പനാജി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അടുത്ത കുറച്ചു പതിറ്റാണ്ടു കാലത്തേയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും ഇതു തിരിച്ചറിയാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോവയിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. അദ്ദേഹത്തിന്റെ പ്രസംഗം ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. കോൺഗ്രസുമായുള്ള പ്രശാന്തിന്റെ ചർച്ചകൾ പരാജയപ്പെട്ടതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.
കോൺഗ്രസിന്റെ ആദ്യ 40 വർഷം പോലെ. ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ആകുകയാണ്. ബിജെപി എങ്ങും പോകില്ല. ഇന്ത്യയിൽ 30 ശതമാനത്തിലധികം വോട്ടുകൾ നേടിയാൽ പിന്നെ തിടുക്കത്തിൽ കളത്തിനു പുറത്തുപോകില്ല. അതുകൊണ്ട് രോഷാകുലരായ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നു പുറത്താക്കുമെന്നു പറയുന്ന കെണിയിൽ നിങ്ങൾ വീഴരുത്. ഒരുപക്ഷേ മോദിയെ അവർ പുറത്താക്കിയേക്കാം. പക്ഷേ ബിജെപിയെ പുറത്താക്കാൻ സാധിക്കില്ലെന്നും അവർ ഉറപ്പായിട്ടും ഇവിടെ കാണുമെന്നുമാണ് പ്രശാന്ത് കിഷോർ പറയുന്നത്.
ഇതു തിരിച്ചറിയാൻ സാധിക്കാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്‌നം. അധികം താമസിക്കാതെ തന്നെ ജനങ്ങൾ മോദിയെ പുറത്താക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ അതു സംഭവിക്കില്ല. നരേന്ദ്ര മോദിയുടെ ശക്തി മനസ്സിലാക്കാതെ പോരാടിയാൽ അദ്ദേഹത്തെ പുറത്താക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. നേരത്തെ പ്രശാന്ത് കോൺഗ്രസിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രശാന്തുമായി നേതാക്കൾ ചർച്ച നടത്തുകയും ചെയ്തു. എന്നാൽ പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കാനുള്ള സമ്പൂർണ അധികാരം വേണമെന്ന് പ്രശാന്തിന്റെ നിലപാടിനു മുന്നിൽ ചർച്ച വഴിമുട്ടിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായാണ് പ്രശാന്ത് കോൺഗ്രസിനൊപ്പം പ്രവർത്തിക്കുന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്.

