General (Page 1,340)

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിൽ മരംമുറിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടില്ല. ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ 2017 ൽ തമിഴ്നാട് നൽകിയ അപേക്ഷയിൽ സുപ്രീം കോടതിയിൽ ഇതുവരെയും കേരളത്തിന് ഒരു നിർദേശവും നൽകിയിട്ടില്ല. ബേബി അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി നൽകാൻ മേൽനോട്ടസമിതി കേരളത്തിന് നിർദ്ദേശം നൽകിയത്.

2006 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരുന്നത്. 2014 മെയ് ഏഴിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ നിലപാട് തന്നെ ഉന്നയിച്ചു. ഡാം ശക്തിപ്പെടുത്തിയതിന് ശേഷം ജലനിരപ്പ് 152 അടിവരെയായി ഉയർത്താമെന്ന 2006 ലെ ഉത്തരവിലെ നിലപാടാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. ഈ രണ്ട് വിധികളുടെയും അടിസ്ഥാനത്തിൽ ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തടസ്സപ്പെടുത്താൻ കേരളത്തിന് കഴിയില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ വാദം.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് ശക്തമാക്കാൻ മരങ്ങൾ മുറിക്കണം എന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യത്തോട് 2015 ൽ കേന്ദ്ര ജല കമ്മിഷൻ യോജിച്ചിരുന്നു. 2020 ജനുവരി 28 ന് ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ 13-ാമത് യോഗത്തിൽ മരം മുറിക്കുന്നതിനുള്ള അനുമതി നൽകണമെന്ന് കേരളത്തിന് ചെയർമാൻ നിർദ്ദേശം നൽകിയിരുന്നു. 2021 ഫെബ്രുവരിയിൽ ചേർന്ന മേൽനോട്ട സമിതി യോഗത്തിൽ എത്ര മരങ്ങൾ മുറിക്കണമെന്നതിന്റെ മാനദണ്ഡം കണക്കാക്കുന്നതിൽ സംസ്ഥാന വനം വകുപ്പിന് ആശയക്കുഴപ്പം ഉണ്ടെന്ന് കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് അവ്യക്തത നീക്കാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്താൻ മേൽനോട്ട സമിതി നിർദേശം നൽകി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. മുല്ലപ്പെരിയാർ ബേബി ഡാമിൽ മരംമുറിക്കലിന് അനുമതി നൽകിയതിനാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരല്ല, മറിച്ച് ഡിഎംകെയുടെ പെയ്ഡ് സർക്കാരാണ് എന്ന് മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ നൽകിയ രഹസ്യ അനുവാദത്തിലൂടെ വ്യക്തമായെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ മാദ്ധ്യമങ്ങൾ പോലും ഇക്കാര്യം അറിയുന്നത് തമിഴ്നാട് മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി പറയുമ്പോഴാണ്. ഡിഎംകെയുടെ കയ്യിൽ നിന്നും കോടികൾ ഇലക്ഷൻ ഫണ്ടിലേക്ക് വാങ്ങിയതിന്റെ പ്രത്യുപകാരമായാണ് സിപിഎം മുല്ലപ്പെരിയാറിൽ കേരളത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ് മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ് മരം മുറിക്കാൻ നൽകിയ അനുവാദത്തോടെ കേരള സർക്കാരിൽ നിന്നുണ്ടായത്. മുല്ലപ്പെരിയാർ ഡാം സുരക്ഷ കേരളത്തിലെ ജനങ്ങളുടെ ജീവൽ പ്രശ്നമാണ്. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരല്ല , മറിച്ച് ഡിഎംകെയുടെ പെയ്ഡ് സർക്കാരാണ് എന്ന് മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ നൽകിയ രഹസ്യ അനുവാദത്തിലൂടെ വ്യക്തമായിരിക്കുകയാണ് . കേരളത്തിലെ മാധ്യമങ്ങൾ പോലും ഇക്കാര്യം അറിയുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി പറയുമ്പോഴാണ്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ് മരം മുറിക്കാൻ നൽകിയ അനുവാദത്തോടെ കേരള സർക്കാരിൽ നിന്നുണ്ടായത് . ബേബി ഡാം ശക്തിപ്പെടുത്തി എന്ന വാദം ഉന്നയിക്കാനും അത് വഴി പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ഖണ്ഡിക്കാനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് വേണ്ട സൗകര്യമൊരുക്കി കൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തിരിക്കുന്നത്.

