General (Page 1,339)

കോട്ടയം: എം.ജി. സർവകലാശാലയിൽ നടത്തിക്കൊണ്ടിരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാർഥിനി ദീപാ മോഹനൻ. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസുമായി ചർച്ച നടത്തിയ ശേഷമാണ് ദീപാ മോഹനൻ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഡോ. നന്ദകുമാർ കളരിക്കലിനെ ഐ.ഐ.യു.സി.എൻ.എന്നിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചുവെന്നും ചർച്ചയ്ക്കു ശേഷം ദീപ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഗവേഷണത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും ദീപയ്ക്ക് കൃത്യസമയത്ത് നൽകുമെന്ന ഉറപ്പു ലഭിച്ചിട്ടുണ്ട്. ഡോ. ഇ.കെ. രാധാകൃഷ്ണൻ ഗവേഷണ മാർഗദർശിയും ഡോ സാബു തോമസ് സഹമാർഗദർശിയുമായിരിക്കും. ഡോ. ബീന മാത്യുവിനെയും കോ ഗൈഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് തടസ്സങ്ങൾ മാറ്റി അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വൈസ് ചാൻസലർ ഉറപ്പു നൽകിയിട്ടുണ്ട്.

2020 മാർച്ച് 24 മുതൽ നാലു വർഷം ഗവേഷണകാലയളവ് ദീർഘിപ്പിച്ച് നൽകുമെന്നും സമരസംബന്ധമായ യാതൊരു പ്രതികാര നടപടികളും ഉണ്ടാവുകയില്ലെന്നും ചർച്ചയിൽ വൈസ് ചാൻസലർ വ്യക്തമാക്കി.

കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ 18 ന് മുമ്പ് തീരുമാനത്തിൽ എത്തുമെന്നും ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്‌സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. കോവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നുമാണ് ബസുടമകളുടെ വാദം.

കൊച്ചി: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയുള്ള സിനിമ ചിത്രീകരണം ഇനി എറണാകുളം ജില്ലയിൽ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്. ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമാ ചിത്രീകരണം തടയുമെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്. ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നാണ് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിക്കുന്നത്.

സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോൺഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആന്റണി അറിയിച്ചു. ലൊക്കേഷനുകളിൽ ബൗൺസർമാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നതെന്നും ഇവർ ജനങ്ങളെ ആട്ടിയകറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യം ചെയ്താൽ മർദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ഇന്ധന വിലവർധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ സിനിമാ താരം ജോജു ജോർജ് രംഗത്തെത്തിയിരുന്നു. തുടർന്നുണ്ടായ വിഷയങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ പുതിയ നീക്കം. കോൺഗ്രസിനെതിരെ പ്രതികരിച്ച ജോജുവിന്റെ കാർ പാർട്ടി പ്രവർത്തകർ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.

നേരത്തെ സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ശ്രീനിവാസൻ നായകനായ കീടം സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. കാഞ്ഞിരപ്പള്ളിയിൽ ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടുത്ത മാസം ലുലു മാൾ പ്രവർത്തനം ആരംഭിക്കുന്നു. ഡിസംബർ 16 ന് രാവിലെ 11.30 ന് തിരുവനന്തപുരത്തെ ലുലു മാളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടന ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.

കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കൂവെന്നും കൂടുതൽ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാൻ സാധിക്കാത്തതിൽ ദു:ഖമുണ്ടെന്നും യൂസഫലി അറിയിച്ചു.

രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ലുലുമാൾ ഒരുക്കിയിരിക്കുന്നത്. ടെക്നോപാർക്കിനു സമീപം ആക്കുളത്താണ് മാൾ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തിരുവനന്തപുരത്തേത്. 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് ഷോപ്പിംഗ് മാളിന്റെ പ്രധാന പ്രത്യേകത. ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200-ൽ പരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്‌ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി ഏറ്റവും വലിയ എന്റർടെയിന്മെന്റ് സെന്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട് തുടങ്ങിയവയും മാളിലുണ്ട്.

