General (Page 1,350)

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിൽ സഹകരിക്കാനുള്ള പുതിയ മേഖലകൾ കണ്ടെത്താൻ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. അടുത്ത 10 വർഷത്തേക്ക് ഏതൊക്കെ പുതിയ പ്രതിരോധമേഖലകളിൽ ഇരുരാജ്യങ്ങൾക്കും സഹകരിക്കാനാവുമെന്ന കാര്യത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ഈ പ്രത്യേക ദൗത്യസംഘത്തിന്റെ ലക്ഷ്യം.

ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ മേജർ ജനറൽ (റിട്ട.) അമീർ ഇഷെൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ടെൽ അവീവിൽ നടന്ന ഉഭയകക്ഷി പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത പ്രവർത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അഭ്യാസപ്രകടനങ്ങൾ, പ്രതിരോധ വ്യവസായ സഹകരണം എന്നിവയുൾപ്പെടെയുള്ള സൈനികമേഖലയിലെ സഹകരണത്തിലെ പുരോഗതി യോഗം വിലയിരുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി ഉന്നത സമിതിയിൽ അവലോകനം ചെയ്തു. ഗവേഷണ-വികസനം, പ്രതിരോധ രംഗത്തെ ആയുധസംഭരണം യോഗത്തിൽ ചർച്ച ചെയ്തു.

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. സത്യം ജയിക്കുമെന്നായിരുന്നു ജയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയ നീക്കമായിരുന്നു കേസെന്നും ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാർട്ടിയാണ് കേസിന് പിന്നിലെന്നുമാണ് ബിനീഷിന്റെ ആരോപണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞ പേരുകൾ പറയാൻ തയ്യാറാകാതിരുന്നത് കാരണമാണ് തന്റെ ജയിൽവാസം നീണ്ടതെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം പിന്മാറി. ഇതോടെ ബിനീഷിന്റെ മോചനം നീണ്ടു പോകുകയായിരുന്നു.

അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരുന്നത്. കർണാടകയിൽ നിന്നുള്ള ആളുകൾ തന്നെയായിരുന്നു ജാമ്യക്കാരായി വേണ്ടത്. ഇതിനായി കണ്ടെത്തിയ ആളുകളാണ് അവസാന നിമിഷം പിന്മാറിയത്. ജാമ്യം നിൽക്കാനായി പകരം ആളുകളെ എത്തിച്ചെങ്കിലും സമയം വൈകുകയായിരുന്നു. കേസിൽ ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് കോടിയേരി പുറത്തിറങ്ങുന്നത്.

റോം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കായി പങ്കെടുക്കാനായി റോമിൽ എത്തിയതായിരുന്നു അദ്ദേഹം. ആഗോള വിഷയംങ്ങളെ കുറിച്ച് നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു. ലോകനേതാക്കളുമായി അദ്ദേഹം സൗഹൃദം പങ്കിടുകയും ചെയ്തു.

ഉച്ചകോടി ഔദ്യോഗികമായി ആരംഭിക്കുന്നതിന് പുറമെ ലോകനേതാക്കളുമായി മോദി ആശയവിനിമയം നടത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചിരുന്നത്. ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി മോദി ആശയവിനിമയം നടത്തുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

റോമിലെത്തിയ പ്രധാനമന്ത്രി അവിടുത്തെ ഇന്ത്യൻ സമൂഹമായും ആശയവിനിമയം നടത്തിയിരുന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, റോമിലെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോർ ദേർ ലെയെൻ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.

12 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാമന്ത്രി റോമിലെത്തുന്നത്. അതേസമയം റോം സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യുകെയിലേക്ക് പോകും. യുകെയിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോപ്പ്26 സമ്മേളനത്തിലും അദ്ദേഹം പങ്കുചേരും.

മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി അറസ്റ്റ് ചെയ്ത നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിൽമോചിതനായെങ്കിലും ജാമ്യം കിട്ടിയ കൂട്ട് പ്രതികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കേസിൽ അറസ്റ്റിലായ അർബ്ബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഇതുവരെ ജയിൽമോചിതരായില്ല. ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട ചില രേഖകൾ തയ്യാറാക്കുന്നതിലെ കാലതാമസമാണ് അർബാസിന് ജയിൽ മോചിതനാകാൻ തടസം സൃഷ്ടിക്കുന്നത്.

അർബ്ബാസിന്റെ ജാമ്യ ഉത്തരവ് ഇതുവരെ ആർതർ റോഡ് ജയിലിൽ എത്തിയിട്ടില്ല. അതേസമയം ജാമ്യം നിൽക്കാൻ ഉള്ള ആളെ കണ്ടെത്താൻ കഴിയാതിരുന്നതാണ് മധ്യപ്രദേശ് സ്വദേശിനിയായ ധമേച്ചയ്ക്ക് ജയിൽ മോചിതനാകാൻ കഴിയാത്തതിന്റെ കാരണം. ഇക്കാര്യത്തിൽ ഇളവ് തേടി അഭിഭാഷകർ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എൻസിബി ആവശ്യത്തെ എതിർത്തു. ഇനിയുള്ള ദിനങ്ങളിൽ കോടതി അവധിയായതിനാൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് ജഡ്ജി നൽകിയിരിക്കുന്ന നിർദ്ദേശം.

ഇന്ന് രാവിലെയോടെയാണ് ആര്യൻ ഖാൻ ജയിൽ മോചിതനായത്. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻ പുറത്തിറങ്ങിയത്. കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാന് വെള്ളിയാഴ്ച്ച ജയിൽ മോചിതനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നടപടിക്രമങ്ങൾ വൈകിയതോടെ ജയിൽ മോചനം ശനിയാഴ്ച്ചത്തേക്ക് നീണ്ടുപോകുകയായിരുന്നു. ഉപാധികളോടെയാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്നിനാണ് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: പ്രമുഖ സിനിമ സംവിധായകനും ഛായാഗ്രഹകനുമായിരുന്ന ക്രോസ്‌ബെൽറ്റ് മണി അന്തരിച്ചു. 86 വയസാിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്.

അൻപതോളം സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. പത്തോളം സിനിമകൾക്ക് ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്. ക്രോസ്‌ബെൽറ്റ് മണി ആദ്യമായി സംവിധാനം ചെയ്ത ചിത്രം 1967-ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ്. 1970 ൽ പുറത്തിറങ്ങിയ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെയാണ് അദ്ദേഹം പ്രശസ്തനായത്. പിന്നീടാണ് അദ്ദേഹം ക്രോസ്‌ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചത്.

കെ.വേലായുധൻ നായർ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. തിരുവനന്തപുരം വലിയശാലയിൽ കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22 നായിരുന്നു അദ്ദേഹം ജനിച്ചത്. ഫോട്ടോഗ്രാഫിയിലുള്ള താത്പര്യത്തെ തുടർന്ന് അദ്ദേഹം സിനിമാ മേഖലയിലെത്തുന്നത്. 1956 മുതൽ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഛായാഗ്രഹണത്തെയും സംവിധാനത്തെയും കുറിച്ച് അദ്ദേഹം കൂടുതൽ വിവരങ്ങൾ മനസിലാക്കുന്നചത് ഇവിടെ നിന്നാണ്. സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതര മതങ്ങളും ക്രൈസ്തവ സഭകളുമായുള്ള ബന്ധം പരിപോഷിപ്പിക്കാൻ സന്ദർശനം ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യക്കാർക്ക് അഭിമാനനിമിഷമാണിതെന്ന് കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവാ പറഞ്ഞു. തീരുമാനം ഭാരതത്തിലെ സമൂഹങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവാകുമെന്നും പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള ചർച്ച ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ഏറെ ആഹ്ലാദകരമാണെന്നാണ് വരാപ്പുഴ അതിരൂപതാധ്യക്ഷൻ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശദമാക്കുന്നത്. സന്ദർശന പരിപാടിയിൽ കേരളവും ഉൾപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ശനിയാഴ്ച്ച ഫ്രാൻസിസ് മാർപാപ്പ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹത്തെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഒരു മണിക്കൂറിലേറെ നേരമാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ മാർപാപ്പയുമായി സംസാരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയപ്പെട്ടു. മിനിമം ഗ്യാരന്റി തുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ അംഗീകരിച്ചില്ല. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

