General (Page 1,351)

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 30 അന്തർസർവ്വകലാശാലാ സ്വയംഭരണ പഠനകേന്ദ്രങ്ങളിലൊന്ന് വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ഡോ. താണു പത്മനാഭന്റെ പേരിൽ കേരള സർവ്വകലാശാലയിൽ സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. സർവ്വകലാശാലയിൽ സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് സിസ്റ്റവും ലൈബ്രറിയിലെ ഡിജിറ്റൽ ഇന്നോവേറ്റിവ് സേവനങ്ങളും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകനിലവാരത്തിലുള്ള സ്ഥാപനമായാണ് കേരള സർവ്വകലാശാലയിലെ അന്തർസർവ്വകലാശാലാ പഠനകേന്ദ്രത്തെ വിഭാവനം ചെയ്യുന്നതെന്നും ലോകത്തെ മറ്റു മാതൃകകളിൽ നിന്നും വ്യത്യസ്തമായ വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കാനാണ് കേരളത്തിന്റെ ഒരുക്കമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ ആർജ്ജിച്ച നേട്ടങ്ങളുടെ മുന്നോട്ടുപോക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ നടപ്പാക്കുന്ന നവകേരള പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പുകൾ അതിന്റെ ഭാഗമാണ്. കേരളത്തിന്റെ വ്യതിരിക്തമായ അനുഭവങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഗവേഷണത്തിനാണ് അവസരമൊരുക്കുന്നതെന്ന് മന്ത്രി വിശദമാക്കി.

ഗവേഷണതാത്പര്യമുള്ളവർക്ക് സാമ്പത്തികവും സാമൂഹികവും സ്ഥാപനപരവുമായ പിന്തുണ കൊടുക്കുകയെന്ന സർക്കാരിന്റെ കാഴ്ചപ്പാടാണ് നവകേരള പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് പിന്നിലുള്ളത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെയും ആകർഷിക്കാൻ കഴിയുന്ന ഗവേഷണസൗകര്യങ്ങൾ കേരളത്തിന് ഒരുക്കാനാണ് പദ്ധതിയിടുന്നതെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.

ആലപ്പുഴ: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉപാധികളൊന്നുമില്ലാതെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത് ഭാരവാഹിയാകാനാണോ എന്ന സംശയം ഉണ്ടാകാതിരിക്കാനാണ് പുനഃസംഘടന കഴിയുന്നതു വരെ അദ്ദേഹം കാത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഭാരവാഹിത്വവും വഹിക്കാൻ താൽപര്യമില്ലെന്ന് ചെറിയാൻ ഫിലിപ്പ് അറിയിച്ചിട്ടുണ്ട്. സിപിഎമ്മിനെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. രണ്ടു മൂന്നു പേർ കോൺഗ്രസ് വിട്ടു പോയപ്പോൾ സി.പി.എം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അന്നു ഞങ്ങൾ പറഞ്ഞിരുന്നതാണ്. ചെറിയാൻ ഫിലിപ്പിന്റെ പാർട്ടിയിലേക്കുള്ള തിരിച്ചു വരവ് അതിന്റെ തുടക്കമാണെന്നാണ് അദ്ദേഹം പറയുന്നത്.

ഇതിനു മുൻപ് എറണാകുളത്ത് ആയിരത്തിലധികം പേരും കോഴിക്കട്, മലപ്പുറം തിരുവനന്തപുരം ജില്ലകളിൽ നൂറുകണക്കിനു പേരും കോൺഗ്രസിൽ ചേർന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞത് കൂടുതൽ വിവരങ്ങൾ അറിയാവുന്നതിനാലാണ്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമാണ്. നൂറു ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നത്. ഇന്ന് കസ്റ്റസ് അദ്ദേഹത്തെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വത്തിക്കാൻ സിറ്റി: മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടിക്കാഴ്ച്ചയിൽ പ്രധാനമന്ത്രി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഒരു മണിക്കൂറിലേറെ നേരം ഇരുവരും തമ്മിൽ സംസാരിച്ചു. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ മാർപാപ്പയുമായി സംസാരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വത്തിക്കാനിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് അധികൃതർ ഒരുക്കിയിരുന്നത്. രണ്ട് കോവിഡ് തരംഗങ്ങളെ രാജ്യം അതിജീവിച്ചത് എങ്ങനെയാണെന്ന് മോദി മാർപാപ്പയെ അറിയിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പോപ്പ് ഫ്രാൻസിസ് അനുശോചനം അറിയിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദാരിദ്ര്യ നിർമാർജനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി വത്തിക്കാനിൽ നിന്നും മടങ്ങുകയും ചെയ്തു.

