General (Page 1,364)

തൃശ്ശൂർ: അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നു. മഴ മാറി അതിരപ്പള്ളി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമാനിച്ചത്. കനത്ത മഴയിൽ അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെ തുടർന്നാണ് അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.

വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും മലക്കപ്പാറയിലേക്ക് പോകാൻ അനുവദിക്കില്ല. മലക്കപ്പാറ റൂട്ട് 24 വരെ തുറക്കേണ്ടെന്ന് തീരുമാനം. സംസ്ഥാനത്ത് മഴ കുറഞ്ഞു വരികയാണ്. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യതയുള്ളത്. മറ്റ് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. വ്യാഴാഴ്ച്ച 12 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകളും പിൻവലിച്ചു.

മഴ മാറിയതോടെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് , അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ വെള്ളക്കെട്ടുള്ളത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. എ.സി. റോഡിൽ ഭാഗികമായി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. അതേസമയം മഴ മാറി നിൽക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്താൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്ന കാര്യവും കെ എസ് ഇ ബിയുടെ പരിഗണനയിലാണ്. മഴ മാറി നിന്നാൽ നീരൊഴുക്ക് കുറയുമെന്നും ഡാമിലെ ജലനിരപ്പ് താഴുമെന്നുമാണ് കെഎസ്ഇബി വിലയിരുത്തുന്നത്.

ന്യൂഡൽഹി: ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കുന്ന വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ മന്ത്രാലയങ്ങളുടെ യോഗത്തിലാണ് ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

നിർദ്ദേശം പ്രായോഗികമാക്കുന്നതിനുള്ള തുടർ നടപടികൾ ആലോചിക്കാൻ പ്രധാനമന്ത്രി മന്ത്രാലയ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി സുപ്രധാന തീരുമാനങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.

പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ തുടർന്ന് പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാർഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. അഞ്ചു വർഷം കൊണ്ട് ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ നിർദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തെക്കന്‍ ജില്ലകളിലുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി 39 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇരട്ട ന്യൂനമര്‍ദമാണ് ഈ ദുരന്തത്തിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ആദരാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു.

ഒക്ടോബര്‍ 18,19 തീയതികളിലായിട്ട് മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് നിലവില്‍ 304 ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. ഇവിടെങ്ങളിലായി 3851 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ആകെ 217 വീടുകള്‍ പൂര്‍ണ്ണമായും 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ഒരിക്കലും കൈവിടില്ലെന്നും അപ്രതീക്ഷിതമായാണ് ദുരന്തം സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതിയെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് നിയമസഭ സമ്മേളനം ഒഴിവാക്കുകയും ചെയ്തു.

veena

പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ മഴക്കെടുതിയില്‍ ആധാരം ഉള്‍പ്പെടെ യുള്ള നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വെള്ളപ്പൊക്കത്തില്‍ അപ്രോച്ച്‌റോഡ് ഒഴുകിപ്പോയ പുറംമറ്റത്തെ കോമളം പാലത്തിന് സമീപം അടിഞ്ഞുകൂടിയ കല്ലും മണ്ണും തടിയും അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ മുഴുവന്‍ പാലങ്ങളും പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

യോഗത്തില്‍ എംഎല്‍എമാരായ മാത്യു ടി തോമസ്, അഡ്വ.പ്രമോദ് നാരായണ്‍, ഡോ. ദിവ്യ എസ്. അയ്യര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് അത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ പുറത്തുനിന്ന് ആളുകള്‍ വരുന്നത് കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി ഇനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ദുരിതാശ്വാസ ക്യാമ്പില്‍ പച്ചക്കറി എത്തുന്നത് ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടമാര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

മഴക്കെടുതികള്‍ കാരണം വീട്, കൃഷി, റോഡ്, മൃഗ സമ്പത്ത്, വൈദ്യുതി തുടങ്ങിയ മേഖലയിലുണ്ടായ നാശ നഷ്ടം കണക്കാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.

ലുധിയാന: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തിയ ഒരു മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംബന്ധിച്ച സൂചനകൾ നൽകിയത്. 2022 ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന പഞ്ചാബ് നിയസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നത്. സെപ്തംബർ 18 നാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നവജോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ച കോൺഗ്രസ് ഹൈക്കമാന്റിന്റെ നടപടിയും തന്നോടാലോചിക്കാതെ വിളിച്ച നിയമസഭാകക്ഷിയോഗത്തെ തുടർന്നുണ്ടായ അപമാനവും മൂലമായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. ബിജെപിക്ക് പുറമെ അകാലിദളിലെ ചില ഗ്രൂപ്പുകളുമായും സഖ്യമുണ്ടാക്കുമെന്നാണ് സൂചനകൾ.

