തിരുവനന്തപുരം: മോഹൻലാൽ ചിത്രം മരക്കാറിന് ആമസോൺ പ്രൈം നൽകിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. 90 – 100 കോടി രൂപയ്ക്ക് ഇടയിൽ ചിത്രത്തിനു ലഭിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്ത് ഒരു സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോം നൽകുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. 90 കോടിയോളം മുതൽമുടക്കിലാണ് മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആമസോൺ നൽകുന്നത് മുതലും കഴിഞ്ഞ് ലാഭമാണ്. സാറ്റലൈറ്റ് അവകാശത്തിനു ലഭിക്കുന്ന തുകയും കൂടിയാവുമ്പോൾ ചിത്രത്തിന്റെ ലാഭം ഇനിയും വർധിക്കും. ഈ തുക നിർമാതാവിന് സ്വന്തമാണ്.
മരക്കാർ ഉൾപ്പെടെ മോഹൻലാൽ നായകനാവുന്ന ആശിർവാദ് സിനിമാസിന്റെ അഞ്ച് സിനിമകൾ ഒടിടി റിലീസുകൾ ആയിരിക്കുമെന്ന ആന്റണി പെരുമ്പാവൂർ നേരത്തെ അറിയിച്ചിരുന്നു. പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12 ത്ത് മാൻ, ഷാജി കൈലാസിന്റെ എലോൺ, ‘പുലിമുരുകന്’ ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങിയവയാണ് ഒടിടി റിലീസ് ചെയ്യുക.
അതേസമയം മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരങ്കൊടി കെട്ടുമെന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. അഞ്ചല്ല അൻപത് സിനിമകൾ ഒടിടി പോയാലും സിനിമാ തിയറ്ററുകൾ നിലനിൽക്കുമെന്ന് ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാർ വ്യക്തമാക്കിയിരുന്നു.