അടൽ ബിഹാരി വാജ്‌പേയ് മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഐ കെ ഗുജ്‌റാൾ തുടങ്ങിയവരും മുൻപ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകൾ ആദ്യ ആഴ്ചകളിൽ ലളിതമായ തരത്തിലുള്ള ക്ലാസുകൾ മാത്രമായിരിക്കും സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

പല അധ്യാപകരും ഇനിയും വാക്സിൻ എടുത്തിട്ടില്ല. കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്ത അധ്യാപകർ സ്‌കൂളുകളിൽ ക്ലാസ് എടുക്കുവാൻ വരണമെന്നില്ല. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധ്യാന്യം നൽകുകയെന്നും അദ്ദേഹം വിശദമാക്കി. നവംബർ ഒന്നു മുതലാണ് സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നത്.

ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്നു മുതൽ ആരംഭിക്കുന്നത്. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നിലപാട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ മതേതരത്വ നിലപാട് പൊള്ളയാണെന്ന് ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ എല്ലാവർക്കും ബോധ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരു വിഭാഗത്തിനോട് പക്ഷപാതിത്വം കാണിച്ച സർക്കാർ തെറ്റുതിരുത്താൻ തയ്യാറാവണം. രണ്ട് ന്യൂനപക്ഷവിഭാഗങ്ങളെയും തുല്ല്യമായി കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കം ഈ കേസിൽ ഇല്ലാത്തത് എന്താണെന്ന് അദ്ദേഹംചോദിച്ചു.

ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ല. എല്ലാവർക്കും അവകാശങ്ങൾ ലഭ്യമാക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് കോടതി വിധി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യം കാണിക്കണം. വോട്ട് ബാങ്ക് താത്പര്യം മാറ്റിവെച്ച് സർക്കാരും ഇടതുമുന്നണിയും എല്ലാവർക്കും തുല്ല്യനീതി ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയ വിഷയത്തിൽ പ്രതികരണവുമായി സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ചെറിയാൻ ഫിലിപ്പ് സി പി എം അംഗമായിരുന്നില്ലെന്നും ഇടതുപക്ഷ സഹയാത്രികൻ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ് പ്രവേശനം ഇടത് പക്ഷത്തെയോ പാർട്ടിയെയോ ബാധിക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

ചെറിയാൻ ഫിലിപ്പ് പാർട്ടി അംഗമല്ല. അദ്ദേഹത്തിന് സംഘടനാ ചുമതലയും ഉണ്ടായിരുന്നില്ല. എകനായി വന്ന അദ്ദേഹം ഏകനായി തന്നെ മടങ്ങുകയാണെന്ന് പാർട്ടിക്ക് സഹയാത്രികർ ധാരാളമുണ്ട്. അവരുടെ പ്രവർത്തനങ്ങളോട് പാർട്ടിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ചുളള ആരോപണത്തിൽ മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലായപ്പോൾ പറയുന്നത് അങ്ങനെ കണ്ടാൽ മതിയെന്നും ചൂണ്ടിക്കാട്ടി.

20 വർഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ മടങ്ങിയെത്തിയത്. സിപിഎമ്മിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കുന്നത്. മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ന്യായീകരണത്തൊഴിലാളി ആയാണ് ഇത്രയും കാലം സിപിഎമ്മിൽ പ്രവർത്തിച്ചത്. എകെജി സെന്ററിൽ നടക്കുന്ന രഹസ്യങ്ങളെല്ലാം തനിക്കറിയാം. ഒന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലുളള പലരും ചീങ്കണ്ണികളാണെന്നായിരുന്നുവെന്നാണ് ചെറിയാൻ ഫിലിപ്പ് ആരോപിക്കുന്നത്. സിഎം രവീന്ദ്രൻ സൂപ്പർ സിഎം കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എറ്റവുമധികം വഷളാക്കിയത് രവീന്ദ്രനാണെന്നും അദ്ദേഹം വിമർശിക്കുന്നു. ഓഫീസിൽ വരുന്ന പലരെക്കുറിച്ചും അദ്ദേഹം അറിയുന്നില്ലെന്നും ഒരു അഭിമുഖത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നു.

