General (Page 1,331)

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ യോഗമാണ് വിളിച്ചു ചേർക്കേണ്ടത്. വായു മലിനീകരണം കുറയ്ക്കാൻ ഫലപ്രദമായ മാർഗങ്ങൾ തേടണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.

അതേസമയം വായു മലിനീകരണം നേരിടാൻ ലോക്ക ഡൗൺ പ്രായോഗികമല്ലെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിൽ എതിർപ്പില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ മാത്രമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കരുത്. ഡൽഹിക്കൊപ്പം അയൽ സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കർഷകർ വൈക്കോൽ കത്തിക്കുന്നതല്ല മലിനീകരണത്തിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വായു മലിനീകരണത്തിൽ 10 ശതമാനത്തിന് താഴെ മാത്രമേ വൈക്കോൽ കത്തിക്കുന്നതിലൂടെ കാരണമാകുന്നുള്ളൂവെന്നും ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുതെന്ന് ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മലിനീകരണം അടിയന്തിരമായി കുറക്കാനുള്ള സംവിധാനങ്ങൾ എന്താണെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചു. എന്തെങ്കിലും മെഷീനുകൾ വേണമെങ്കിൽ വാങ്ങണം, ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ ഇക്കാര്യങ്ങളിൽ ഡൽഹി സർക്കാരാണ് മറുപടി പറയേണ്ടതെന്ന് കേന്ദ്രം വിശദമാക്കി. മലിനീകരണം തടയുന്നതിൽ രാഷ്ട്രീയമില്ലെന്നും റോഡിലെ പൊടിയാണ് മലിനീകരണത്തിന്റെ ഒരു കാരണമെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: രാജ്യത്ത് അനിയന്ത്രിതമായ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച ചർച്ച നടത്തിയത്. അമിതവാഗ്ദാനങ്ങൾ നൽകിയും സുതാര്യമല്ലാത്തതുമായ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും യുവജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് അവസാനമുണ്ടാക്കണമെന്നായിരുന്നു യോഗത്തിൽ ഉയർന്നു വന്ന ആവശ്യം. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനുള്ള സാമ്പത്തിക സ്രോതസായും ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ.

വികസിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്ന നിലയിൽ ക്രിപ്റ്റോ കറൻസിക്ക് മേൽ ശക്തമായ നിരീക്ഷണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ആർ.ബി.ഐയും, ധനമന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ക്രിപ്റ്റോ കറൻസിയും അനുബന്ധ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

അതേസമയം രാജ്യാതിർത്തികൾക്കും അപ്പുറം വ്യാപിക്കുന്ന ഒരു പ്രശ്നമായതിനാൽ വിദഗ്ദരും മറ്റ് ഓഹരി ഉടമകളുമായും സർക്കാർ നിരന്തരം ചർച്ചകൾ നടത്തുമെന്നാണ് വിവരം. അതിനായി അഗോള പങ്കാളിത്തവും കൂട്ടായി രൂപീകരിച്ച തന്ത്രങ്ങളും വേണമെന്ന അഭിപ്രായവുപം യോഗത്തിൽ ഉയർന്നു വന്നു. ആർ.ബി.ഐയും ക്രിപ്റ്റോ കറൻസിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസിയിലെ നിക്ഷേപകരുടെ എണ്ണത്തിലും അവർ അവകാശപ്പെടുന്ന വിപണി മൂല്യത്തിലും ആർ.ബി.ഐ സംശയം ഉന്നയിക്കുന്നു. ഒരു കേന്ദീകൃതബാങ്കിന്റേയും നിയന്ത്രണത്തിലല്ലാത്ത ക്രിപ്റ്റോ കറൻസി ഏത് സാമ്ബത്തിക വ്യവസ്ഥക്കായാലും ഭീഷണിയാണെന്നും ആർബിഐ അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വരാനൊരുങ്ങി കോടിയേരി ബാലകൃഷ്ണൻ. ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാന ഘടകത്തിന് സ്വീകരിക്കാമെന്നാണ് പാർട്ടി പൊളിറ്റ് ബ്യുറോ നിർദ്ദേശിക്കുന്നത്. തീരുമാനം എന്തായാലും കേന്ദ്ര നേതൃത്വത്തെ അറിയിച്ചാൽ മതിയെന്നന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച തീരുമാനവും സംസ്ഥാന ഘടകങ്ങൾക്ക് എടുക്കാം. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തീരുമാനമെടുത്ത ശേഷം ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കണമെന്നും പിബി നിർദ്ദേശം നൽകി. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ രാജിവെച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മാറി നിന്നതെങ്കിലും മകന്റെ ജയിൽവാസവും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നെന്ന് കോടിയേരി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

