ന്യൂഡൽഹി: കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അമരിന്ദർ സിംഗിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബിജെപി. ബിജെപിയുടെ പഞ്ചാബ് ഇൻചാർജ് ദുഷ്യന്ത് ഗൗതമാണ് ഇക്കാര്യം അറിയിച്ചത്. അമരീന്ദർ സിംഗിന്റെ ഫ്രണ്ട് റിക്വസ്റ്റ് തങ്ങൾ അംഗീകരിച്ചതായും സഖ്യത്തിന് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമരിന്ദറുമായുള്ള സഖ്യത്തിൽ അന്തിമ തീരുമാനം പാർലമെന്ററി ബോർഡിന്റേതാണെങ്കിലും ഞങ്ങളുടെ വാതിൽ അമരിന്ദറിനു വേണ്ടി തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഉന്നമനത്തിനായും ദേശീയ സുരക്ഷയ്ക്കായും പ്രവർത്തിക്കുന്ന സംഘടനകളുമായി കൈകോർക്കാൻ ബിജെപി എപ്പോഴും തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ ബിജെപിയുമായി സീറ്റു പങ്കുവയ്ക്കുന്ന കാര്യത്തിൽ ചർച്ചയ്ക്കു തയ്യാറാണെന്നായിരുന്നു അമരിന്ദർ സിംഗിന്റെ പ്രഖ്യാപനം. പഞ്ചാബിന്റെയും അവിടുത്തെ ജനത്തിന്റെയും താൽപര്യങ്ങൾക്കു വേണ്ടി സ്വന്തം രാഷ്ട്രീയ കക്ഷി രൂപീകരിക്കുമെന്നു അമരിന്ദർ പറഞ്ഞതായി അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് രവീൺ തുക്‌റാൽ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കർഷകരുടെ താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും അമരിന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു.