തിരുവനന്തപുരം: ഇന്ധനവില വർധനവിലൂടെ നടപ്പുസാമ്പത്തിക വർഷം സംസ്ഥാനത്തിന് ലഭിച്ചത് 201.93 കോടി രൂപയുടെ അധികവരുമാനം. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വില വർധനവിലൂടെ പെട്രോളിൽ നിന്ന് 110.59 കോടി രൂപയും ഡീസലിൽ നിന്ന് 91.34 കോടി രൂപയുമാണ് സംസ്ഥാനത്തിന് കൂടുതലായി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നികുതി വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വ്യാഴാഴ്ചയും രാജ്യത്തെ ഇന്ധനവിലയിൽ വർധവ് രേഖപ്പെടുത്തി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.59 രൂപയും. ഡീസലിന് 104.30 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 108.55 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില. കഴിഞ്ഞ ഒരുമാസത്തിനിടെ ഡീസലിന്റെ വിലയിൽ 8.49 രൂപയുടെ വർധനവാണുണ്ടായത്. പെട്രോളിന് 6.75 രൂപയും വർധിച്ചിട്ടുണ്ട്.

പനാജി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അടുത്ത കുറച്ചു പതിറ്റാണ്ടു കാലത്തേയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും ഇതു തിരിച്ചറിയാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോവയിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. അദ്ദേഹത്തിന്റെ പ്രസംഗം ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. കോൺഗ്രസുമായുള്ള പ്രശാന്തിന്റെ ചർച്ചകൾ പരാജയപ്പെട്ടതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

കോൺഗ്രസിന്റെ ആദ്യ 40 വർഷം പോലെ. ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ആകുകയാണ്. ബിജെപി എങ്ങും പോകില്ല. ഇന്ത്യയിൽ 30 ശതമാനത്തിലധികം വോട്ടുകൾ നേടിയാൽ പിന്നെ തിടുക്കത്തിൽ കളത്തിനു പുറത്തുപോകില്ല. അതുകൊണ്ട് രോഷാകുലരായ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നു പുറത്താക്കുമെന്നു പറയുന്ന കെണിയിൽ നിങ്ങൾ വീഴരുത്. ഒരുപക്ഷേ മോദിയെ അവർ പുറത്താക്കിയേക്കാം. പക്ഷേ ബിജെപിയെ പുറത്താക്കാൻ സാധിക്കില്ലെന്നും അവർ ഉറപ്പായിട്ടും ഇവിടെ കാണുമെന്നുമാണ് പ്രശാന്ത് കിഷോർ പറയുന്നത്.

ഇതു തിരിച്ചറിയാൻ സാധിക്കാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്‌നം. അധികം താമസിക്കാതെ തന്നെ ജനങ്ങൾ മോദിയെ പുറത്താക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ അതു സംഭവിക്കില്ല. നരേന്ദ്ര മോദിയുടെ ശക്തി മനസ്സിലാക്കാതെ പോരാടിയാൽ അദ്ദേഹത്തെ പുറത്താക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. നേരത്തെ പ്രശാന്ത് കോൺഗ്രസിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രശാന്തുമായി നേതാക്കൾ ചർച്ച നടത്തുകയും ചെയ്തു. എന്നാൽ പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കാനുള്ള സമ്പൂർണ അധികാരം വേണമെന്ന് പ്രശാന്തിന്റെ നിലപാടിനു മുന്നിൽ ചർച്ച വഴിമുട്ടിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായാണ് പ്രശാന്ത് കോൺഗ്രസിനൊപ്പം പ്രവർത്തിക്കുന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്.

കൊച്ചി: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മോൻസൺ കേസുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. മോൻസണിന്റെ വീട്ടിൽ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്നാണ് കോടതി ചോദിച്ചത്. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവർക്ക് മനസ്സിലായില്ലേയെന്നും കോടതി ചോദിച്ചു. ഐ.ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച് സർക്കാർ വിശദീകരണം അപൂർണമാണെന്നും കോടതി വ്യക്തമാക്കി.

