General (Page 1,332)

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടുന്നതിന് ഓർഡിനൻസുകളുമായി കേന്ദ്ര സർക്കാർ. ഇതിനായി രണ്ട് ഓർഡിനൻസുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ രണ്ടു വർഷമാണ് സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർമാരുടെ കാലാവധി.

ഡൽഹി സ്പെഷ്യൽ പോലീസ് (എസ്റ്റാബ്ലിഷ്മെന്റ്) ഓർഡിനൻസ്, 2021, സെൻട്രൽ വിജിലൻസ് കമ്മീഷൻ (ഭേദഗതി) ഓർഡിനൻസ്, 2021 എന്നീ രണ്ട് ഓർഡിനൻസുകളും ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് നിയമ-നീതി മന്ത്രാലയം അറിയിക്കുന്നത്. കാലാവധി അവസാനിക്കുന്നത് മുൻപ് ഡയറക്ടർമാരെ സ്ഥാനത്ത് ിന്നും നീക്കാൻ കഴിയില്ലെങ്കിലും ഓർഡിനൻസ് പ്രകാരം രണ്ടു വർഷ കാലാവധിയ്ക്ക് ശേഷം ഓരോ വർഷങ്ങളിലായി മൂന്ന് തവണ വരെ ഡയറക്ടർമാരുടെ കാലാവധി നീട്ടി നൽകാൻ കഴിയും.

അഞ്ച് വർഷം വരെ സിബിഐ, ഇഡി മേധാവികളായി തുടരാൻ ഓർഡിനൻസിലൂടെ കഴിയും. പൊതു താത്പര്യം മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അല്ലെങ്കിൽ ബന്ധപ്പെട്ട സമിതിയുടെ ശുപാർശ ലഭിക്കണം. അഞ്ച് വർഷം പൂർത്തിയാക്കിയാൽ പിന്നീട് കാലാവധി നീട്ടി നൽകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പ്രതിപക്ഷത്തെ നേതാക്കളെയും മുൻ കേന്ദ്രമന്ത്രിമാരെയും ലക്ഷ്യം വെച്ച് അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.

കൊല്ലം: വളർത്തു മൃഗങ്ങൾക്ക് യജമാനനോടുള്ള അടുപ്പം എത്രത്തോളമാണെന്ന് പലപ്പോഴും പറഞ്ഞറിയിക്കാൻ കഴിയാറില്ല. അത്തരത്തിലൊരു കഥയാണ് കൊല്ലത്ത് നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലം സ്വദേശി ദിവാകരനും അദ്ദേഹത്തിന്റെ അർജു എന്ന നായയും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ചാണ് റിപ്പോർട്ട്. മരിച്ചു പോയ യജമാനനെ കാത്ത് ചിതയൊരുക്കിയ സ്ഥലത്തിരിക്കുന്ന അർജു കണ്ടു നിൽക്കുന്നവരുടെയെല്ലാം കണ്ണു നിറയ്ക്കുകയാണ്. ദിവാകരന്റെ വിയോഗം ഇതുവരെ അർജുവിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

കുഴിമാടത്തിൽ നട്ട തെങ്ങിൻതൈയുടെ അരികിൽ ദിവാകരന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് അവൻ ഇപ്പോഴും. ദിവാകരന്റെ സംസ്‌കാരം കഴിഞ്ഞ് ദിവസങ്ങളായിട്ടും ചിതയൊരുക്കിയ സ്ഥലത്ത് തന്നെയാണ് അർജു കഴിയുന്നത്. കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശി ദിവാകരൻ ഈ മാസം ഒന്നാം തിയതിയാണ് മരിച്ചത്. ഏതു നേരവും ദിവാകരന്റെ കൂടെ തന്നെയായിരുന്നു അർജു.

