General (Page 1,352)

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തിയത്. രാത്രി പത്തരയോടെ മെഡിക്കൽ കോളേജിലെത്തിയ വീണാ ജോർജ് അത്യാഹിത വിഭാഗത്തിലാണ് ആദ്യം സന്ദർശനം നടത്തിയത്. അത്യാഹിത വിഭാഗത്തിലുള്ള രോഗികളോടും അവരോടൊപ്പം എത്തിയ കൂട്ടിരിപ്പുകാരോടും മന്ത്രി സംസാരിച്ചു.

ഒബ്‌സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവയും മന്ത്രി സന്ദർശിച്ചു. ആരോഗ്യ പ്രവർത്തകരുമായും മന്ത്രി സംസാരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു മന്ത്രിയുടെ സന്ദർശന ലക്ഷ്യം. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചിലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മിന്നൽ സന്ദർശനത്തിന്റെ വീഡിയോ സഹിതം ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ മുന്നറിയിപ്പുകൾ നൽകാതെ ഇന്നലെ രാത്രി 10.30 യ്ക്ക് ശേഷം സന്ദർശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്‌സർവേഷൻ റൂമുകൾ , വാർഡുകൾ എന്നിവ സന്ദർശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചു.

തിരുവനന്തപുരം: കോൺഗ്രസിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രതികരണവുമായി ചെറിയാൻ ഫിലിപ്പ്. അഭയകേന്ദ്രത്തിൽ കിടന്ന് മരിക്കുന്നതിനേക്കാൾ സ്വന്തം വീട്ടിൽ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു. 20 വർഷത്തിന് ശേഷം കോൺഗ്രസിലേക്ക് മടങ്ങുകയാണ്. ഫാസിസ്റ്റ് ശക്തികൾക്കെതിരായ ബദൽ കോൺഗ്രസാണ്. കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ ഔദ്യോഗികമായി കോൺഗ്രസിലേക്ക് ക്ഷണിച്ചിട്ടുപണ്ട്. സ്ഥിരമായി കുറെ ആളുകൾ സ്ഥാനങ്ങളിലെത്തുന്ന അധികാര കുത്തകയാണ് കോൺഗ്രസ് വിടാൻ കാരണം. എന്നാൽ ഇന്നതിൽ മാറ്റമുണ്ടായി. അന്ന് താൻ പറഞ്ഞ കാര്യങ്ങൾ ഇന്ന് നടപ്പിലാക്കുന്നുണ്ടെന്നും ഇതാണ് തിരിച്ചുവരവിന് സാഹചര്യം ഒരുക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

സിപിഎമ്മിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. സിപിഎമ്മിൽ അഭിപ്രായസ്വാതന്ത്ര്യമില്ല. സ്വതന്ത്രമായി എഴുതിയാൽ താൻ ശത്രുവായി മാറും. എന്നാൽ കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനാൽ തന്നെ രാഷ്ട്രീയ വ്യക്തിത്വമായി ഇടതു സഹയാത്രികനായി തുടരാൻ സാധിക്കില്ല. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ പോയവർ അനുഭവിച്ചിട്ട് വരട്ടെ. എകെജി സെന്ററിൽ നടന്ന പല രഹസ്യങ്ങളും അറിയാം. എന്നാൽ അതൊന്നും പുറത്തു പറയില്ല. സിപിഎമ്മിൽ തനിക്ക് ശത്രുക്കളില്ല. ഖാദിയെന്ന പേരിൽ വിൽക്കുന്നത് വ്യാജ ഖാദിയാണ്. ഖാദി ബോർഡിൽ പോയിരുന്നെങ്കിൽ വിജിലൻസ് കേസിൽ ഉൾപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വേരുകൾ കോൺഗ്രസിലാണ്. അതില്ലാതെ തനിക്ക് വളർച്ചയുണ്ടാകില്ല. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തണമെന്നുള്ളതുകൊണ്ടാണ് കോൺഗ്രസിലേക്ക് തിരികെ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഇടത് സഹയാത്രികനെന്ന നിലയിൽ കോൺഗ്രസിനെതിരെ പലതും പറഞ്ഞിട്ടുണ്ടെന്നും അഭിപ്രായം ഇരുമ്പുലക്കയല്ലെന്നുമായിരുന്നു സോഷ്യൽ മീഡിയയിലെ പരിഹാസത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.