മോൻസൺ കേസിൽ പോലീസ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പ്രതികരണം. സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ് ചെയ്യുന്നതെന്നാണ് കോടതി നിരീക്ഷിക്കുന്നത്. മോൻസണിന്റെ വീട് സന്ദർശിച്ച ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും അവിടെ നടക്കുന്ന തട്ടിപ്പ് ബോധ്യപ്പെട്ടില്ലേയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

നാട്ടിൽ പുരാവസ്തുക്കൾ സൂക്ഷിക്കുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നോയെന്നും എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോൻസണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു.

2019 മെയ് മാസം 11-ാം തീയതിയാണ് മോൻസണിനെതിരെ ഇന്റലിജൻസ് അന്വേഷണത്തിന് എ.ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോൻസൺ തന്റെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകുന്നത്. മോൻസണിനെതിരെ സംശയം ഉണ്ടായിട്ടും പോലീസ് എന്തിന് സംരക്ഷണം നൽകി. ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ ഭാഗമായ ഈ കേസ് പോലീസ് അന്വേഷിച്ചാൽ മതിയാകുമോയെന്നും കോടതി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പെഗാസെസിൽ സുപ്രീംകോടതി വിധിയ്ക്ക് പിന്തുണ നൽകി കോൺഗ്രസ് നേതാവ് ശശി തരൂർ. ജനാധിപത്യത്തിൽ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഭരണകൂടത്തിന് ഒളിച്ചോടാനാവില്ലെന്ന പരമമായ യാഥാർത്ഥ്യത്തിലേക്കാണ് പെഗാസെസുമായി ബന്ധപ്പെട്ട വിധിയിലൂടെ സുപ്രീംകോടതി വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം വിമർശനവും ഉന്നയിച്ചു.

ദേശ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായൊരു വിഷയത്തിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്ത സർക്കാർ നിലപാട് അതീവ ഗുരുതരമാണ്. ജനാധിപത്യത്തേയും ജനങ്ങളേയും അപഹസിക്കുന്ന സമീപനമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ചർച്ചയിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ ഒഴിഞ്ഞുമാറുന്നതാണ് അല്ലാതെ ഇതിന്റെ ഫലമായി നിയമനിർമ്മാണ സഭകളെ ജുഡീഷ്യറി മറികടക്കുന്നതല്ല പാർലമെന്റ് നേരിടുന്ന യഥാർത്ഥ അപമാനമെന്നും അദ്ദേഹം പറഞ്ഞു. വിവര സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ അധ്യക്ഷനായിട്ടും പെഗാസെസിൽ സുപ്രീംകോടതി അന്വേഷണം താൻ ആവശ്യപ്പെട്ടപ്പോൾ അത് പലരേയും അത്ഭുതപ്പെടുത്തിയിരുന്നു എന്നാൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച വിധി എല്ലാവരുടെയും കണ്ണുതുറപ്പിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യം പുറത്തുവരെട്ടെ, നീതി നിറവേറട്ടെയെന്നും അദ്ദേഹം പറയുന്നു.

പല തവണ ചർച്ച ആവശ്യപ്പെട്ടിട്ടും തീർത്തും നിഷേധാത്മകമായ സമീപനമാണ് ഭരണകൂടം സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്നും ഐടി, ടെലികോം, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെക്കൂടി തടയുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. വാട്ടർഗേറ്റ് വിവാദത്തിൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന് രാജിവെയ്ക്കേണ്ടി വന്നപ്പോൾ ഇവിടെ പെഗസ്സസ് ചോർത്തൽ പട്ടികയിൽ പേരുള്ള ഐടി മന്ത്രിയുടെ അഴകൊഴൻ ന്യായീകരണം മാത്രമാണുണ്ടായത്. ഒരു മന്ത്രിയുടെ രാജി പോലും സാദ്ധ്യമാക്കാക്കാത്ത വിധത്തിൽ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾ ദുർബ്ബലമായിരിക്കുന്ന അവസ്ഥയിലാണ് ഈ വിധി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.