ഡിഎംകെയുടെ കയ്യിൽ നിന്നും കോടികൾ ഇലക്ഷൻ ഫണ്ടിലേക്ക് വാങ്ങിയതിന്റെ പ്രത്യുപകാരമായാണ് സിപിഎം മുല്ലപ്പെരിയാറിൽ കേരളത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ ഡാം സുരക്ഷ കേരളത്തിലെ ജനങ്ങളുടെ ജീവൽ പ്രശ്‌നമാണ്. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം. തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ട്.

ന്യൂഡൽഹി: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും. ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്യൻ ഖാന് സമൻസ് അയച്ചു. കൂട്ടുപ്രതികളായ അബ്ബാസ് മെർച്ചന്റ്, ആച്ചിത് കുമാർ എന്നിവരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഒക്ടോബർ 30 നാണ് ജയിൽ മോചിതനായത്. ഉപാധികളോടെയാണ് ആര്യന് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. അതേസമയം ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തിയിട്ടുണ്ട്. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തൽ.

ആറുമാസമായി സുനിൽ പാട്ടീലിനൊപ്പം ജോലി ചെയ്യുകയാണ് വിജയ് പഗാരെ. ആര്യൻ അറസ്റ്റിലാവുന്നതിന് ദിവസങ്ങൾക്ക് മുൻപ് കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ മുംബൈയിൽ ഹോട്ടലിൽ തങ്ങി പദ്ധതി തയ്യാറാക്കിയെന്നാണ് വിജയ് പഗാരെയുടെ ആരോപണം.

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെയ്പ്പുമായി ഇന്ത്യ. രാജ്യം തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ കൊറോണ പ്രതിരോധ വാക്സിനായ സൈകോവ്-ഡി ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വാക്സിൻ നിർമ്മാതാക്കളായ സൈഡസ് കാഡില്ലയ്ക്ക് 1 കോടി വാക്സിൻ ഡോസുകൾക്ക് കേന്ദ്ര സർക്കാർ ഓർഡർ നൽകിയെന്നാണ് വിവരം.

18 വയസ്സിന് മുകളിൽ ഉളളവർക്കാകും ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വാക്സിൻ ഡോസുകൾ നിർമ്മിക്കാനുള്ള കമ്പനിയുടെ സൗകര്യങ്ങൾ പരിമിതമായതിനാലാണ് ആദ്യ ഘട്ടത്തിൽ 18 വയസ്സിന് മുകളിലുള്ള വിഭാഗങ്ങൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. ഇതിന് ശേഷം മാത്രമെ വയോധികർക്കും കുട്ടികൾക്കും വാക്‌സിൻ നൽകുന്ന കാര്യം തീരുമാനിക്കൂ.

ഓഗസ്റ്റ് 20 നാണ് സൈകോവ്- ഡി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയത്. വിവിധ ഘട്ട പരീക്ഷണങ്ങൾ ഫലപ്രാപ്തി തെളിഞ്ഞതിന് ശേഷമാണ് അംഗീകാരം നൽകിയത്. ഡോസ് ഒന്നിന് 358 രൂപ നിരക്കിലാണ് കേന്ദ്രസർക്കാർ വാക്സിൻ വാങ്ങുന്നത്. മൂന്ന് ഡോസുള്ള പ്രതിരോധ വാക്സിനാണ് സൈകോവ്-ഡി. ആദ്യ ഡോസിന് 28 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. വീണ്ടും 28 ദിവസങ്ങൾക്ക് ശേഷം മൂന്നാമത്തെ ഡോസ് സ്വീകരിക്കണം.

തിരുവനന്തപുരം: മോഹൻലാൽ ചിത്രം മരക്കാറിന് ആമസോൺ പ്രൈം നൽകിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. 90 – 100 കോടി രൂപയ്ക്ക് ഇടയിൽ ചിത്രത്തിനു ലഭിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്ത് ഒരു സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോം നൽകുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. 90 കോടിയോളം മുതൽമുടക്കിലാണ് മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആമസോൺ നൽകുന്നത് മുതലും കഴിഞ്ഞ് ലാഭമാണ്. സാറ്റലൈറ്റ് അവകാശത്തിനു ലഭിക്കുന്ന തുകയും കൂടിയാവുമ്പോൾ ചിത്രത്തിന്റെ ലാഭം ഇനിയും വർധിക്കും. ഈ തുക നിർമാതാവിന് സ്വന്തമാണ്.

മരക്കാർ ഉൾപ്പെടെ മോഹൻലാൽ നായകനാവുന്ന ആശിർവാദ് സിനിമാസിന്റെ അഞ്ച് സിനിമകൾ ഒടിടി റിലീസുകൾ ആയിരിക്കുമെന്ന ആന്റണി പെരുമ്പാവൂർ നേരത്തെ അറിയിച്ചിരുന്നു. പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12 ത്ത് മാൻ, ഷാജി കൈലാസിന്റെ എലോൺ, ‘പുലിമുരുകന്’ ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങിയവയാണ് ഒടിടി റിലീസ് ചെയ്യുക.