ന്യൂഡൽഹി: സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് കരുത്ത് പകർന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾക്ക് ധനസഹായം നൽകാമെന്ന് അദ്ദേഹം ഉറപ്പു നൽകി. സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച പ്രത്യേക പ്രൊപ്പോസൽ സംസ്ഥാന സർക്കാർ സമർപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സംസ്ഥാനത്തിലെ ദേശീയ പാതകളുടെ അറ്റകുറ്റപ്പണികൾക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ 80 കി.മീ. ഔട്ടർ റിങ് റോഡ് നിർമാണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 4,500 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുതുതായി അനുവദിച്ച 12 ദേശീയപാതാ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം നൽകാനും തീരുമാനമായി. ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളിൽ ചിലത് ഗതിശക്തി പദ്ധതിയിൽ പെടുത്തി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വിശദമാക്കി.

കേരളത്തിന് പുതുതായി അനുവദിച്ച 12 നാഷണൽ ഹൈവേ പദ്ധതികൾക്ക് പ്രിൻസിപ്പൽ അംഗീകാരം കാലതാമസമില്ലാതെ ലഭ്യമാക്കിയതിൽ മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിയ്ക്ക് പ്രത്യേകം നന്ദി അറിയിച്ചു. കണ്ണൂർ വിമാനത്താവളം വഴിയുളള ചൊവ്വ- മട്ടന്നൂർ കുട്ടുംപുഴ – വളവുപാറ – മാക്കൂട്ടം – വിരാജ്‌പേട്ട- മടിക്കേരി മൈസൂർ വരെയുള്ള റോഡിന്റെ സ്‌ട്രെച്ചിൽ നിന്ന് പ്രധാന പട്ടണമായ തലശ്ശേരി ഒഴിവായത് പുന:പരിശോധിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: കുട്ടികൾക്കെതിരായ അക്രമം സംബന്ധിച്ച കേസുകളിൽ വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനു ബന്ധപ്പെട്ടവർക്കു പരിശീലനം നൽകാനുള്ള തീരുമാനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയുടെ സഹായത്തോടെയായിരിക്കും ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങൾക്കു വിധേയരാകേണ്ടി വന്ന ഇരകളുടെ നിയമപരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്തരം കേസുകളിൽ പരമാവധി ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കും. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടൽ അനിവാര്യമാണ്. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഇക്കാര്യത്തിൽ നടത്തിവരുന്നുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ്, പൊലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, കില, വനിതാ കമ്മീഷൻ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവയുടെ കീഴിൽ ഏകോപനത്തോടെ പരിപാടികൾ നടപ്പാക്കും. ഈ വകുപ്പുകൾ ചേർന്ന് സമഗ്രമായ ജൻഡർ സെൻസിറ്റൈസേഷൻ ക്യാമ്പയിൻ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.

സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കൂട്ടായ പരിശ്രമങ്ങളിലൂടെ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിന് ക്രൈം മാപ്പിംഗ് നടത്തണം. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൂൾ ഉപയോഗിച്ച് വിവരശേഖരണം നടത്തുകയും തദ്ദേശ സ്വയംഭരണ തലത്തിൽ ക്രോഡീകരിച്ച് പരിഹാര മാർഗങ്ങൾ ആരായുകയും ചെയ്യണം. ഇരയാക്കപ്പെടുന്നവരുടെ വിവരങ്ങൾ ഒരു കാരണവശാലും പുറത്തുപോകാതെ സ്വകാര്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തകളിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചറിയാൻ സഹായകരമായ സൂചനകൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പ്രതികൾക്കു മുൻകൂർ ജാമ്യം നൽകരുതെന്നാണ് ജില്ലാ ഗവൺമെന്റ് പ്ലീഡർ എ.എ.ഹക്കിം കോടതിയിൽ വാദിച്ചത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു. കേസിൽ നവംബർ രണ്ടിന് തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി വിധി പറയും.