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹോമിയോ – മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ പോര് കടുക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മോഡേൺ മെഡിസിൻ ഡോക്ടർമാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹോമിയോ പ്രതിരോധ മരുന്നിനെതിരെ ശിശുരോഗ വിദഗ്ധരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. യാതൊരു വിധ ശാസ്ത്രീയ പിന്തുണയുമില്ലാത്ത മരുന്ന് കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. അതേസമയം ഈ ആരോപണങ്ങളെല്ലാം ഹോമിയോക്കെതിരായ കുപ്രചാരണങ്ങളാണെന്നും മരുന്ന് സുരക്ഷിതമാണെന്നുമെന്നുമാണ് ഹോമിയോ ഡോക്ടർമാർ പറയുന്നത്.

ആർസെനികം ആൽബം എന്ന മരുന്ന് കോവിഡിനെിതിരെ ഫലപ്രദമാണെന്ന് ഇത് വരെ തെളിയിക്കപ്പെടാത്തതാണെന്നാണ് മോഡേൺ മെഡിസിൻ ഡോക്ടർമാർ പറയുന്നത്. കുട്ടികളെ കോവിഡ് സാരമായി ബാധിക്കില്ലെന്നാണ് ഇത് വരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ കുട്ടികളെ കോവിഡ് പ്രതിരോധ ശീലങ്ങൾ പഠിപ്പിക്കുകയാണ് വേണ്ടതെന്നും ഇത്തരം മരുന്നുകൾ നൽകുകയല്ല വേണ്ടതെന്നും ഐഎംഎയും വ്യക്തമാക്കുന്നുണ്ട്.

ഹോമിയോ മരുന്നിൽ ആർസെനിക് സാന്നിദ്ധ്യമുണ്ടെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മോഡേൺ മെഡിസിൻ ഡോക്ടമാർ ആരോപിക്കുന്നു. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് ഇതിന് തെളിവായി കാണിക്കുന്നത്. ഇത് വരെ ഒരാളിൽ പോലും പരീക്ഷിച്ച് ഗുണനിലവാരം ഉറപ്പിക്കാത്ത മരുന്നാണ് ആർസനികം ആൽബുമമെന്നും സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു കാരണവശാലും ഈ മരുന്ന് നൽകരുതെന്നും മോഡേൺ മെഡിസിൻ ഡോക്ടർമാർ ആവശ്യപ്പെടുന്നു.

മരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ഹോമിയോ ഡോക്ടർമാർ പറയുന്നത്. ഏതെങ്കിലും സ്വകാര്യ ലാബിൽ നടത്തിയ പരിശോധന റിപ്പോർട്ട് വിശ്വാസയോഗ്യമല്ല. ആർസനിക് ആൽബം സുരക്ഷിതമാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണിത്. അത് കുട്ടികൾക്ക് കൊടുക്കുന്നത് കൊണ്ട് യാതൊരു ദോഷവുമില്ല. ഹോമിയോയ്ക്ക് എതിരായ കുപ്രചരണം മാത്രമാണ് ഐഎംഎ ഉൾപ്പെടെ നടത്തുന്നതെന്നും ഹോമിയോ ഡോക്ടർമാർ അറിയിച്ചു.

കോവിഡ് ലക്ഷണങ്ങളായ പനിയ്ക്കും ചുമയ്ക്കുമെല്ലാം നൽകുന്ന മരുന്നാണാണിത്. രോഗ തീവ്ര അനുസരിച്ച് മരുന്ന് മാറ്റി നൽകുകയാണ് ചെയ്യുന്നത്. സിസിആർഎച്ച് 6,25,000 പേരിൽ പഠനം നടത്തിയിട്ടുണ്ട്. മരുന്ന് 99.3 ശതമാനം ഫലപ്രദമാമെന്ന് കണ്ടെത്തിയെന്നും ഹോമിയോ ഡോക്ടർ വ്യക്തമാക്കി.

തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പമാണ് കേരളത്തിന്റെ മനസെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിയെ കൈകാര്യം ചെയ്യുന്നതിലും അതീവ ശ്രദ്ധ വേണമെന്നതാണ് പ്രകൃതി ദുരന്തങ്ങൾ ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴക്കെടുതിയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ വില്ലേജിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണം. കേരളത്തിന് പുറമേ 20ൽ അധികം സംസ്ഥാനങ്ങളിലാണ് ഈ സീസണിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ എല്ലാവരും ആശങ്കാകുലരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കല്ലിയൂർ എം.എൻ.എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. എ.വിൻസെന്റ് എം.എൽ.എ, ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരോടൊപ്പമാണ് ഗവർണർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചത്.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ വേഗത നിർണയിക്കുന്ന ആർ-വാല്യൂ നിരക്ക് കുറയുന്നു. രാജ്യത്തെ ആർ-വാല്യൂ നിരക്ക് സെപ്റ്റംബർ മാസം മുതൽ ഒന്നിന് താഴെയാണ്. ഇന്ത്യയിൽ കോവിഡ് പടരുന്നതിന്റെ തോത് കുറഞ്ഞുവരികയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

രോഗബാധിതനായ വ്യക്തി ശരാശരി എത്ര പേർക്ക് രോഗം പടർത്തുന്നുവെന്നതാണ് റീപ്രൊഡക്ഷൻ നമ്പർ അഥവാ ‘ആർ’ എന്നത്. എത്രമാത്രം ശക്തമായി വൈറസ് പടരുന്നുവെന്നും ആർ വാല്യൂ നിരക്കിലൂടെ മനസിലാക്കാൻ കഴിയും. ആർ-വാല്യൂ ഒന്നിൽ താഴെയാണെങ്കിൽ രോഗം വളരെ സാവധാനമാണ് പടരുന്നത്.

