എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടും

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടുന്നതിന് ഓർഡിനൻസുകളുമായി കേന്ദ്ര സർക്കാർ. ഇതിനായി രണ്ട് ഓർഡിനൻസുകളാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ രണ്ടു വർഷമാണ് സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർമാരുടെ കാലാവധി.

ഡൽഹി സ്പെഷ്യൽ പോലീസ് (എസ്റ്റാബ്ലിഷ്മെന്റ്) ഓർഡിനൻസ്, 2021, സെൻട്രൽ വിജിലൻസ് കമ്മീഷൻ (ഭേദഗതി) ഓർഡിനൻസ്, 2021 എന്നീ രണ്ട് ഓർഡിനൻസുകളും ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് നിയമ-നീതി മന്ത്രാലയം അറിയിക്കുന്നത്. കാലാവധി അവസാനിക്കുന്നത് മുൻപ് ഡയറക്ടർമാരെ സ്ഥാനത്ത് ിന്നും നീക്കാൻ കഴിയില്ലെങ്കിലും ഓർഡിനൻസ് പ്രകാരം രണ്ടു വർഷ കാലാവധിയ്ക്ക് ശേഷം ഓരോ വർഷങ്ങളിലായി മൂന്ന് തവണ വരെ ഡയറക്ടർമാരുടെ കാലാവധി നീട്ടി നൽകാൻ കഴിയും.

അഞ്ച് വർഷം വരെ സിബിഐ, ഇഡി മേധാവികളായി തുടരാൻ ഓർഡിനൻസിലൂടെ കഴിയും. പൊതു താത്പര്യം മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അല്ലെങ്കിൽ ബന്ധപ്പെട്ട സമിതിയുടെ ശുപാർശ ലഭിക്കണം. അഞ്ച് വർഷം പൂർത്തിയാക്കിയാൽ പിന്നീട് കാലാവധി നീട്ടി നൽകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പ്രതിപക്ഷത്തെ നേതാക്കളെയും മുൻ കേന്ദ്രമന്ത്രിമാരെയും ലക്ഷ്യം വെച്ച് അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.