General (Page 1,341)

ചെന്നൈ: സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജയ്ഭീം. സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുന്ന മനുഷ്യന്റെ ഇച്ഛാശക്തിയാണ് സിനിമയിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രവുമായി സ്വാധീനമുള്ള ഒരു വ്യക്തിത്വമുണ്ട്. ജസ്റ്റീസ് ചന്ദ്രുവിന്റെ സ്വാധീനമാണ് സൂര്യയുടെ കഥാപാത്രത്തിൽ പ്രതിഫലിക്കുന്നത്. ചന്ദ്രു വക്കീലായിരുന്നപ്പോൾ ഉള്ള അനുഭവങ്ങളുടെ സ്പർശം സൂര്യയുടെ കഥാപാത്രത്തിന് ഉണ്ട്.

ഏഴുവർഷ കാലയളവിൽ 96,000 കേസുകൾ തീർപ്പാക്കിയ ഹൈക്കോടതി ജസ്റ്റിസ് ആയിരുന്നു ചന്ദ്രു. ഒരു ദിവസം 75 കേസുകൾ വരെ അദ്ദേഹം കേട്ടിരുന്നു. ചരിത്രപരമായ പല വിധികളും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ജനങ്ങളുടെ ജസ്റ്റിസെന്നു പേരെടുത്ത ഒരു ന്യായാധിപൻ കൂടിയായിരുന്നു അദ്ദേഹം. തനിക്ക് യാത്രയപ്പു ചടങ്ങുകൾ നടത്താൻ ഓർഡർ ഇടരുതെന്നായിരുന്നു ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് പടിയിറങ്ങുമ്പോൾ ചന്ദ്രു ചീഫ് ജസ്റ്റിന് അയച്ച കത്ത്. അവസാനത്തെ പ്രവൃത്തിദിവസം തന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ ഒരു കോപ്പി അദ്ദേഹം ചീഫ് ജസ്റ്റിസിനു നൽകിയിരുന്നു. ഇത്തരത്തിൽ നൽകാൻ തയ്യാറായ അപൂർവം ന്യായാധിപരിൽ ഒരാളായിരുന്നു അദ്ദേഹം. ഇറങ്ങുന്നതിനു മുൻപു അടുത്തുള്ള സംഗീത റസ്റ്റോറന്റിൽ പോയി അദ്ദേഹം ഒരു കാപ്പി കുടിച്ചു, അന്നു രാവിലെ തന്നെ ഔദ്യോഗികവാഹനം തിരിച്ചേൽപ്പിച്ചതിനാൽ ബീച്ച് സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറിയാണ് അദ്ദേഹം തിരിച്ചു വീട്ടിലേക്കു മടങ്ങിയത്.

ചേമ്പറിലേക്ക് കടന്നുവരുമ്പോൾ ഡഫേദാർ അധികാരത്തിന്റെ ദണ്ഡുമായി അകമ്പടി സേവിക്കുന്ന ആചാരം അദ്ദേഹം ഒഴിവാക്കിയിരുന്നു. സുരക്ഷയ്ക്കായി നൽകിയ സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഗൺമാനെ അദ്ദേഹം നിയോഗിച്ചിരുന്നില്ല, കാറിന്റെ മുകളിൽ ചുവന്ന ബീക്കൺ ലൈറ്റും അദ്ദേഹം പിടിപ്പിച്ചിരുന്നില്ല, വീട്ടിൽ സേവകരെയും അദ്ദേഹം നിയമിച്ചിരുന്നില്ല, അഭിഭാഷകരെ മൈ ലോർഡ് എന്നുവിളിക്കുന്നതിൽ നിന്നും അദ്ദേഹം വിലക്കിയിരുന്നു, വിരമിച്ച ശേഷം കമ്മീഷനോ ട്രൈബ്യുണലോ ഓംബുഡ്സ്മാനോ ഗവർണറോ ആവാൻ നിന്നില്ലെന്നുള്ളതാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പൂജാരികളാവാം, പൊതുശ്മശാനങ്ങളിൽ ജാതീയമായ വേർതിരിവുകൾ പാടില്ല, തുടങ്ങിയ സുപ്രധാന വിധികൾ ചന്ദ്രുവാണ് എഴുതിയത്.

ചന്ദ്രു ഇല്ലായിരുന്നെങ്കിൽ ജയ്ഭീം എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. ഇരുളർ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവിനെ തേടി ഹൈക്കോടതി വരെ എത്തിച്ചേരാൻ കഴിയുമായിരുന്നില്ല. ചന്ദ്രു ഇല്ലായിരുന്നെങ്കിൽ രാജാക്കണ്ണിന്റെ അനാഥമരണത്തിനു നീതി ലഭിക്കുകയോ പകരം നൽകാമെന്നു പറഞ്ഞ പണം വേണ്ടെന്നുവച്ചു തിരിഞ്ഞുനടക്കാനുള്ള ത്രാണി സെങ്കനിക്ക് ഉണ്ടാകുകയോ ചെയ്യുമായിരുന്നില്ല. പ്രതിഫലമില്ലാതെ സെങ്കനിയുടെ കേസ് നടത്തിയ, സ്വാധീനിക്കാൻ പണക്കെട്ടുമായി എത്തിയ ഏമാന്മാരെ പടിയിറക്കിവിട്ട വക്കീലാണ് ചന്ദ്രു.