അതേസമയം മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരങ്കൊടി കെട്ടുമെന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. അഞ്ചല്ല അൻപത് സിനിമകൾ ഒടിടി പോയാലും സിനിമാ തിയറ്ററുകൾ നിലനിൽക്കുമെന്ന് ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാർ വ്യക്തമാക്കിയിരുന്നു.

ചെന്നൈ: ചെന്നൈയിൽ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ജലനിരപ്പ് ഉയർന്നതോടെ നഗരത്തിന് സമീപത്തെ മൂന്ന് ജലസംഭരണികൾ തുറന്നു. മറ്റൊരു പ്രളയമാണോ വരുന്നതെന്നാണ് ചെന്നൈയുടെ നിവാസികളുടെ ആശങ്ക. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശനം നടത്തി.

താഴ്ന്ന ചില പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും നൂറോളം പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. അവശ്യഘട്ടത്തിൽ നഗരത്തിലെ സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാനുള്ള നടപടികളും സർക്കാർ നടത്തുന്നുണ്ട്. ചെമ്പരാമ്പാക്കം, പൂണ്ടി, പുഴൽ ജലസംഭരണികളിൽ നിന്നും വെള്ളം തുറന്നു വിട്ടിരിക്കുകയാണ്.

അടുത്ത രണ്ടുദിവസം തമിഴ്നാട്ടിലെ വടക്ക് ഭാഗത്തെ തീരദേശ ജില്ലകളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അതേസമയം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെന്നൈ, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിലെ മരം മുറിക്കാൻ അനുമതി നൽകിയതിൽ പ്രതികരണവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് ഗൗരവ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമാണ്. അതിനാൽ ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം ഇന്ധന നികുതി കുറക്കേണ്ടതില്ല. കേരളത്തിൽ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനെക്കാൾ 1 ശതമാനം നികുതി ഇടത് സർക്കാർ കുറക്കുകയും ചെയ്തു. കൂട്ടിയവർ കുറക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. എന്നാൽ ഈ തീരുമാനം മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. അസാധാരണ നടപടിയാണ് ഉണ്ടായതെന്നും അതിനു പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.

ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി യോഗം വിളിച്ചത് അനുസരിച്ചാണു തീരുമാനമെന്നാണ് വനം ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ഏതു സാഹചര്യത്തിലായാലും ഇത്തരം പ്രധാന കാര്യങ്ങൾ ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞാൽപോര. സർക്കാരിനു മുകളിലാണ് ഉദ്യോഗസ്ഥരെന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുംബൈ: ഇനി സ്വന്തം വണ്ടിയിലിരുന്ന് തന്നെ സിനിമ ആസ്വദിക്കാം. രാജ്യത്തെ ആദ്യത്തെ ‘റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ’ മുംബൈയിൽ തുറന്നു. പകർച്ചവ്യാധികളെ ഭയക്കാതെ സ്വന്തം വാഹനത്തിനുള്ളിലിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാർ നായകനായ സൂര്യവംശിയാണ് തിയേറ്ററിലെ ഉദ്ഘാടന ചിത്രം.

ബാന്ദ്ര കുർള കോംപ്ലക്‌സിൽ 17.5 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന റിലയൻസിന്റെ ജിയോ വേൾഡ് ഡ്രൈവിന്റെ മുകൾത്തട്ടിലാണ് ഡ്രൈവ് ഇൻ തിയേറ്റർ തയ്യാറാക്കിയിരിക്കുന്നത്. തിയേറ്ററിന്റെ നടത്തിപ്പു ചമതല പി.വി.ആർ. ലിമിറ്റഡിനാണ്. ഓപ്പൺ എയർ തിയേറ്ററിലെ സ്‌ക്രീനിന് 24 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണുള്ളത്. ഒരു സമയം 290 വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യവും ഇവിടെയുണ്ട്. കാറിലെ എഫ്.എം. സംവിധാനം വഴിയാണ് ശബ്ദം കേൾക്കുന്നത്. ഒരു കാറിന് 1,200 രൂപയാണ് ടിക്കറ്റ് നിരക്ക്. കോവിഡ് പ്രതിരോധത്തിനുള്ള രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കു മാത്രമാണ് പ്രവേശനം. ഒരു വാഹനത്തിൽ നാലുപേരെയേ അനുവദിക്കൂവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ചണ്ഡിഗഢ്: പഞ്ചാബിൽ പെട്രോൾ വില കുറച്ച് സംസ്ഥാന സർക്കാർ. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. 70 വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിൽ വിലകുറയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി അറിയിച്ചു. വിലയിൽ വൻ കുറവുവരുത്തിയതോടെ നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ കിട്ടുക പഞ്ചാബിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ നീക്കം. നേരത്തെ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കുറച്ചതുവഴി പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് പത്ത് രൂപയും കുറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നിരവധി സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ചിരുന്നു.