3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗും ഷോപ്പിംഗിലുണ്ട്. പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും മാളിൽ ഒരുക്കിയിട്ടുണ്ട്. ഷോപ്പിംഗ് മാൾ പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ഇതിനകം ലഭിച്ചു കഴിഞ്ഞതായി ലുലു തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് സദാനന്ദൻ നായർ അറിയിച്ചു.

kn Balakrishnan

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്ത് ആകെ പിരിക്കുന്ന നികുതിയിൽ 5 ശതമാനം മാത്രമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്നതെന്നും നികുതിയിനത്തിൽ കേന്ദ്രസർക്കാർ പിരിച്ചെടുത്ത തുകയുടെ വിഹിതം കേരളത്തിനു ലഭിക്കാൻ വേണ്ടിയാണ് കോൺഗ്രസ് സത്യത്തിൽ സമരം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് ഇന്ധന നികുതി കുറച്ചത് അവിടെ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചിരുന്നു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്രം കുറച്ചത്. ഇതിന് പിന്നാലെ കേരളം ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അതേസമയം സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ടെന്നും കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണെന്നും കെ.എൻ.ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു.

ലക്‌നൗ: തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പുതിയ നീക്കങ്ങൾ ആരംഭിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. മൃദു ഹിന്ദുത്വം പയറ്റി ബി ജെ പിയെ തോൽപ്പിക്കാനാണ് അരവിന്ദ് കെജ്‌രിവാളിന്റെ നീക്കം. ഇതിനായി ബി ജെ പിയെക്കാൾ ഒരു പടി മേലുള്ള ഹിന്ദുത്വ കാർഡാണ് ഇപ്പോൾ അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. ഡൽഹിയിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമത്തുതന്നെ കെജ്രിവാൾ ഹിന്ദുത്വത്തിൽ ചെറിയ തോതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അടുത്തിടെയാണ് ഇത് കൂടുതൽ തീവ്രമാകാൻ ആരംഭിച്ചത്.

കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ വിമർശനങ്ങളൊന്നും ആംആദ്മി കണക്കിലെടുത്തിട്ടില്ല. ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഉത്തർപ്രദേശിൽ അധികാരം പിടിച്ചെടുക്കണമെന്നാണ് ആംആദ്മിയുടെ ലക്ഷ്യം. ഉത്തർപ്രദേശിൽ 403 സീറ്റലും മത്സരിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്. ഇതിനായി പാർട്ടിയെ സജ്ജമാക്കാനായി ഉത്തർപ്രദേശിലെത്തിയ കെജ്രിവാൾ അയോദ്ധ്യ സന്ദർശിച്ചിരുന്നു. രംലല്ലയിൽ അദ്ദേഹം അർച്ചനയും സരയൂഘട്ടിൽ ആരതിയും നടത്തിയിരുന്നു.

ഡൽഹിയിലെ മുതിർന്ന പൗരൻമാർക്കുള്ള സൗജന്യ തീർത്ഥാടന പദ്ധതിക്ക് കീഴിൽ അയോദ്ധ്യയും ഉൾപെടുത്തുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു. രാമന്റെയും സരയു ദേവിയുടെയും അനുഗ്രഹത്താൽ രാജ്യം േകോവിഡിൽ നിന്നും മുക്തി നേടുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. അതേസമയം മൃദു ഹിന്ദുത്വവാദിയാണെന്ന വിമർശനത്തിന് മറുപടിയുമായി കഴിഞ്ഞദിവസം കെജ്രിവാൾ തന്നെ രംഗത്തെത്തിയിരുന്നു. ഗോവ സന്ദർശനവേളയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഹിന്ദുവായതിനാലാണ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതെന്നും ആർക്കും തന്നെ എതിർക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

നിങ്ങൾ ക്ഷേത്രത്തിൽ പോകാറില്ലേ. താനും പോകാറുണ്ട്. ക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റൊന്നുമില്ല. ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങൾക്ക് സമാധാനം ലഭിക്കുന്നു. താൻ ഹിന്ദുവായതുകൊണ്ട് ക്ഷേത്രങ്ങളിൽ പോകുന്നു. തന്റെ ഭാര്യ ഗൗരീശങ്കർ ക്ഷേത്രത്തിൽ പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗോവയുടെ പദ്ധതികൾ അനുകരിക്കുകയാണെന്ന വിമർശനത്തെയും അദ്ദേഹം തള്ളി. ആംആദ്മി സർക്കാർ നടപ്പാക്കുന്ന പദ്ധതി അനുകരിക്കുകയാണ് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തെന്നാണ് കെജ്രിവാൾ പറയുന്നത്.