ന്യൂഡൽഹി: ഫേസ്ബുക്ക് അധികം താമസിയാതെ ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുമെന്ന് റിപ്പോർട്ട്. ‘ഗാർഡിയൻ’ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടണിൽ ഒരുവിഭാഗം ഉപഭോക്താക്കളിൽ നിന്ന് കമ്പനി വൈകാതെ രണ്ട് ശതമാനം കമ്മീഷൻ വാങ്ങാൻ തീരുമാനിച്ചെന്നാണ് വിവരം. ഇന്ത്യയിൽ ഫീസ് ഈടാക്കുമോയെന്ന വിവരത്തിൽ വ്യക്തതയില്ല.

യുകെയിൽ ഫേസ്ബുക്കിന്റെ എതിരാളികളിൽ പലരും നിലവിൽ ഇത്തരത്തിൽ ഫീസ് ഈടാക്കി സേവനം നൽകുന്നുണ്ട്. അതിനാൽ രണ്ട് ശതമാനം മാത്രം ഫീസ് ഈടാക്കുന്ന തീരുമാനം നിലവിലെ കസ്റ്റമർമാരെ വലുതായി ബാധിക്കില്ലെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തൽ. കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ ഓൺലൈൻ വഴിയുളള വ്യാപാരം വർദ്ധിച്ചതുമാണ് കമ്മീഷൻ ഈടാക്കാൻ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചത്.

കമ്പനി ഉത്പന്നത്തിന്റെ വിതരണ നിരക്ക് ഉൾപ്പടെ ചേർത്താകും തങ്ങൾ കമ്മിഷൻ തീരുമാനിക്കുകയെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഇബെയ് പോലുളളവ കസ്റ്റമർമാർക്ക് സാധനങ്ങൾ ലിസ്റ്റ് ചെയ്യാനും വിൽക്കാനും ഫീസ് ഈടാക്കുന്നുണ്ട്.

തിരുവനന്തപുരം: ന്യൂനപക്ഷ കോർപ്പറേഷൻ ഭരണം മാണി ഗ്രൂപ്പിന് നൽകാൻ എൽഡിഎഫിൽ ധാരണ. ഐഎൻഎല്ലിന്റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് എൽഡിഎഫ് കേരളാ കോൺഗ്രസ് എം വിഭാഗത്തിന് നൽകുന്നത്. അഞ്ച് കോർപ്പറേഷൻ ബോർഡുകളാണ് കേരളാ കോൺഗ്രസിന് ലഭിക്കുന്നത്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് 80-20 അനുപാതവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ക്രിസ്ത്യൻ വിഭാഗത്തിനെ പ്രതിനിധാനം ചെയ്യുന്ന മാണി ഗ്രൂപ്പിന് ന്യൂനപക്ഷ കോർപ്പറേഷൻ നൽകിയത്.

ന്യൂനപക്ഷങ്ങളിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്ക് ന്യൂനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയ തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് വിവരം. ഐഎൻഎൽ എതിർപ്പ് മുന്നണിയെ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ന്യൂനപക്ഷ കോർപ്പറേഷൻ ഭരണം കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പരാതിയും എതിർപ്പുമില്ലെന്നാണ് ഐഎൻഎൽ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കുന്നത്. ഐഎൻ എൽ മുന്നണിക്ക് പുറത്തു നിൽക്കുമ്പോഴാണ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം എൽഡിഎഫ് നൽകിയത്. അതിന് ശേഷം മുന്നണിയുടെ ഭാഗമായപ്പോൾ മന്ത്രിസ്ഥാനം തന്നെ നൽകാൻ ഇടത് മുന്നണി തയ്യാറായി. കോർപ്പറേഷൻ പദവിയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്നും വിലപേശൽ ഐഎൻഎൽ നയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടിയേരി ബാലകൃഷ്ണനെ കണ്ട് പ്രതിഷേധം അറിയിച്ചെന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ചില ആവശ്യങ്ങൾക്ക് വേണ്ടി കോടിയേരിയെ കണ്ടുവെന്നും ചിലതെല്ലാം ഉന്നയിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്കൽ ഉത്തരവിൽ ജുഡീഷ്യൽ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ബേബി ഡാമിലെ മരം മുരിക്കൽ ഉത്തരവ് ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെയെന്നെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് മരംമുറിക്കലിന് അനുമതി എന്നതിന് തെളിവുണ്ടെന്നും തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