അതേസമയം കേന്ദ്രനിർദേശം പോലെ ഇനിയും വില കുറയ്ക്കാനാവില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന്റെ നിലപാടിനെതിരെ കോൺഗ്രസും, ബി ജെ പിയും ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ്.

വാട്‌സ്ആപ്പ് ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ ഉപയോഗിക്കാനായിട്ടാണ് വാട്‌സ്ആപ്പ് വെബ് എന്ന സേവനം ഉപയോഗിക്കുന്നത്. ബ്രൌസറില്‍ വാട്‌സ്ആപ്പ് വെബ് എടുത്ത് ലോഗിന്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലെ വാട്‌സ്ആപ്പ് അതേപടി കമ്പ്യൂട്ടറിലും ലഭ്യമാക്കുന്ന സംവിധാനത്തില്‍ നിരവധി സവിശേഷതകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ജോലി ചെയ്യുമ്പോഴും മറ്റും കമ്പ്യൂട്ടറില്‍ തന്നെ വാട്‌സ്ആപ്പ് ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നു എന്നത് ഏറെ ഉപയോഗപ്പെടുന്ന ഫീച്ചറാണ്. ഇതുവരെ നമ്മുടെ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്താല്‍ മാത്രം ലഭിക്കുന്ന ഫീച്ചറായിരുന്നു വാട്‌സ്ആപ്പ് വെബ്. എന്നാല്‍ ഇനി മുതല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും വാട്‌സ്ആപ്പ് വെബ് ലഭ്യമാകും.

എങ്ങനെയെന്ന് നോക്കാം… ഇതിനായി കണക്ഷന്‍ ഉള്ള സമയത്ത് തന്നെ നിങ്ങള്‍ ലാപ്‌ടോപ്പിലോ ഡെസ്‌ക്ടോപ്പിലോ ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഡിവൈസുകള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ലിങ്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതെ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

ചെയ്യേണ്ടത് ഇത്രമാത്രം

• നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളുള്ള ഐക്കണില്‍ ടാപ്പ് ചെയ്യുക.

• ലിങ്ക്ഡ് ഡിവൈസ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്ത് ‘മള്‍ട്ടി-ഡിവൈസ് ബീറ്റ’യില്‍ വീണ്ടും ടാപ്പ് ചെയ്യുക. ഇത്രയും ചെയ്താല്‍ ഈ ഫീച്ചര്‍ എന്താണെന്ന് വിശദീകരിക്കുന്ന ഒരു പേജ് വാട്‌സ്ആപ്പ് കാണിച്ച് തരും.

• ‘ജോയിന്‍ ബീറ്റ’ എന്ന ബട്ടണില്‍ ടാപ്പ് ചെയ്ത് ‘കണ്ടിന്യൂ’ ബട്ടണ്‍ അമര്‍ത്തുക. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വാട്‌സ്ആപ്പ് വെബിലേക്ക് ലിങ്ക് ചെയ്യാന്‍ സാധിക്കും.

ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യങ്ങള്‍

• വാട്‌സ്ആപ്പിന്റെ വളരെ പഴയ പതിപ്പ് ഉപയോഗിക്കുന്ന ഡിവൈസുകളില്‍ ഈ പുതിയ ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യില്ല.

• ഈ ലിങ്ക് ചെയ്ത കമ്പാനിയന്‍ ഡിവൈസുകളില്‍ ചില ഫീച്ചറുകള്‍ പ്രവര്‍ത്തിക്കില്ല, ഉദാഹരണത്തിന് കമ്പാനിയന്‍ ഡിവൈസുകളില്‍ ലൈവ് ലൊക്കേഷന്‍ കാണുക പോലുള്ള ഫീച്ചറുകളാണ് പ്രവര്‍ത്തിക്കാത്തത്.

• വാട്‌സ്ആപ്പ് വെബില്‍ നിന്നുള്ള ലിങ്ക് പ്രിവ്യൂകളുള്ള മെസേജുകളെ ഇത് സപ്പോര്‍ട്ട് ചെയ്യില്ല. കൂടാതെ കമ്പാനിയന്‍ ഡിവൈസുകളില്‍ ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ക്രിയേറ്റ് ചെയ്യാനോ കാണാനോ സാധിക്കില്ല