ദിവാകരന്റെ കുടുംബത്തിൽ ഒരാളെ പോലെ തന്നെയായിരുന്നു അർജുവും. ആരെയും അവൻ ഉപദ്രവിക്കാറുമില്ല. പകൽ സമയത്ത് അഴിച്ചു വിടുമ്പോൾ അർജ നേരെ പോകുന്നത് ദിവാകരന് ചിതയൊരുക്കിയ സ്ഥലത്തേക്കാണ്. അവിടെ അവൻ മണ്ണോട് ചേർന്ന് കിടക്കും. ദിവകാരന്റെ മരണശേഷം കുറച്ച് ദിവസത്തേയ്ക്ക് അർജു ആഹാരം പോലും കഴിച്ചിരുന്നില്ല. പിന്നീട് മുറികളിലൊക്കെ കയറി ഇറങ്ങി നടക്കും. ഇപ്പോൾ ദിവസങ്ങളായി കുഴിമാടത്തിന് അരികിൽ നിന്ന് മാറാതെ കിടക്കകയാണെന്നും വീട്ടുകാർ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കാസർകോട്, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. മഹാത്മാ ഗാന്ധി സർവ്വകലാശാലയും കേരളാ സർവകലാശാലയും തിങ്കളാഴ്ച്ച നടത്തേണ്ടിയിരുന്ന പരീക്ഷകളും മാറ്റിവെച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച അവധിയായിരിക്കുമെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 15 ന് അവധിയായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളിൽ ലഭ്യമാക്കേതാണെന്നാണ് നിർദ്ദേശം. കാസർകോട് ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും കോളേജുകൾക്ക് അവധി ബാധകമല്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ തിങ്കളാഴ്ച്ച സ്‌കൂളുകൾ പ്രവർത്തിക്കില്ലെന്ന് ജില്ലാ കളക്ടർവ്യക്തമാക്കി. എന്നാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമാണ് തിങ്കളാഴ്ച്ച ഉണ്ടായിരിരിക്കുക. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്. വിദ്യാർത്ഥികളുടെ യാത്രയും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിനായി പണം അനുവദിച്ച് സർക്കാർ. 60 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ചൊവ്വാഴ്ച മുതൽ കെഎസ്ആർടിസി ജിവനക്കാർക്ക് ശമ്പളം വിതരണം ചെയ്യും.

ഇന്ധന ചിലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ 80 കോടി രൂപയിൽ നിന്നും 60 കോടി കെഎസ്ആർടിസിക്ക് നൽകിയത്. 24 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നു കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് വിതരണം ചെയ്യും.

കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ ഈ മാസം തന്നെ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു. കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്ന് ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ഈ മാസം ചെലവഴിച്ചത്.

ന്യൂഡൽഹി: രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവർഹർലാൽ നെഹ്റുവിന്റെ ജന്മവാർഷിക ദിനത്തിൽ പാർലമെന്റിൽ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാതെ മുതിർന്ന കേന്ദ്രമന്ത്രിമാർ. നടപടിയിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് രംഗത്തെത്തി. ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. പാർലമെന്റിന്റെ സെന്റർ ഹാളിൽ നെഹ്റുവിന്റെ ജന്മവാർഷിക പരിപാടിയിൽ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്നാണ് ജയറാം രമേശ് പ്രതികരിച്ചത്. ലോക്സഭാ സ്പീക്കർ പരിപാടിയിൽ പങ്കെടുത്തില്ല. രാജ്യസഭാ അധ്യക്ഷനും സന്നിഹിതനല്ലായിരുന്നു. ഒരൊറ്റ കേന്ദ്ര മന്ത്രിയും ചങ്ങിൽ പങ്കെടുത്തില്ല. ഇതിലും മോശമായി കാര്യങ്ങൾ ചെയ്യാനാകുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

നടപടയിൽ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയനും രംഗത്തെത്തി. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെും പാർലമെന്റ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ മഹത്തായ സ്ഥാപനങ്ങളെ ബിജെപി ഭരണം ഒരു ദിവസം ഒന്നിച്ച് നശിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

എല്ലാവർഷവും നെഹ്റുവിന്റെ ജന്മവാർഷിക ദിനത്തിൽ പാർലമെന്റിലെ സെന്റർഹാളിലെ അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിങ് വർമ, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവരാണ് പങ്കുചേർന്നത്. അതേസമയം പ്രധാനമന്ത്രി നകേന്ദ്ര മോദി ജവഹർലാൽ നെഹ്‌റുവിന് ആദരവ് അർപ്പിച്ചിരുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ഓണറബിൾ മെൻഷൻ പുരസ്‌കാരം നേടിയ കാർട്ടൂണിനെതിരെ പ്രതിഷേധവുമായി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് കാർട്ടൂണിനെതിരെ രംഗത്തെത്തിയത്. കോവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് എന്ന തലക്കെട്ടിൽ വരച്ച കാർട്ടൂണിൽ ഇന്ത്യയുടെ പ്രതിനിധിയായി സ്ഥലത്ത് കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതാണ് പ്രതിഷേധം ഉയരാൻ കാരണം. ഇംഗ്ലണ്ട്, ചൈന, യുഎസ്എ പ്രതിനിധികൾക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി ചിത്രീകരിച്ചിരിക്കുന്നത്.

