തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. മുല്ലപ്പെരിയാർ ബേബി ഡാമിൽ മരംമുറിക്കലിന് അനുമതി നൽകിയതിനാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരല്ല, മറിച്ച് ഡിഎംകെയുടെ പെയ്ഡ് സർക്കാരാണ് എന്ന് മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ നൽകിയ രഹസ്യ അനുവാദത്തിലൂടെ വ്യക്തമായെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിലെ മാദ്ധ്യമങ്ങൾ പോലും ഇക്കാര്യം അറിയുന്നത് തമിഴ്നാട് മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി പറയുമ്പോഴാണ്. ഡിഎംകെയുടെ കയ്യിൽ നിന്നും കോടികൾ ഇലക്ഷൻ ഫണ്ടിലേക്ക് വാങ്ങിയതിന്റെ പ്രത്യുപകാരമായാണ് സിപിഎം മുല്ലപ്പെരിയാറിൽ കേരളത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ് മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ് മരം മുറിക്കാൻ നൽകിയ അനുവാദത്തോടെ കേരള സർക്കാരിൽ നിന്നുണ്ടായത്. മുല്ലപ്പെരിയാർ ഡാം സുരക്ഷ കേരളത്തിലെ ജനങ്ങളുടെ ജീവൽ പ്രശ്നമാണ്. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരല്ല , മറിച്ച് ഡിഎംകെയുടെ പെയ്ഡ് സർക്കാരാണ് എന്ന് മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ നൽകിയ രഹസ്യ അനുവാദത്തിലൂടെ വ്യക്തമായിരിക്കുകയാണ് . കേരളത്തിലെ മാധ്യമങ്ങൾ പോലും ഇക്കാര്യം അറിയുന്നത് തമിഴ്നാട് മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നന്ദി പറയുമ്പോഴാണ്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ് മരം മുറിക്കാൻ നൽകിയ അനുവാദത്തോടെ കേരള സർക്കാരിൽ നിന്നുണ്ടായത് . ബേബി ഡാം ശക്തിപ്പെടുത്തി എന്ന വാദം ഉന്നയിക്കാനും അത് വഴി പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തെ ഖണ്ഡിക്കാനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് വേണ്ട സൗകര്യമൊരുക്കി കൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തിരിക്കുന്നത്.
ഡിഎംകെയുടെ കയ്യിൽ നിന്നും കോടികൾ ഇലക്ഷൻ ഫണ്ടിലേക്ക് വാങ്ങിയതിന്റെ പ്രത്യുപകാരമായാണ് സിപിഎം മുല്ലപ്പെരിയാറിൽ കേരളത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ ഡാം സുരക്ഷ കേരളത്തിലെ ജനങ്ങളുടെ ജീവൽ പ്രശ്നമാണ്. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം. തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ട്.

