പഞ്ചാബിൽ ഇന്ധന വില കുറച്ചു; പെട്രോളിന് കുറച്ചത് പത്ത് രൂപ

ചണ്ഡിഗഢ്: പഞ്ചാബിൽ പെട്രോൾ വില കുറച്ച് സംസ്ഥാന സർക്കാർ. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. 70 വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിൽ വിലകുറയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി അറിയിച്ചു. വിലയിൽ വൻ കുറവുവരുത്തിയതോടെ നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ കിട്ടുക പഞ്ചാബിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ നീക്കം. നേരത്തെ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കുറച്ചതുവഴി പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് പത്ത് രൂപയും കുറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നിരവധി സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ചിരുന്നു.

അതേസമയം കേന്ദ്രനിർദേശം പോലെ ഇനിയും വില കുറയ്ക്കാനാവില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന്റെ നിലപാടിനെതിരെ കോൺഗ്രസും, ബി ജെ പിയും ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ്.