ഏറ്റവും കൂടുതൽ സജീവ രോഗികളുള്ള രാജ്യത്തെ ആദ്യ പത്ത് സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാലും ആർ-വാല്യൂ ഒന്നിന് താഴെയാണ്. എന്നാൽ രാജ്യത്തെ കൊൽക്കത്ത, ബെംഗളൂരു നഗരങ്ങളിൽ ആർ വാല്യൂ ഒന്നിന് മുകളിലാണ്. ചെന്നൈ, പൂനെ, മുംബൈ നഗരങ്ങളിൽ ഒന്നിനോട് അടുത്താണ് ആർ-വാല്യൂ. സെപ്റ്റംബർ 25 നും ഒക്ടോബർ 18 നും ഇടയിലുള്ള കണക്ക് പ്രകാരം 0.90 ആണ് രാജ്യത്തെ ആർ-വാല്യൂ. സെപ്റ്റംബർ മൂന്ന് വരെ 1.11 ആയിരുന്നു ഇന്ത്യയിലെ ആർ വാല്യു. അതേസമയം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച്ച 14,623 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്.

ജറുസലേം: ഇന്ത്യയിലെയും ഇസ്രായേലിലെയും ജനസമൂഹങ്ങൾ തമ്മിൽ പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ജറുസലേമിൽ ഇന്ത്യൻ ജൂതസമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണൂറ് കൊല്ലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഹൃദയ ബന്ധത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കൊച്ചിയിലെ ജൂതപാരമ്പര്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധമാണ് നൂറ്റാണ്ടുകൾ നീണ്ട സാഹോദര്യത്തെ ഇടമുറിയാതെ നിർത്തുന്നത്. മാലിദ അനുഷ്ഠാനങ്ങളും മംഗളസൂത്രവും മെഹന്തിയും മുല്ലമാലകൾ കൊണ്ട് തോറകൾ അലങ്കരിക്കുന്നതും കൊച്ചിയിലെ ജൂതസമൂഹവുമെല്ലാം ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ഐക്യത്തിന്റെ അടയാളങ്ങളാണ്. ജറുസലേമുമായുള്ള ഇന്ത്യയുടെ ബന്ധം 800 വർഷം പഴക്കമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സൂഫി സംന്യാസിമാരിൽ ഒരാളായ ബാബ ഫരീദ്, ജറുസലേമിലെ നഗര മതിലുകൾക്കുള്ളിലെ ഒരു ഗുഹയിൽ ധ്യാനിച്ചു. ഈ സ്ഥലം പിന്നീട് ഒരു ആരാധനാലയവും തീർത്ഥാടന കേന്ദ്രവുമായി മാറി. സിനഗോഗിൽ പ്രവേശിക്കുന്നതിനു മുമ്പ് ചെരിപ്പ് അഴിച്ചുവയ്ക്കുന്ന ഭാരതീയശൈലി ഇസ്രയേലി ജനത സ്വീകരിച്ചുവെന്നും ഓണം, ഹോളി, ദീപാവലി തുടങ്ങിയ ഉത്സവങ്ങളൊക്കെ ഇസ്രയേലും ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരതത്തിന്റെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഇന്ത്യൻ ജൂതന്മാരുടെ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജറുസലേമിലെ താൽപിയോട്ടിൽ, ഒന്നാം ലോകമഹായുദ്ധത്തിൽ ബലിദാനികളായ ഇന്ത്യൻ സൈനികരുടെ സ്മൃതികുടീരത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.

കോട്ടയം: കോട്ടയം ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അറിയിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ സ്ഥലങ്ങളും കൂട്ടിക്കൽ, തീക്കോയി മേഖലകളിലാണ്. കൂട്ടിക്കലിൽ 11 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ സ്വമേധയാ മാറിയില്ലെങ്കിൽ മാറ്റാൻ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റാൻ കെഎസ്ആർടിസി സൗകര്യമൊരുക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് കോട്ടയം ജില്ലാ കളക്ടർ പറഞ്ഞു. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനുള്ള മത്സ്യ ബന്ധന വള്ളങ്ങൾ ചങ്ങനാശേരി മുനിസിപ്പൽ ഗ്രൗണ്ടിൽ എത്തിച്ചിട്ടുണ്ട്.