എക്‌സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കൾ ആകും.

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് തിരിച്ചടി. സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ നീക്കത്തിലാണ് സർക്കാരിന് തിരിച്ചടി നേരിട്ടത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ തെളിവ് പരിശോധിക്കാനുള്ള അനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിചാരണക്കോടതിക്ക് നൽകിയ അനുമതിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യുട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം. ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജനുവരി രണ്ടാം തീയതി കേസിൽ സുപ്രീംകോടതി വിശദമായി വാദം കേൾക്കും.

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പരമാവധി ആളുകൾക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നതെന്ന് മന്ത്രി പറഞ്ഞു.

കനത്ത മഴയെ തുടർന്ന് പലർക്കും ക്യാമ്പുകളിൽ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്സിനെടുത്തവർക്ക് കോവിഡ് ബാധയിൽ നിന്നും വലിയ സംരക്ഷണമാണ് ലഭിക്കുന്നത്. ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ക്യാമ്പുകളിലെ കോവിഡ് പ്രതിരോധം വളരെ വലുതാണ്. അതിനാൽ തന്നെ ക്യാമ്പുകളിൽ കഴിയുന്ന ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ അവർക്ക് വാക്സിനേഷൻ ഉറപ്പാക്കുന്നതാണ്. വാക്സിൻ എടുക്കുന്നത് സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും പ്രധാനമാണ്. ക്യാമ്പുകളിലെ എല്ലാവർക്കും വാക്സിനേഷൻ ഉറപ്പാക്കാൻ ജില്ലകളിൽ ക്രമീകരണം ഏർപ്പെടുത്തി വരുന്നുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.

ക്യാമ്പുകളിൽ കഴിയുന്നവരിൽ ആദ്യ ഡോസ് വാക്സിൻ എടുക്കാനുള്ളവരുടെയും രണ്ടാം ഡോസ് എടുക്കാൻ കാലാവധിയെത്തിവരുടേയും വിവരങ്ങൾ ശേഖരിച്ചാണ് വാക്സിനേഷൻ നടത്തുന്നത്. സ്ഥല സൗകര്യമുള്ള ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി വാക്സിൻ നൽകുന്നതാണ്. അല്ലാത്തവർക്ക് തൊട്ടടുത്തുള്ള സർക്കാരാശുപത്രിയിൽ വാക്സിനേഷൻ എടുക്കാനുള്ള സൗകര്യമൊരുക്കുന്നതാണ്. മൊബൈൽ വാക്സിനേഷൻ യൂണിറ്റുകളുടേയും സേവനം ഉറപ്പാക്കുന്നതാണ്. ക്യാമ്പുകളിൽ കഴിയുന്നവരിൽ ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ അവിടെയുള്ള ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്ന് മന്ത്രി നിർദ്ദേശിച്ചു.

ആദ്യ ഡോസ് വാക്സിൻ എടുക്കാനുള്ളവർ എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. എന്നാൽ ചിലയാളുകൾ 84 ദിവസം കഴിഞ്ഞും വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്സിനും കൃത്യമായ ഇടവേളകളിൽ സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്സിൻ കൃത്യസമയത്ത് തന്നെ സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേർക്ക് (2,51,52,430) ആദ്യ ഡോസും 47.03 ശതമാനം പേർക്ക് (1,25,59,913) രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,77,12,343 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. ഇനിയും ആദ്യ ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഉടൻ തന്നെ തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കേണ്ടതാണെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. പ്രകൃതി ദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേരുന്നതല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. പ്രകൃതിക്ഷോഭം നേരിടാൻ സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്നും എന്ത് പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ച് നാളായി പ്രതിപക്ഷ നേതാവിന്റെ ശൈലിയെന്നും സിപിഎം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് വി ഡി സതീശനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

