തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിലെ മരം മുറിക്കാൻ അനുമതി നൽകിയതിൽ പ്രതികരണവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് ഗൗരവ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമാണ്. അതിനാൽ ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം ഇന്ധന നികുതി കുറക്കേണ്ടതില്ല. കേരളത്തിൽ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനെക്കാൾ 1 ശതമാനം നികുതി ഇടത് സർക്കാർ കുറക്കുകയും ചെയ്തു. കൂട്ടിയവർ കുറക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. എന്നാൽ ഈ തീരുമാനം മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. അസാധാരണ നടപടിയാണ് ഉണ്ടായതെന്നും അതിനു പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.
ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി യോഗം വിളിച്ചത് അനുസരിച്ചാണു തീരുമാനമെന്നാണ് വനം ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ഏതു സാഹചര്യത്തിലായാലും ഇത്തരം പ്രധാന കാര്യങ്ങൾ ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞാൽപോര. സർക്കാരിനു മുകളിലാണ് ഉദ്യോഗസ്ഥരെന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