തമിഴ്നാടിന്റെ താത്പര്യങ്ങളെയാണ് സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നത്. മരംമുറിക്കലിന് അനുമതി നൽകിയത് കേരളത്തിലെ ജനങ്ങളെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നുമറിയാതെ മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് എ കെ ശശീന്ദ്രൻ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് വനംവകുപ്പിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഓഫിസുകൾ അറിഞ്ഞിരുന്നില്ലെന്നാണ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറയുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയുന്നതെന്നും അതിനാലാണ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചതെന്നും മന്ത്രി വിശദമാക്കി.

ഹുസ്റ്റൺ: സംഗീതനിശ കാണുവാൻ എത്തിയ ജനക്കൂട്ടത്തിൽ തിരക്കിൽപ്പെട്ട് എട്ടു പേർ മരിച്ചു. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. സംഗീതമേളയായ ആസ്‌ട്രോ വേൾഡിന്റെ തുടക്ക ദിവസത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പരിപാടിക്ക് എത്തിയ ജനക്കൂട്ടം, പരിപാടി നടക്കുന്ന വേദിക്ക് അരികിലെത്താൻ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തിൽ കലാശിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. വലിയ തോതിൽ മേഖലയിൽ തിക്കും തിരക്കും അനുഭവപ്പെടുകയും ഉന്തും തള്ളലും ഉണ്ടാകുകയും ചെയ്തു.

നിരവധി പേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും 17 പേരെ ഫയർ വിഭാഗം ആശുപത്രിയിൽ എത്തിച്ചു. ഇതിൽ 11 പേർക്ക് ഹൃദായാഘാതം സംഭവിച്ച അവസ്ഥയിലായിരുന്നു. ഏതാണ്ട് അൻപതിനായിരം പേരാണ് പരിപാടി സ്ഥലത്ത് എത്തിയത്. അമേരിക്കൻ റാപ്പർ ട്രെവിസ് സ്‌കോട്ട് ആയിരുന്നു ആസ്‌ട്രോവേൾഡിന്റെ ഉദ്ഘാടന പരിപാടി അവതരിപ്പിച്ചത്. സ്‌കോട്ട് വേദിയിൽ പാടുമ്പോഴാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഹൂസ്റ്റൺ പൊലീസ് വ്യക്തമാക്കി.

വാഷിംഗ്ടൺ: അമേരിക്കയിൽ കുട്ടികളിൽ കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. രണ്ട് മുതൽ 18 വരെ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിൻ ഉപയോഗിക്കുന്നതിനാണ് ഭാരത് ബയോടെക് അനുമതി തേടിയിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെനാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് അനുമതി തേടിയിരിക്കുന്നത്. ഭാരത് ബയോടെകിന്റെ കൊവാക്‌സിന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്.

രണ്ടു മുതൽ പതിനെട്ട് വയസിനിടയിലുള്ള 526 കുട്ടികളിൽ നടത്തിയ പീഡിയാട്രിക് ക്ലിനിക്കൽ ട്രയലിന്റെ അടിസ്ഥാനത്തിലാണ് ഒക്യുജെൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലെ പരീക്ഷണങ്ങളാണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്. കൊവാക്സിൻ സുരക്ഷ, പ്രതികരണം, പ്രതിരോധം എന്നിവ വിലയിരുത്തുന്നതിനാണ് പരീക്ഷണങ്ങൾ നടത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേർന്നാണ് ഭാരത് ബയോടെക് കൊവാക്സിൻ വികസിപ്പിച്ചത്.

തേനി: തമിഴ്‌നാട് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ. മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ച വിഷയത്തിലാണ് തമിഴ്‌നാട് സർക്കാരിനെതിരെ അണ്ണാ ഡിഎംകെ പ്രതിഷേധം ശക്തമാക്കിയത്. സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കെ അതിനും മുൻപേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെയാണ് അണ്ണാ ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീർ സെൽവം രംഗത്ത് എത്തിയത്.

കേരളത്തിന്റെ മുന്നിൽ തമിഴ്‌നാടിന്റെ അധികാരങ്ങൾ അടിയറവ് വയ്ക്കുകയാണ് ഡിഎംകെ സർക്കാരെന്ന് പനീർസെൽവം കുറ്റപ്പെടുത്തി. 142 അടി എത്തുന്നതിന് മുമ്പ് വെള്ളം ഒഴുക്കിവിട്ടത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. തമിഴ്‌നാട്ടിലെ കർഷകരെ സ്റ്റാലിൻ മറക്കുകയാണെന്നും കേരളവുമായി ഡിഎംകെ സർക്കാർ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാർ വിഷയം വലിയ സ്വാധീനം ചെലുത്തുന്ന തേനി, മധുര, ശിവഗംഗ, ദിണ്ടിഗൽ, രാമനാഥപുരം ജില്ലകളിൽ പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ജലനിരപ്പ് 142 അടി നിലനിർത്തണമെന്ന് ആവശ്യപ്പെട്ടായിരിക്കും അണ്ണാഡിഎംകെ പ്രതിഷേധം നടത്തുക.