രാഷ്ട്രീയമായി നേരിടാൻ കഴിയാത്തത് കൊണ്ടാണ് ഈ അധഃപതനമെന്നും വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിലെ ആവേശം നരേന്ദ്ര മോദിയെ വിമർശിക്കാൻ കാണിക്കുന്നില്ല. ഉരുൾപ്പൊട്ടലിന്റെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതികവിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്ന് വിജയരാഘവൻ ചോദിച്ചു. ഹൈക്കമാന്റിന്റെ മാത്രം പിന്തുണയുള്ള, സ്വന്തം പാർട്ടി എം.എൽ.എമാരുടെ പോലും പിന്തുണയില്ലാത്ത ഒരാളാണ് ഇത്തരത്തിൽ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഴക്കെടുതിയെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലും ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനത്തിലും വീഴ്ചയുണ്ടെന്നായിരുന്നു വി ഡി സതീശൻ ആരോപിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വി സി സതീശൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും സതീശൻ ആരോപണങ്ങൾ ആവർത്തിച്ചതോടെയാണ് സിപിഎം വിമർശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിസതീശന്റെ വിമർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മറുപടി പറഞ്ഞു. എന്നാൽ വീണ്ടും ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ദുഷ്ടലാക്കോടുകൂടിയാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം.

കോട്ടയം: കൂട്ടിക്കലിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി നടൻ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനങ്ങൾക്ക് സഹായം നൽകുന്നത്.

ജനങ്ങൾക്ക് വൈദ്യസഹായം ഉൾപ്പെടെയാണ് മമ്മൂട്ടി നൽകുന്നത്. മമ്മൂട്ടി നേരിട്ട് ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം കൂട്ടിക്കലിൽ എത്തുകയും സേവനം ആരംഭിക്കുകയും ചെയ്തു. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടിക്കലിൽ എത്തിയത്. വിദഗ്ധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്.

പത്തു കുടുംബങ്ങൾക്ക് ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികളും മമ്മൂട്ടി കൂട്ടിക്കലിൽ എത്തിച്ചു. പുരുഷൻമാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ എല്ലാവർക്കും ലഭിക്കത്തക്ക വിധം പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഉൾപ്പെടുന്ന രണ്ടായിരത്തിൽ അധികം കിറ്റുകളും അദ്ദേഹം കുട്ടിക്കൽ ജനതയ്ക്കായി എത്തിച്ചു നൽകി. ദുരന്ത സ്ഥലത്തെ കെയർ ആൻഡ് ഷെയർ സംഘടനയുടെ പ്രവർത്തങ്ങൾ മമ്മൂട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്.

കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായ പ്രവർത്തനങ്ങൾ. നിലവിൽ നടത്തുന്നത് അടിയന്തിര സേവനം ആണെന്നും കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ ദുരന്തബാധിതരിൽ എത്തിക്കുമെന്നും കെയർ ആൻഡ് ഷെയർ ഡയറക്ടർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

കെയർ ആൻഡ് ഷെയർ വഴി മമ്മൂട്ടിയുടെ കാനഡയിലെയും അമേരിക്കയിലെയും ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരും സഹായം നൽകുന്നുണ്ട്.

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ വൻപരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കേരളത്തിൽ വൻനാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്നും ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സർക്കാർ സംവിധാനം രക്ഷാപ്രവർത്തനത്തിന് എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ടാം തവണ അധികാരത്തിൽ വന്നതോടെ ഒരു തരത്തിലുള്ള വിമർശനവും അംഗീകരിക്കാൻ പറ്റാത്ത നിലയിലാണ് സംസ്ഥാന സർക്കാരുള്ളത്. സ്തുതിപാഠകരുടെ നടുവിലാണ് മുഖ്യമന്ത്രി. നമ്മുടെ ദുരന്തനിവാരണ അതോറിറ്റി ഒരു പരാജയമാണെന്നാണ് വസ്തുതകളുടെ അടിസ്ഥാനത്തിൽ യുഡിഎഫ് പറഞ്ഞത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളതീരത്തേക്കാണ് നീങ്ങുന്നതെന്ന് നാസയും ഇന്ത്യൻ കാലാവസ്ഥാ ഏജൻസികളും വ്യക്തമായി പറഞ്ഞിരുന്നു. അതിതീവ്ര മഴയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചില്ലെന്നും ശക്തമായ മഴയുണ്ടായ ശേഷം ഉച്ചയ്ക്ക് ഒരു മണിക്കാണ് മഴ മുന്നറിയിപ്പ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