അതേസമയം ദത്തു നൽകിയ കുഞ്ഞിനെ തേടി അമ്മ നാട്ടിൽ അലയുകയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഗർഭിണിയായ അനുപമയെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. പ്രസവശേഷം തെറ്റിദ്ധരിപ്പിച്ച് ദത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങി. ഈ സമ്മത പത്രത്തെ സംബന്ധിച്ചും ദത്തിനു പിന്നിൽ നടന്ന നിയമലംഘനത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹർജിയിൽ വിധി പറയരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. കുഞ്ഞ് സുരക്ഷിതമായി ജീവിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിനു അനുപമയുടെ പിന്തുണ ഉണ്ടായിരുന്നു. അനുപമ രേഖാമൂലം എഴുതി നൽകിയതിനെത്തുടർന്നാണ് ദത്ത് നടപടികളുമായി മുന്നോട്ടുപോയത്. കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്തതായി അനുപമയും പറയുന്നില്ല. മാതാപിതാക്കൾക്ക് താത്ക്കാലികമായി സംരക്ഷിക്കാൻ നൽകിയതാണെന്ന് അനുപമ തന്നെ കുടുംബ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. പഠിക്കാൻ വിട്ട മകൾ ഗർഭിണിയായി തിരിച്ചുവന്നപ്പോൾ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതാണ് അനുപമയുടെ മാതാപിതാക്കളും ചെയ്തത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം നൽകണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭാ സെക്രട്ടേറിയറ്റ് പ്രതിപക്ഷത്തെ പരിഹസിക്കുകയാണെന്നും ഇതു സഹിച്ച് നിയമ നിർമാണ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുന്ന നരേന്ദ്രമോദി മന്ത്രിസഭയുടെ മാതൃക കേരള നിയമസഭയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സർവകലാശാലാ നിയമ ഭേദഗതി ബില്ലുകളുടെ ചർച്ച പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച അറുന്നൂറോളം ഭേദഗതികൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ നടപടി. 2021 ലെ സർവകലാശാലാ നിയമങ്ങൾ ഭേദഗതി ബിൽ, 2021ലെ സർവകലാശാലാ ഭേദഗതി രണ്ടാം ബിൽ എന്നിവയാണ് ഇന്ന് സഭ ചർച്ചയ്ക്കെടുത്തത്. ബില്ലിൽ ഭേദഗതി നിർദേശിക്കാനുള്ള സമയപരിധി 26 ന് വൈകിട്ട് അവസാനിച്ചിരുന്നു. ആദ്യം ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു ഭേദഗതികൾ നിർദേശിക്കാൻ സമയം അനുവദിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം പ്രകാരം അത് നാലു മണിവരെയായി ദീർഘിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ അതിനു ശേഷമാണ് ലഭിച്ചതെന്നും അതിനാൽ പരിഗണിക്കാൻ കഴിഞ്ഞില്ലെന്നുമായിരുന്നു സ്പീക്കർ നൽകിയ വിശദീകരണം.

തുടർച്ചയായി ബോധ പൂർവം പ്രതിപക്ഷത്തെ നിയമസഭാ സെക്രട്ടേറിയറ്റ് അപമാനിക്കുകയാണെന്ന് വി ഡി സതീശൻ വിമർശിച്ചു. ഉറക്കമൊഴിച്ചിരുന്ന് തയാറാക്കിയ ഭേദഗതികളാണ് അവഗണിക്കപ്പെട്ടത്. ഭേദഗതികൾ സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന് എ.പി.അനിൽകുമാറും എൻ.ഷംസുദ്ദീനും രേഖാമൂലം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ അറുന്നൂറിലേറെ ഭേദഗതികൾ പരിഗണിക്കാതെ ബിൽ ചർച്ചയ്ക്കെടുത്തത് സഭാ ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിൽ അവതരണം മാറ്റി വയ്ക്കണം. പ്രതിപക്ഷ ഭേഗദതികളും അംഗീകരിച്ച് മറ്റൊരു ദിവസം ബിൽ കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭേദഗതികൾ സ്വീകരിച്ചാൽ മാത്രമേ സഭാ നടപടികളുമായി സഹകരിക്കൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു പ്രതിപക്ഷം. ഭേദഗതികൾ പരിഗണിക്കാതെ മന്ത്രി ആർ.ബിന്ദു ബില്ലിന്റെ അവതരണത്തിലേക്ക് കടന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇരുപത്തിയാറാം തീയതി വൈകിട്ട് അഞ്ചിന് മുന്നേ നൽകിയ ഭേദഗതികൾ പോലും നിയമസഭാ സെക്രട്ടേറിയറ്റ് ഒഴിവാക്കി എന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ.