ചെന്നൈ : മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ. ഉത്തരവ് മരവിപ്പിച്ചതിൽ ഇടപെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തീരുമാനം തമിഴ്‌നാട് മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ പ്രശ്‌നത്തിനില്ല. വൈകാരിക വിഷയത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഉത്തരവ് മരവിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. 23 മരം മുറിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും ശ്രദ്ധയിൽപ്പെട്ട ഉടൻ ഉത്തരവ് മരവിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ നിലപാടിന് എതിരായ ഉദ്യോഗസ്ഥ നടപടി അംഗീകരിക്കില്ല. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആരുടെ മുന്നിലും മുട്ട് മടക്കേണ്ട സാഹചര്യമില്ല. ഒറ്റക്കെട്ടായി ജനങ്ങളെ സംരക്ഷിക്കും. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം, ഇതാണ് സർക്കാരിൻറെ നയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിക്കാനാണ് തമിഴ്‌നാടിന് അനുമതി നൽകിയിരുന്നത്. ഈ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരോട് വിശദീകരണം തേടാനാണ് സർക്കാരിന്റെ നീക്കം. വനം – ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സംസ്ഥാന സർക്കാർ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയ വിശദീകരണം.

ന്യൂഡൽഹി: ലോക നേതാക്കൾക്കിടയിൽ ഒന്നാമതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ലിസ്റ്റിലാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. ലോക നേതാക്കൾക്കിടയിൽ നിന്ന് 70 ശതമാനം റേറ്റിങ്ങോടെയാണ് മോദി പട്ടികയിൽ ഒന്നാമതെത്തിയത്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോണിങ് കൺസൾട്ട് ആണ് പട്ടിക തയ്യാറാക്കിയത്. കൂടുതൽ ജനസമ്മതിയുള്ള നേതാവാണ് മോദിയെന്നാണ് പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്നത്.

13 ലോകനേതാക്കളാണ് പട്ടികയിൽ ഇടംനേടിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മെക്സിക്കോയുടെ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ്. 66 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച റേറ്റിങ്. ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ദ്രാഘിയാണ് മൂന്നാംസ്ഥാനത്തുള്ളത്. ജോ ബൈഡൻ പട്ടികയിൽ ആറാം സ്ഥാനം കരസ്ഥമാക്കി. 44 ശതമാനം റേറ്റിംഗാണ് അദ്ദേഹത്തിന് ലഭിച്ചത്. ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊനാരോയാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്. 35 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച റേറ്റിങ്.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഒന്നരവർഷത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സ്വപ്‌നാ സുരേഷ് വിദഗ്ധ ചികിത്സയ്‌ക്കൊരുങ്ങുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നടത്താനാണ് സ്വപ്‌നാ സുരേഷിന്റെ തയ്യാറെടുപ്പുകൾ. നിലവിൽ വീട്ടിൽ വിശ്രമിക്കുകയാണ് സ്വപ്ന. ജയിലിലായ ശേഷമുണ്ടായ മാനസിക – ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ചശേഷം കേസുകളെ നേരിടാനും കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനുമാണ് സ്വപ്‌നയുടെ നീക്കം.

ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം സ്വപ്‌ന ഇതുവരെ മാദ്ധ്യമങ്ങളെ കണ്ടിട്ടില്ല. സ്വപ്‌നയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് മാദ്ധ്യമങ്ങൾ. സ്വപ്‌ന ഉടൻ മാദ്ധ്യമങ്ങളെ കാണുമെന്നാണ് അമ്മ പ്രഭ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ബന്ധുക്കളിൽ ചിലർ മാത്രമാണ് സ്വപ്നയെ വീട്ടിലെത്തി സന്ദർശിച്ചത്. പുറത്തു നിന്നുള്ളവരുമായി ഇതുവരെ സ്വപ്ന കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

കേസന്വേഷണവും കസ്റ്റഡിയും ജയിൽവാസവും സ്വപ്‌നയുടെ ആരോഗ്യസ്ഥിതി വഷളാക്കിയെന്നാണ് പ്രഭ പറയുന്നത്. ജയിൽ ഭക്ഷണത്തോടുള്ള അനിഷ്ടം ആഹാരത്തോട് വെറുപ്പുണ്ടാകാനും ശരീരം ക്ഷീണിക്കാനും കാരണമായെന്നും ജാമ്യം ലഭിക്കാൻ വൈകിയത് മാനസികപിരിമുറുക്കത്തിന് ഇടയാക്കിയെന്നും പ്രഭ വിശദമാക്കി. ഉറക്കകുറവ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും സ്വപ്‌നയ്ക്ക് ഉണ്ടായിരുന്നു. ഇവയ്ക്ക് പരിഹാരം കണ്ടശേഷം മാദ്ധ്യമങ്ങളെ കാണാനാണ് സ്വപ്‌ന തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

തൃശൂർ: ജനമൈത്രി പോലീസിന്റെ പൊതിച്ചോറിന് അഭിനന്ദനം അറിയിച്ച് സുരേഷ് ഗോപി. ദേശീയ പാതയിൽ കൊരട്ടി ജംഗ്ഷനിൽ ജനമൈത്രി പോലീസ് നടത്തി വരുന്ന പൊതിച്ചോറ് പദ്ധതിയെയാണ് അദ്ദേഹം അഭിനന്ദിച്ചത്.

ഒരു വർഷത്തോളമായി ജനമൈത്രി പോലീസ് പാഥേയം എന്ന പേരിൽ പൊതിച്ചോറ് പദ്ധതി നടത്തുന്നുണ്ട്. ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതിച്ചോറ് വയ്ക്കുകയും വിശക്കുന്നവർക്ക് ഭക്ഷണം കൊണ്ടുപോകുകയും ചെയ്യാം. നിരവധി പേരാണ് പൊതി വെയ്ക്കാനും എടുക്കാനുമായി ഇവിടെ എത്തുന്നത്. ഇതറിഞ്ഞാണ് സുരേഷ് ഗോപി പൊതിച്ചോറുമായി സ്ഥലത്ത് എത്തിയത്.

കൊണ്ടുവന്ന പൊതിച്ചോറുകൾ അദ്ദേഹം തന്നെ ഷെൽഫിൽ വെച്ചു. തിരികെ ഇറങ്ങി പോലീസുകാരോട് സിഐ എവിടെയാണെന്നും അദ്ദേഹം തിരക്കി. സിഐ സ്റ്റേഷനിൽ യോഗത്തിലാണെന്ന് എസ്ഐ എംവി തോമസ് സുരേഷ് ഗോപിയെ അറിയിച്ചു. ഇതോടെ സിഐ ബികെ അരുണിനായി കൊണ്ടുവന്ന പൊന്നാട അദ്ദേഹം എസ് ഐയെ ഏൽപ്പിച്ചു. ഒപ്പം ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആൾ അദ്ദേഹമല്ലേയെന്നും സുരേഷ് ഗോപി അറിയിച്ചു. ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താൻ നൽകാമെന്ന വാഗ്ദാനം നൽകിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. കോ ഓർഡിനേറ്റർമാരായ കെ.സി.ഷൈജു, സുന്ദരൻ പനംകൂട്ടത്തിൽ, കെ.എൻ.വേണു എന്നിവരാണ് പദ്ധതിയെ കുറിച്ച് സുരേഷ് ഗോപിയ്ക്ക് വിശദീകരിച്ച് നൽകിയത്.