2018 -ൽ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ ജനപ്രതിനിധികളാണ് തങ്ങൾ. പുഴകളിൽ ഒരടി വെള്ളം ഉയർന്നാൽ എവിടെയൊക്കെ കേറും, രണ്ടടി ഉയർന്നാൽ എവിടെയൊക്കെ പ്രശ്‌നമാകും എന്ന് ഞങ്ങൾ വിവിധ ഏജൻസികളെ കൊണ്ട് പഠിച്ചു വച്ചിരിക്കുകയാണ്. ഇതൊന്നും സർക്കാർ ചെയ്തതല്ല. സർക്കാർ ഒന്നും ചെയ്തില്ല. പമ്പയോ മീനച്ചിലാറോ ഭാരതപ്പുഴയോ ഏത് നദിയോ ആവട്ടെ ഒരടി വെള്ളം പൊങ്ങിയാൽ ഏതൊക്കെ പ്രദേശത്തെ ജനങ്ങളെ ബാധിക്കുമെന്ന ബോധ്യം സർക്കാരിനുണ്ടാവകണം. മഹാപ്രളയത്തിന് ശേഷം എന്തു പഠനമാണ് നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു.

നെതർലെൻഡ്‌സിൽ പോയി തിരിച്ചു വന്നിട്ട് റൂം ഫോർ റിവർ എന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നിട്ട് ആ നിലയിൽ എന്ത് നടപടിയാണ് മുഖ്യമന്ത്രി എടുത്തത്. മഴ/പ്രളയ മുന്നറിയിപ്പ് സംവിധാനം ശാസ്ത്രീയമായി പുനസംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് യുഡിഎഫ് പലതവണ ആവശ്യപ്പെട്ടതാണ്. 2018 ലും 2019ലും 2021 ലും പ്രളയം വരുമ്പോൾ ഇതു തന്നെ ഞങ്ങൾ ആവർത്തിക്കുകയാണ്. നാല് വർഷമായിട്ടും ഒരു പാഠം പഠിച്ചില്ല. ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ രാജ്യദ്രോഹികളും ദേശദ്രോഹികളുമാവുന്ന അവസ്ഥയാണ്. മോദിയുടെ അതേ ലൈനാണ് ഇവിടെയുമുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

ന്യൂഡൽഹി: ഇന്ധന വില വീണ്ടും വർധിച്ചു. ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇന്ധനവില ഇന്ന് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഡൽഹി നഗരത്തിൽ പെട്രോൾ, ഡീസൽ വില 35 പൈസ ഉയർന്ന് 106.54 രൂപയും 95.27 രൂപയുമായി. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 112.44 രൂപയും ഡീസലിന് ലിറ്ററിന് 103.26 രൂപയുമായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 103 രൂപ കടന്നു. ഒരു ലിറ്റർ പെട്രോൾ 103.26 രൂപയ്ക്കാണ് ചെന്നൈയിൽ വിൽക്കുന്നത്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 107.12 രൂപയാണ്. ഡീസലിന് 98 രൂപയാണ് കൊൽക്കത്തയിലെ വില.

ഇന്ധന നിരക്ക് ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം സംസ്ഥാനങ്ങളിലുടനീളം ഇന്ധന നിരക്കുകൾ വ്യത്യാസപ്പെടുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില നിലവിൽ ലിറ്ററിന് 100 രൂപ നിരക്കിന് മുകളിലായി.ഒരാഴ്ച മുൻപാണ് എണ്ണ കമ്പനികൾ ഇന്ധന വില വർദ്ധിപ്പിക്കാൻ ആരംഭിച്ചത്. ഏഴ് ദിവസത്തെ തുടർച്ചയായ വർദ്ധനവിന് ശേഷം ഒക്ടോബർ 12, 13 തീയതികളിൽ വിലവർധന താൽക്കാലികമായി നിർത്തിവച്ചെങ്കിലും രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വില വർധിപ്പിക്കുകയായിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് എണ്ണവിലയിൽ വർധനവ് ഉണ്ടാകുന്നത്. എണ്ണയുടെ ഇറക്കുമതിക്കാരായതിനാൽ ഇന്ത്യ പെട്രോളിനും ഡീസലിനും അന്താരാഷ്ട്ര വിലയ്ക്ക് തുല്യമായ നിരക്കിലാണ് വിൽക്കുന്നത്.