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനമെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്. കെപിസിസി പുന:സംഘടനയിലെ അതൃപ്തി ഉള്ളിലൊതുക്കി കഴിയുന്ന എ-ഐ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുന്നതാണ് കെ സുധാകരന്റെ മത്സര പ്രഖ്യാപനം. ഏകപക്ഷീയമായി മുന്നോട്ട് പോയാൽ സമവായത്തിന് നിൽക്കാതെ യോജിച്ച് കടുത്ത മത്സരത്തിനിറങ്ങാനാണ് എ-ഐ ഗ്രൂപ്പുകളുടെ നീക്കം.

കൂടിയാലോചനകളില്ലാതെ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ ഇരു ഗ്രൂപ്പുകൾക്കും കടുത്ത അമർഷമാണുള്ളത്. അധ്യക്ഷൻ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനസംഘടന എങ്ങിനെ സുതാര്യമാകുമെന്നാണ് ഗ്രൂപ്പുകളുടെ ചോദിക്കുന്നത്. കെപിസിസി സെക്രട്ടറിമാരെ ഇനിയും തീരുമാനിക്കാനുണ്ട്. ഡിസിസിയിലും പുന:സംഘടന വേണം. പ്രസിഡന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉന്നയിച്ച് പുനസഘടനയുടെ തുടർനടപടികൾ നിർത്തിവെക്കാൻ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കാാനും ഗ്രൂപ്പുകൾ പദ്ധതിയിടുന്നതായി വിവരമുണ്ട്.

സമവായ ചർച്ചക്കില്ലെങ്കിൽ സുധാകരനെതിരെ പൊതു പ്രസിഡന്റ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും ഗ്രൂപ്പുകൾ ആലോചിക്കുന്നുണ്ട്. നവംബർ രണ്ടിന് പുതിയ എക്‌സിക്യൂട്ടീവ്, ഭാരവാഹി യോഗങ്ങളുടെ തീരുമാനമനുസരിച്ചായിരിക്കും ഗ്രൂപ്പുകൾ തുടർനീക്കങ്ങൾ നടത്തുന്നത്.

തിരുവനന്തപുരം: കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന യാതൊരു വിവരങ്ങളും ദത്ത് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു.

ദത്ത് നടപടികളിൽ രക്ഷിതാക്കളുടെയും കുട്ടിയുടെയും സ്വകാര്യത പൂർണ്ണമായും പാലിക്കപ്പെടണമെന്ന് 2015 ലെ ബാല നീതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതനുസരിച്ചു കുട്ടികളുടെ സ്വകാര്യത ലംഘിച്ച് മാദ്ധ്യമങ്ങളിൽ വാർത്തകൾ നൽകുന്നത് ആറു മാസം തടവോ, രണ്ട് ലക്ഷം രൂപ പിഴയോ, രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

ദത്തെടുക്കപ്പെടുന്ന കുട്ടിയുടേയോ രക്ഷിതാക്കളുടെയോ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി സമൂഹത്തിലെ മുഴുവൻ പേർക്കും ബോധവൽക്കരണം നൽകുന്നതിനുളള നടപടി സ്വീകരിക്കാൻ സാമൂഹികനീതി-വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി പ്രോഗ്രാം മാനേജർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശവും നൽകി.

ദത്ത് നൽകിയ കുട്ടിയെ തിരികെ കിട്ടുന്നതിനായി മാതാവ് നേരത്തെ ബാലാവകാശ കമ്മീഷൻ മുമ്പാകെ പരാതി നൽകിയിരുന്നു. പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി, ഡയറക്ടർ, പേരൂർക്കട സ്റ്റേഷൻ ഹൗസ് ഓഫീസർ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 30 നാണ് കേസിൽ വിചാരണ നടക്കുന്നത്.