കോടിയേരി മാറി നിന്നതിനെ തുടർന്ന് എൽ.ഡി.എഫ് കൺവീനറായ എ വിജയരാഘവന് സെക്രട്ടറിയുടെ അധിക ചുമതല നൽകി. ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരാനൊരുങ്ങുന്നത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതും തിരിച്ചു വരവിന് കാരണമായി.

ന്യൂഡൽഹി: തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികളിലെ യാത്ര ‘സസ്യഭക്ഷണ സൗഹൃദ’മാക്കാനൊരുങ്ങി ഐആർസിടിസി. തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന തീവണ്ടികളിൽ ‘സാത്വിക് സർട്ടിഫൈഡ്’ ഭക്ഷണം ലഭ്യമാക്കാനാണ് തീരുമാനം. സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സസ്യഭക്ഷണത്തിന് നിലവാര സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനമാണ് സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ. മാംസം, മത്സ്യം, മുട്ട, ആൽക്കഹോൾ, നിക്കോട്ടിൻ തുടങ്ങിയവയൊന്നും ഇല്ലാത്ത പൂർണ സസ്യഭക്ഷണ ഉൽപന്നങ്ങൾക്കാണ് സാത്വിക് സർട്ടിഫിക്കറ്റ് നൽകുന്നത്. സസ്യഭക്ഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാത്വിക് പ്രവർത്തിക്കുന്നത്.

തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്ന തീവണ്ടികളിൽ സസ്യഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഐആർസിടിസിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സാത്വിക് അറിയിച്ചിരിക്കുന്നത്. നവംബർ 15 മുതൽ സാത്വിക് സർട്ടിഫിക്കേഷൻ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ട്രെയിൻ സർവ്വീസുകളിലെ സസ്യഭക്ഷണ വിഭവങ്ങളുടെ കൈപ്പുസ്തകവും തയ്യാറാക്കും. ഐആർസിടിസി ഡൽഹിയിൽ നിന്ന് കത്രയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ സാത്വിക് സർട്ടിഫൈഡ് ഭക്ഷണം ലഭ്യമാക്കും.

18 തീവണ്ടികളിൽ പദ്ധതി നടപ്പിലാക്കും. ഐആർസിടിസിയുടെ പാചകശാലകൾ കൂടാതെ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ബഡ്ജറ്റ് ഹോട്ടലുകൾ, ഫുഡ് പ്ലാസകൾ, ട്രാവൽ-ടൂർ പാക്കേജുകൾ, റെയിൽനീർ പ്ലാന്റുകൾ എന്നിവയ്ക്കും സാത്വിക് സർട്ടിഫിക്കറ്റ് നൽകും.

കൊച്ചി: കേരളത്തെ രാജ്യത്തെ തന്നെ പാരിസ്ഥിതിക സൗഹൃദ നിക്ഷേപ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി ആസ്ഥാനമായി ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫിനാൻസ് മീഡിയ പ്ലാറ്റ്‌ഫോമായ മൈഫിൻ പോയിന്റിന്റെ ഓഫീസിന്റെയും സ്റ്റുഡിയോ കോപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ അതിവേഗം മാറുകയാണ്. ഈ രംഗത്ത് ഒരോ പുതിയ സാധ്യത വരുകയും അത് അതിവേഗം കാലഹരണപ്പെടുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഉൾക്കൊള്ളാൻ മാത്രമുള്ള വഴക്കം സംവിധാനങ്ങൾക്കുണ്ടോ എന്നതാണ് വിജയത്തിന് ആധാരമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മാദ്ധ്യമങ്ങൾക്കെതിരെ മന്ത്രി വിമർശനം ഉന്നയിക്കുകയും ചെയ്തു. കേരളത്തെ ആഗോളത്തലത്തിൽ പോസിറ്റിവ് ആയി ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് താത്പര്യമില്ല. വിവാദ നിർമാണ ഫാക്ടറികളാണ് മിക്കവാറും മാധ്യമങ്ങളും. പോസിറ്റീവ് വാർത്തകൾ പാർശ്വവത്കരിക്കപ്പെടുകയും ഒറ്റപ്പെട്ട സംഭവങ്ങൾ പൊതുവത്കരിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. കേരളത്തിന് എതിരായ വാർത്തകൾ ഏത് ഭാഷയിലും ഉടൻ വിവർത്തനം ചെയ്ത് കൊടുക്കുന്ന രീതിയിലാണ് കാര്യങ്ങൾ. ഇത്തരം രീതികളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് മൈഫിൻ പോയിന്റിനെ പരാമർശിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.

