മുല്ലപ്പെരിയാർ ഡാമിൽ മരംമുറിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടില്ല; അനുമതി നൽകാൻ നിർദ്ദേശിച്ചത് മേൽനോട്ട സമിതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിൽ മരംമുറിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടില്ല. ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ 2017 ൽ തമിഴ്നാട് നൽകിയ അപേക്ഷയിൽ സുപ്രീം കോടതിയിൽ ഇതുവരെയും കേരളത്തിന് ഒരു നിർദേശവും നൽകിയിട്ടില്ല. ബേബി അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി നൽകാൻ മേൽനോട്ടസമിതി കേരളത്തിന് നിർദ്ദേശം നൽകിയത്.

2006 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരുന്നത്. 2014 മെയ് ഏഴിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ നിലപാട് തന്നെ ഉന്നയിച്ചു. ഡാം ശക്തിപ്പെടുത്തിയതിന് ശേഷം ജലനിരപ്പ് 152 അടിവരെയായി ഉയർത്താമെന്ന 2006 ലെ ഉത്തരവിലെ നിലപാടാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. ഈ രണ്ട് വിധികളുടെയും അടിസ്ഥാനത്തിൽ ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തടസ്സപ്പെടുത്താൻ കേരളത്തിന് കഴിയില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ വാദം.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് ശക്തമാക്കാൻ മരങ്ങൾ മുറിക്കണം എന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യത്തോട് 2015 ൽ കേന്ദ്ര ജല കമ്മിഷൻ യോജിച്ചിരുന്നു. 2020 ജനുവരി 28 ന് ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ 13-ാമത് യോഗത്തിൽ മരം മുറിക്കുന്നതിനുള്ള അനുമതി നൽകണമെന്ന് കേരളത്തിന് ചെയർമാൻ നിർദ്ദേശം നൽകിയിരുന്നു. 2021 ഫെബ്രുവരിയിൽ ചേർന്ന മേൽനോട്ട സമിതി യോഗത്തിൽ എത്ര മരങ്ങൾ മുറിക്കണമെന്നതിന്റെ മാനദണ്ഡം കണക്കാക്കുന്നതിൽ സംസ്ഥാന വനം വകുപ്പിന് ആശയക്കുഴപ്പം ഉണ്ടെന്ന് കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് അവ്യക്തത നീക്കാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്താൻ മേൽനോട്ട സമിതി നിർദേശം നൽകി.