മലയാള സിനിമയിൽ മിനിമം ഗ്യാരന്റി തുകയില്ലെന്നും അഡ്വാൻസ് നൽകാമെന്നായിരുന്നു തിയേറ്റർ ഉടമകൾ അറിയിച്ചത്. ഒ.ടി.ടിയിൽ നിന്ന് സിനിമയ്ക്ക് വലിയ ഓഫറുണ്ടാകാമെങ്കിലും അത്രയും തുക നൽകാൻ കഴിയില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി.

ഒ.ടി.ടിയിൽ റിലീസ് ചെയ്താൽ വലിയൊരു തുക പ്രതിഫലം ലഭിക്കുമെന്നും സമാനമായ രീതിയിൽ മിനിമം ഗ്യാരന്റിയെങ്കിലും നൽകണമെന്നുമായിരുന്നു ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ച ആവശ്യം. അതേസമയം പത്ത് കോടി രൂപ അഡ്വാൻസ് നൽകാമെങ്കിലും സിനിമയ്ക്ക് മിനിമം ഗാരന്റി തുക നൽകാൻ കഴിയില്ലെന്നും മരക്കാർ തിയേറ്ററിൽ വരണമെന്നാണ് ആഗ്രഹമെന്നും ഫിയോക് അറിയിച്ചു.

വാഷിംഗ്ടൺ: അമേരിക്കയിൽ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാം. കുട്ടികൾക്ക വാക്‌സിൻ നൽകാൻ അമേരിക്ക അംഗീകാരം നൽകി. വെള്ളിയാഴ്ച്ചയാണ് അധികൃതർ വാക്സിന് അംഗീകാരം നൽകിയത്. ഇതോടെ 28 മില്യൺ അമേരിക്കൻ യുവാക്കൾക്കാണ് ഉടൻ പ്രതിരോധ കുത്തിവയ്പ് ലഭ്യമാകുന്നത്. 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികളിൽ കോവിഡ് വൈറസിനെതിരായ ഫൈസർ വാക്‌സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. നവംബർ ആദ്യവാരത്തോടെ വാക്‌സിൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.

2,250 ഓളം കുട്ടികളിലാണ് ഫൈസർ വാക്‌സിന്റെ പരീക്ഷണം നടത്തിയതെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ വ്യക്തമാക്കുന്നത്. വാക്‌സിൻ കുത്തിവെയ്ക്കുമ്പോൾ വൈറസിനെതിരെ ആന്റിബോഡികൾ വർധിക്കുന്നുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നത്.

പത്തനംതിട്ട: പരിധിയിലധികമായി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി റവന്യു മന്ത്രി കെ.രാജൻ. ഭൂരഹിതരില്ലാത്ത കേരളം യാഥാർഥ്യമാകുമ്പോൾ അധിക ഭൂമി പിടിച്ചെടുക്കൽ നടപടി കൂടി പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീ സർവേയ്ക്കായുള്ള നടപടികൾ റവന്യു വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 807 കോടി രൂപയാണ് ഈ സർവ്വേയ്ക്കായി ചെലവഴിക്കുന്നത്.