ചെന്നൈ: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ വെട്ടിനീക്കാൻ തമിഴ്‌നാടിന് അനുമതി നൽകി കേരളം. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചതിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരളത്തിന് നന്ദി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തു. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാൻ തീരുമാനം സഹായിക്കുമെന്നാണ് സ്റ്റാലിൻ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടാനാണ് കേരളം തമിഴ്നാടിന് അനുമതി നൽകിയത്. ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനുള്ള തടസ്സം ഇതോടെ നീങ്ങിയെന്നും സ്റ്റാലിൻ കത്തിൽ പറഞ്ഞു. അതേസമയം ഡാമിലെ ജലനിരപ്പ് 152 അടിയാക്കുന്നതിനെ കുറിച്ച് സ്റ്റാലിന്റെ കത്തിൽ പരാമർശമില്ല. വണ്ടിപ്പെരിയാറിൽ നിന്ന് ഡാമിലേക്കുള്ള റോഡ് നന്നാക്കാനും അനുമതി വേണമെന്നും കത്തിൽ സ്റ്റാലിൻ അഭ്യർഥിച്ചിട്ടുണ്ട്. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കുമെന്ന് നേരത്തെ തമിഴ്നാട് മന്ത്രിമാർ വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ചു ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി റഷ്യ. നവംബർ 10 നാണ് അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ വേണ്ടി ഇന്ത്യ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുന്നത്. ഇറാനും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പാകിസ്താൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ചൈനയുടെ നിലപാടെന്താണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പാകിസ്താനൊപ്പം തജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയും അജിത് ഡോവൽ യോഗത്തിനായി ക്ഷണിച്ചിരുന്നു. താലിബാൻ കാബൂൾ പിടിച്ചതിന് ശേഷം അഫ്ഗാനുമായുള്ള നിലപാടിൽ പല രാജ്യങ്ങൾക്കുമിടയിൽ അവ്യക്തത തുടരുകയാണ്. അഫ്ഗാനിലെ താത്ക്കാലിക സർക്കാരിനെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഇന്ത്യയും താലിബാനോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭീകരസംഘടനകളെ നിയന്ത്രിക്കാൻ അഫ്ഗാനിലെ സംവിധാനത്തിന് കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കൂടിയാണ് സുരക്ഷ വിലയിരുത്താനുള്ള യോഗം ചേരുന്നത്.

മേഖലയിലെ സമാധാന നീക്കങ്ങൾക്ക് തടസം നിന്നത് ഇന്ത്യയാണെന്നും അതിനാൽ സഹകരിക്കില്ലെന്നുമാണ് പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫ് അറിയിച്ചിരിക്കുന്നത്. പാകിസ്താന്റെ തീരുമാനത്തിൽ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അഫ്ഗാനിസ്താന് അമ്പതിനായിരം ടൺ ഗോതമ്പ് അയക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അയ്യായിരം ട്രക്കുകൾ പാകിസ്താൻ വഴി അഫ്ഗാനിസ്താനിൽ എത്തിക്കണം. എന്നാൽ ട്രക്കുകൾ കടന്നുപോകാൻ ഇതുവരെ പാകിസ്താൻ അനുവാദം നൽകിയിട്ടില്ല. മാനുഷിക പരിഗണന നൽകി എടുക്കുന്ന തീരുമാനം പോലും പാകിസ്ഥാൻ മുടക്കുന്നു എന്നാണ് ഇന്ത്യയുടെ വിമർശനം.

തിരുവനന്തപുരം: ജോലിക്കെത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഗതാഗത മന്ത്രി ആന്റണി രാജു. എറണാകുളത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞത് പ്രാകൃത നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാരെ തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പണിമുടക്കുന്നത് പോലെ പണിയെടുക്കാനും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ഡയസ്‌നോൺ പുറപ്പെടുവിച്ചിട്ടില്ല. ഡയസ്‌നോൺ മാനേജ്മെന്റ് പ്രഖ്യാപിച്ചതാണെന്നും നടപ്പാക്കാൻ സർക്കാർ നിർദ്ദേശം വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി തകർന്നാൽ ആദ്യം ദുരന്തം അനുഭവിക്കുന്നത് ജീവനക്കാരാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി സി.എം.ഡി നൽകിയരുന്ന നിർദ്ദേശം. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ അയക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെ.എസ്.ആർ.ടി.സിയി ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.