കാലഘട്ടം ആവശ്യപ്പെടുന്ന നിർണായക വിഷയങ്ങളാണ് മൈഫിൻ കൈകാര്യം ചെയ്യുന്നതെന്ന് മൈഫിൻ ലോഗോ റിലീസ് ചെയ്തുകൊണ്ട് എറണാകുളം എം പി ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു. വിവിധ കാർഷിക മേഖലകളെ ഏകീകരിക്കാൻ പറ്റുന്ന വിധത്തിൽ കർഷകർക്ക് വേണ്ടത്ര സാങ്കേതിക പിന്തുണ വേണമെന്നും അദ്ദേഹം വിശദമാക്കി. കോവിഡിന് ശേഷം ഓഹരി നിക്ഷേപകരുടെ കാര്യത്തിൽ കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൽ ഐ സി മുൻ എം ഡിയും മുംബൈ സ്റ്റോക് എക്‌സേഞ്ച് ഡയറക്ടറും മൈഫിൻ ഉപദേശക സമിതി ചെയർമാനുമായ ടി സി സുശീൽ കുമാർ വിശദീകരിച്ചു. വിപണിയിലെ നിക്ഷേപകരുടെ എണ്ണത്തിലെ വർധന സാധാരണക്കാരന്റെ ജീവിതത്തിലെ ഇതിന്റെ സ്വാധീനമാണ് കാണിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്.ഡി.പി.ഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സിപിഐഎമ്മും സംരക്ഷിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. പൊലീസ് കൂടി ചേർന്നാണ് ഇവർക്ക് സംരക്ഷണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ദിവസത്തിനുള്ളിൽ 2 ആർ.എസ്.എസ് പ്രവർത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനമില്ലാത്ത സ്ഥലങ്ങളിൽ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിസ്ഥാനത്ത് എസ് ഡി പി ഐയാണെന്ന് തുറന്നു പറയാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. പൗരൻമാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നതെന്നും വർഗീയ സംഘങ്ങളുമായി സിപിഎം ചങ്ങാത്തത്തിലാണെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ ഇടപെട്ടില്ലെങ്കിൽ ചെറുത്ത് നിൽപ്പിന് വേണ്ടി ബി ജെ പിക്ക് മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും എസ് ഡി പി ഐയുടെ ആക്രമണത്തെ ജനങ്ങളെ ഉപയോഗിച്ച് തങ്ങൾ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് പാലക്കാട് മാമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ റോഡിലിട്ട് ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊന്നത്. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. രാഷ്ട്രീയ വൈര്യാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. എസ് ഡി പിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പാലക്കാട്: ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു. പാലക്കാട് മാമ്പറത്താണ് സംഭവം. ഭാര്യയുടെ കൺമുന്നിൽ വച്ച് ആർ എസ് എസ് പ്രവർത്തകനെ അക്രമികൾ കൊലപ്പെടുത്തിയത്. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്.

കാറിൽ എത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞു നിർത്തി സഞ്ജിത്തിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആളുകൾ നോക്കി നിൽക്കെയായിരുന്നു സംഭവം. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയ വൈര്യാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. എസ് ഡി പിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി. പ്രദേശത്തുണ്ടായിരുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് കൊലപാതകമെന്നാണ് പോലീസിന്റെ സംശയം.

സഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിത നീക്കമായിരുന്നുവെന്നാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം. പത്ത് ദിവസത്തിനകം സംസ്ഥാനത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാർ പ്രവർത്തകനാണ് സഞ്ജിത്ത്. പ്രതിസ്ഥാനത്ത് എസ് ഡി പി ഐയാണെന്ന് തുറന്നു പറയാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. പൗരൻമാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നതെന്നും വർഗീയ സംഘങ്ങളുമായി സിപിഎം ചങ്ങാത്തത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഇടപെട്ടില്ലെങ്കിൽ ചെറുത്ത് നിൽപ്പിന് വേണ്ടി ബി ജെ പിക്ക് മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും എസ് ഡി പി ഐയുടെ ആക്രമണത്തെ ജനങ്ങളെ ഉപയോഗിച്ച് തങ്ങൾ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഖ്നൗ: 2022 ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യമില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.

എല്ലാ സീറ്റുകളിലും കോൺഗ്രസ് നേതാക്കളെ മാത്രമേ മത്സരിപ്പിക്കൂവെന്നും പ്രിയങ്ക അറിയിച്ചു. ബുലന്ദേശ്വറിൽ കോൺഗ്രസ് പ്രതിജ്ഞ സമ്മേളനത്തിൽ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മറ്റൊരു പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ് ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദേശ്വർ തുടങ്ങിയ 14 ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങൾ ചർച്ചചെയ്യാൻ സംഘടിപ്പിച്ച യോഗത്തിൽ നിരവധി നേതാക്കൾ പ്രിയങ്ക ഗാന്ധിയോട് അഭ്യർത്ഥിച്ചത്.

യു.പി നിയമസഭ സീറ്റുകളിൽ കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് നാമനിർദ്ദേശം ചെയ്യുകയെന്നും കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗൽ പ്രസ്താവിച്ചതിന് പിന്നാലെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുന്നതാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രഖ്യാപനം.

ലക്‌നൗ: ഗ്രീക്ക് ഭരണാധിപനായ അലക്സാണ്ടറിനെ മഹാനെന്ന് വാഴ്ത്തുന്നതിനെതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലക്‌സാണ്ടറെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി ചന്ദ്രഗുപ്ത മൗര്യയെ മഹാനായി വാഴ്ത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്‌നൗവിൽ നടന്ന സാമാജിക് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രകാരൻമാർ ഇക്കാര്യത്തിൽ മൗനം പാലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അലക്‌സാണ്ടറിന്റെ മരണശേഷം, ഗ്രീക്ക് ചക്രവർത്തി ഭരിച്ചിരുന്ന പ്രദേശങ്ങൾ ചന്ദ്രഗുപ്ത മൗര്യൻ ഏറ്റെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനിലെ ബാമിയാനിലെ 2500 വർഷം പഴക്കമുള്ള ബുദ്ധന്റെ പ്രതിമ താലിബാൻ തകർത്തതിനെ കുറിച്ചും യോഗി ആദിത്യനാഥ് സംസാരിച്ചു. 20 വർഷങ്ങൾക്ക് മുൻപാണ് താലിബാൻ ബുദ്ധന്റെ പ്രതിമ തകർത്തത്. ബുദ്ധൻ ഒരിക്കലും ലോകത്തിന്മേൽ യുദ്ധം അടിച്ചേൽപ്പിച്ചിട്ടില്ലെന്നും എല്ലായ്‌പ്പോഴും മാനവികതയ്ക്ക് പ്രചോദനവും ഭക്തിയുടെ കേന്ദ്രവുമായിരുന്നു അദ്ദേഹമെന്നും യോഗി പറഞ്ഞു. ലോകസമാധാനത്തിനായി നിലകൊള്ളുന്നയാരും ബുദ്ധപ്രതിമ തകർത്ത താലിബാൻ പ്രവൃത്തി മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vaccine

ദുബായ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും. ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂറാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന വാക്‌സിനുകൾക്ക് യുഎഇയും അംഗീകാരം നൽകുന്നതായി അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് യുഎഇയും അറിയിച്ചിട്ടുണ്ട്. വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവിലിയനിൽ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കവെയാണ് പവൻ കപൂർ ഇക്കാര്യങ്ങൾ വിശദമാക്കിയത്.

സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശ കാര്യ മന്ത്രി എസ്.ജയ്ശങ്കർ വെളിപ്പെടുത്തി. എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ആ സാഹചര്യം മാറി സാധാരണ നിലയിലുള്ള സർവീസ് ആരംഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.