ഇന്ധനവില വർധനവിലൂടെ സംസ്ഥാനത്തിന് ലഭിച്ചത് 201.93 കോടി രൂപയുടെ അധിക വരുമാനം; നികുതി വരുമാനത്തിൽ കുറവുണ്ടായെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധനവില വർധനവിലൂടെ നടപ്പുസാമ്പത്തിക വർഷം സംസ്ഥാനത്തിന് ലഭിച്ചത് 201.93 കോടി രൂപയുടെ അധികവരുമാനം. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വില വർധനവിലൂടെ പെട്രോളിൽ നിന്ന് 110.59 കോടി രൂപയും ഡീസലിൽ നിന്ന് 91.34 കോടി രൂപയുമാണ് സംസ്ഥാനത്തിന് കൂടുതലായി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നികുതി വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വ്യാഴാഴ്ചയും രാജ്യത്തെ ഇന്ധനവിലയിൽ വർധവ് രേഖപ്പെടുത്തി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.59 രൂപയും. ഡീസലിന് 104.30 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 108.55 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില. കഴിഞ്ഞ ഒരുമാസത്തിനിടെ ഡീസലിന്റെ വിലയിൽ 8.49 രൂപയുടെ വർധനവാണുണ്ടായത്. പെട്രോളിന് 6.75 രൂപയും വർധിച്ചിട്ടുണ്ട്.