ചെന്നൈയിൽ കനത്ത മഴ; നൂറോളം പേരെ മാറ്റിപാർപ്പിച്ചു

ചെന്നൈ: ചെന്നൈയിൽ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ജലനിരപ്പ് ഉയർന്നതോടെ നഗരത്തിന് സമീപത്തെ മൂന്ന് ജലസംഭരണികൾ തുറന്നു. മറ്റൊരു പ്രളയമാണോ വരുന്നതെന്നാണ് ചെന്നൈയുടെ നിവാസികളുടെ ആശങ്ക. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശനം നടത്തി.

താഴ്ന്ന ചില പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും നൂറോളം പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. അവശ്യഘട്ടത്തിൽ നഗരത്തിലെ സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാനുള്ള നടപടികളും സർക്കാർ നടത്തുന്നുണ്ട്. ചെമ്പരാമ്പാക്കം, പൂണ്ടി, പുഴൽ ജലസംഭരണികളിൽ നിന്നും വെള്ളം തുറന്നു വിട്ടിരിക്കുകയാണ്.

അടുത്ത രണ്ടുദിവസം തമിഴ്നാട്ടിലെ വടക്ക് ഭാഗത്തെ തീരദേശ ജില്ലകളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അതേസമയം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെന്നൈ, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.