മിതമായ ഭാഷയിൽ പറഞ്ഞാൽ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നതെന്ന് സുരേന്ദ്രൻ വിമർശിച്ചു. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തയ്യാറായാൽ അതിനെ എതിർക്കാൻ നാടിനെ സ്‌നേഹിക്കുന്നവർക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഉത്തരവാദികളെ സമൂഹം വെറുതെ വിടുമെന്നു കരുതേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരം നേടി എം മുകുന്ദൻ. ‘ഡൽഹി’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘Delhi: A Soliloquy’യ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ജെസിബി സാഹിത്യ പുരസ്‌കാരം ഏർപ്പെടുത്തിയത്.

പൂർണ്ണമായും ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജെസിബി സാഹിത്യ പുരസ്‌കാരം നൽകുന്നത്. 2018 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

ഡൽഹി എന്ന പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ഫാത്തിമ ഇ വി, നന്ദകുമാർ കെ തുടങ്ങിയവർ ചേർന്നാണ്. നോവൽ വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. അധികാരസിരാ കേന്ദ്രമായ ഡൽഹിയുടെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ ഇന്നേവരെ അവിടെയുണ്ടായ സംഭവ പരമ്പരകളെയും അടിസ്ഥാനമാക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്.

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. 40 സെന്റിമീറ്ററാണ് ഉയർത്തുന്നത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവിൽ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലർട്ടാണ് ഇടുക്കി ഡാമിൽ നിലനിൽക്കുന്നത്. 2399.03 അടി ആയാൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 140 അടിയായാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ ദിവസം മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ചുരാചന്ദ്പ്പൂർ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും മണിപ്പൂർ നാഗാ ഫ്രണ്ടും. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണിത്. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുസംഘടനകളും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് രംഗത്തെത്തിയത്.

മണിപ്പൂരിലെ ചുർചൻപുരിൽ നടന്ന ഭീകരാക്രമണത്തിൽ കേണലും കുടുംബവും ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. 46 അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ വിപ്ലവ് ത്രിപാഠിയും കുടുംബവുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വാഹന വ്യൂഹത്തിന് നേരെ ഭീകരർ ഐഇഡി ആക്രമണമാണ് നടത്തിയത്.

ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു. വീരമൃത്യു വരിച്ച സൈനികർക്കും കേണൽ വിപ്ലവ് ത്രിപാഠിയുടെ ഭാര്യക്കും മകനും ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചു.

ന്യൂഡൽഹി: മണിപ്പുരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈനികരുടെ ജീവത്യാഗം ഒരിക്കലും രാജ്യം മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുഃഖത്തിന്റെ ഈ വേളയിൽ മരിച്ചവരുടെ കുടുംബത്തോടൊപ്പം അവരുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മണിപ്പൂരിലെ ചുർചൻപുരിൽ നടന്ന ഭീകരാക്രമണത്തിൽ കേണലും കുടുംബവും ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. അതേസമയം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഭീകരാക്രമണത്തെ അപലപിച്ചു. വീരമൃത്യു വരിച്ച സൈനികർക്കും കേണൽ വിപ്ലവ് ത്രിപാഠിയുടെ ഭാര്യക്കും മകനും ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം അറിയിച്ചു. കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. ശനിയാഴ്ച രാവിലെ പത്തോടെയാണ് സൈനികർക്ക് നേരെ ആക്രമണം ഉണ്ടായത്. 46 അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ വിപ്ലബ് ത്രിപാഠിയും ഭാര്യയും മകളും ആക്രമണത്തിൽ കൊല്ലപ്പെട്ടു.