ഭൂമിയുടെ അതിരുകൾ കൃത്യമായി കണക്കാക്കാനും തുടർ നിരീക്ഷണങ്ങൾക്കുമായി സംസ്ഥാനത്ത് 28 ടവറുകൾ സ്ഥാപിക്കും. ഇതിൽ നിന്നുള്ള സിഗ്‌നലുകൾ കൂടി ഉപയോഗിച്ചാണ് ഡിജിറ്റൽ സർവേ പൂർത്തിയാക്കുക. ഒരേ വ്യക്തി പല തണ്ടപ്പേരിൽ ഭൂമി സ്വന്തമാക്കുന്നതിന് അവസാനമാകും. ഇനി കേരളത്തിൽ എവിടെ ഭൂമി വാങ്ങിയാലും ഒരേ തണ്ടപ്പേരായിരിക്കും നൽകുന്നത്. തണ്ടപ്പേരും ആധാർ നമ്പരുമായി ബന്ധിപ്പിച്ച ശേഷമായിരിക്കും രജിസ്‌ട്രേഷൻ നടപടികളും പൂർത്തീകരിക്കുക. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഭൂമി റജിസ്റ്റർ ചെയ്യുന്നതിലെ സങ്കീർണത അവസാനിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഭൂമി റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്കുവരവ് നടത്താനും സ്ഥലത്തിന്റെ ഭൂപടം ഡൗൺലോഡ് ചെയ്‌തെടുക്കാനും കഴിയും. സേവനങ്ങൾക്കായി വില്ലേജ് ഓഫിസുകളിൽ വരിനിൽക്കേണ്ട അവസ്ഥ വരില്ലെന്നും ഭൂരേഖകൾ കൈ രേഖ പോലെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം പൂർണമായി മാറാത്ത സാഹചര്യത്തിൽ അതും കൂടി മുന്നിൽ കണ്ടാണ് ആക്ഷൻ പ്ലാൻ രൂപീകരിച്ചത്. തീർത്ഥാടകർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ കോവിഡും മറ്റ് പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നൽകും. കേന്ദ്ര സർക്കാരിന്റേയും സ്റ്റേറ്റ് സ്പെസിഫിക് കോവിഡ് പ്രോട്ടോകോൾ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ തീർത്ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവർക്കും കോവിഡ് വന്ന് 3 മാസത്തിനുള്ളിൽ ആയിട്ടുള്ളവർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദർശനം ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

പമ്പ മുതൽ സന്നിധാനം വരെയുളള കാൽനട യാത്രയിൽ തീർത്ഥാടകർക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോൾ ഹൃദയാഘാതം വരെയോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പ് ഈ വഴികളിൽ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നതാണ്. എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ 5 സ്ഥലങ്ങളിലായി സ്ഥാപിക്കും. തളർച്ച അനുഭവപ്പെടുന്ന തീർത്ഥാടർക്ക് വിശ്രമിക്കുവാനും, ഓക്സിജൻ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷർ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീർത്ഥാടകർക്കായി ആട്ടോമേറ്റഡ് എക്സറ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. യാത്രാവേളയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുന്നുവെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷൻ തീയറ്ററും പ്രവർത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും, എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിലും സൗകര്യങ്ങളൊരുക്കി വരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ തീർത്ഥാടകർക്കായി മികച്ച സൗകര്യമൊരുക്കുമെന്ന് വീണാ ജോർജ് വിശദമാക്കി.

തീർത്ഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തിട്ടുണ്ട്. കാസ്പ് കാർഡുള്ള തീർത്ഥാടകർക്ക് എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.

വിവിധ ജില്ലകളിൽ നിന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിക്കും. കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, പർമണോളജി, സർജറി, അനസ്തീഷ്യ എന്നീ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളുടേയും സംസ്ഥാനതല മേൽനോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, നോഡൽ ഓഫീസർ, ഒരു അസി. നോഡൽ ഓഫീസർ തുടങ്ങിയവർ അവിടെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പത്തനംതിട്ട ജില്ലയിലെ മെഡിക്കൽ ഓഫീസർ ജില്ലയുടെ ചുമതലയുള്ള നോഡൽ ഓഫീസറായി പ്രവർത്തിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.