തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിനായി പണം അനുവദിച്ച് സർക്കാർ. 60 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ചൊവ്വാഴ്ച മുതൽ കെഎസ്ആർടിസി ജിവനക്കാർക്ക് ശമ്പളം വിതരണം ചെയ്യും.
ഇന്ധന ചിലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ 80 കോടി രൂപയിൽ നിന്നും 60 കോടി കെഎസ്ആർടിസിക്ക് നൽകിയത്. 24 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നു കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് വിതരണം ചെയ്യും.
കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ ഈ മാസം തന്നെ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു. കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്ന് ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ഈ മാസം ചെലവഴിച്ചത്.