ന്യൂഡൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ സർക്കാരിന് തിരിച്ചടി. അലൻ ശുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ താഹ ഫസലിന് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ലെന്നും മാവോയിസ്റ്റ് സംഘടനകളുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽകുകയുള്ളുവെന്നും സുപ്രീം കോടതി കോടതി അറിയിച്ചു. അതേസമയം അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും സുപ്രീം കോടതി തള്ളി.

കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിൽ കൊച്ചിയിലെ എൻഐഎ കോടതി അനുവദിച്ച അതേ വ്യവസ്ഥകളിലാണ് താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ ഒന്നാം പ്രതിയായ അലൻ ശുഹൈബിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരി വച്ചിരുന്നു. ഇത് റദ്ദാക്കണമെന്നായിരുന്നു എൻഐഎയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. വിധിയിലെ നിരീക്ഷണങ്ങൾ വിചാരണ കോടതിയിലെ മറ്റ് നടപടികളെ സ്വാധീനിക്കരുതെന്നും കോടതി പറഞ്ഞു.

ചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം. അതിനാൽ അവരുടെ പക്കൽ മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും, ലഘുലേഖകളും കണ്ടേക്കാം. അലനും താഹയും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഇത് മാവോയിസ്റ്റ് സംഘടനയുടെ പ്രവർത്തനം ആണെന്ന് വിലയിരുത്താൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ശ്രീനിവാസ് ഓക് തുടങ്ങിയവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് വികസനം, ദേശീയപാതാ വികസനം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹവുമായി ചർച്ച നടത്തിയെന്നും സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. വളരെ അനുഭാവപൂർണമായ സമീപനമാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ പോർട്ടുകളുമായി ബന്ധിപ്പിക്കാവുന്ന റോഡുകൾക്ക് കേന്ദ്ര ധനസഹായം നൽകാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻറെ നിർദ്ദേശ പ്രകാരം ഇത് സംബന്ധിച്ച പ്രൊപ്പോസൽ വേഗത്തിൽ തന്നെ സമർപ്പിക്കും. സംസ്ഥാനത്തെ ദേശീയ പാതകളിൽ 1233 കി.മീ. വരുന്ന ഭൂരിഭാഗവും പാതകളും കേരള സർക്കാർ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുള്ളതിനാൽ ഇവയുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അറ്റകുറ്റപ്പണികൾക്കായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഗണിക്കാമെന്ന് ഉറപ്പു നൽകി. അതിനായി ഒരു ഉദ്യോഗസ്ഥനെ അടിയന്തിരമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ 80 കി.മീ. ഔട്ടർ റിംഗ് റോഡ് നിർമ്മാണം സംബന്ധിച്ചും ചർച്ച നടത്തി. ഇതിന് പ്രിൻസിപ്പൽ അംഗീകാരം ലഭിച്ചു കഴിഞ്ഞതാണ്. 4500 കോടി രൂപയാണ് പദ്ധതി തുക. തിരുവനന്തപുരം നഗരത്തിൻറെ വളർച്ചയ്ക്ക് നിർണായകമാകുന്നതാണ് ഈ പദ്ധതിയെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

കേരളത്തിന് പുതുതായി അനുവദിച്ച 12 നാഷണൽ ഹൈവേ പദ്ധതികൾക്ക് പ്രിൻസിപ്പൽ അംഗീകാരം കാലതാമസമില്ലാതെ ലഭ്യമാക്കിയതിൽ പ്രത്യേകം നന്ദി അറിയിച്ചു. അതുപോലെ തന്നെ കണ്ണൂർ വിമാനത്താവളം വഴിയുളള ചൊവ്വ- മട്ടന്നൂർ കുട്ടുംപുഴ – വളവുപാറ – മാക്കൂട്ടം – വിരാജ്‌പേട്ട- മടിക്കേരി മൈസൂർ വരെയുള്ള റോഡിൻറെ സ്‌ട്രെച്ചിൽ നിന്ന് പ്രധാന പട്ടണമായ തലശ്ശേരി ഒഴിവായത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളിൽ ചിലത് ഗതി ശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി വേഗത്തിൽ പൂർത്തിയിക്കാനുള്ള സാധ്യത പരിശോധിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാജ്യസഭാ എം പിമാരായ ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, കേന്ദ്രസർക്കാരിന്റെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.